രാജധർമം മറന്നവർക്കൊപ്പം മാധ്യമധർമം മറന്നവരും
പരസ്പരം പോരടിക്കുന്ന കുക്കി-മെയ്തെയ് വിഭാഗങ്ങളിലെ ക്രൈസ്തവരുടെ വീടുകളും പള്ളികളും കത്തിച്ചു ചാന്പലാക്കുന്ന തിലായിരുന്നു മെയ്തെയ് വിഭാഗത്തിന്റെ പ്രത്യേക ശ്രദ്ധ.
അതിലൊന്നും യാതൊരു വർഗീയതയുമില്ലെന്ന്് അവകാശപ്പെട്ടിരുന്ന പലരും പിന്നീട് നിലപാട് മാറ്റിയെങ്കിലും ഇപ്പോഴുമുണ്ട് അത്തരം രാഷ്ട്രീയത്തെ താലോലിക്കുന്നവർ.
മണിപ്പുർ സർക്കാർ മെയ്തെയ്കൾക്കൊപ്പം നിന്നു കുക്കികളെ ദ്രോഹിക്കുകയാണെന്നു കലാപം തുടങ്ങിയതുമുതൽ പ്രമുഖ മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ചൂണ്ടിക്കാണിച്ചതിനെ ശരിവയ്ക്കുന്നതു മാത്രമല്ല, കുറ്റകരമായ ആ പക്ഷംചേരലിൽ ഒരുവിഭാഗം മാധ്യമങ്ങളും പങ്കെടുത്തുവെന്ന നടുക്കുന്ന റിപ്പോർട്ടാണ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇജിഐ) പുറത്തുവിട്ടിരിക്കുന്നത്.
കുക്കികൾക്കെതിരേ മാത്രമല്ല, കുക്കിമേഖലകളിൽ വിന്യസിച്ച ആസാം റൈഫിൾസിനെതിരേയും വാർത്ത പ്രസിദ്ധീകരിക്കുന്നതിൽ ഈ മാധ്യമങ്ങൾ മുന്നിലായിരുന്നുവത്രേ. ആസാം റൈഫിൾസിനെതിരേ പിന്നീട് പോലീസ് ക്രിമിനൽ കേസുമെടുത്തു. ഒരവിശുദ്ധ കൂട്ടുകെട്ടിന്റെ ദുർഗന്ധമാണ് മണിപ്പുരിൽനിന്ന് ഉയരുന്നത്. ബിജെപി സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനെ വിട്ടുകളയാം. പക്ഷേ, മണിപ്പുരിലെ ആ മാധ്യമങ്ങൾക്കു ലജ്ജയില്ലേ? രാജധർമം മറന്നവർക്കൊപ്പം മാധ്യമധർമം മറന്നവരും കൈകോർക്കുകയോ?
മണിപ്പുരിൽ നീതിയും സമാധാനവും അട്ടിമറിക്കപ്പെട്ടതിന്റെ ഉത്തരവാദികളിൽ ചോരക്കറ പുരണ്ട കൈകളുമായി നിൽക്കുന്ന മാധ്യമങ്ങളുമുണ്ടെന്നാണ് ഇജിഐ ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിന്റെ സൂചന.
ഏഴു വയസ്സുള്ള കുക്കി ബാലനെ മെയ്തെയ് ആൾക്കൂട്ടം ആക്രമിച്ച വാർത്ത രാജ്യത്തെ നടുക്കിയതാണെങ്കിലും മണിപ്പുരിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയെയും അമ്മയെയും ഒപ്പമുണ്ടായിരുന്ന ആളെയും ആംബുലൻസിൽ ജീവനോടെ കത്തിച്ച ഭീകരസംഭവം മറച്ചുവച്ചു. അതേസമയം, കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിൽ മ്യാൻമർ പൗരൻമാർക്ക് ചികിത്സ നൽകിയെന്ന വ്യാജ വാർത്ത പുറത്തുവിട്ടു. പരിക്കേറ്റ കുക്കി വംശജരെയാണ് ഈ വിധം മ്യാൻമാർ പൗരന്മാരായി ചിത്രീകരിച്ചത്.
ഗ്വാൾട്ടബിയിലെ ഒരു ക്ഷേത്രം കുക്കി തീവ്രസംഘടനകൾ അശുദ്ധമാക്കിയെന്നായിരുന്നു മറ്റൊരു വാർത്ത. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രദേശത്ത് കുക്കി സംഘടനകളുടെ സാന്നിധ്യം പോലുമില്ലെന്നും തിരുത്തിയത് ആസാം റൈഫിൾസാണ്. സേനയ്ക്ക് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും അടുത്ത ബന്ധമുണ്ടെന്നു കാണിക്കുന്ന വാർത്തകൾപോലും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. സംഘർഷ സാധ്യതയുണ്ടാക്കുന്നതും സമാധാനം അസാധ്യമാക്കുന്നതും വസ്തുതാ വിരുദ്ധവുമായ വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെതിരേ ഇന്ത്യൻ ആർമി തങ്ങൾക്കു കത്തയച്ചതായും എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ടിൽ പറയുന്നു.
കുക്കി സംഘടനകളുമായി ഏർപ്പെട്ടിരുന്ന വെടിനിർത്തൽ കരാറിൽനിന്ന് കലാപത്തിനു രണ്ടു മാസം മുന്പ് ബിരേൻ സിംഗ് സർക്കാർ പിന്മാറിയതിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന മീര പൈബീസ് എന്ന വനിതാ സംഘടന കലാപ സമയത്ത് കുക്കികൾക്കെതിരേ അക്രമം അഴിച്ചുവിടുകയായിരുന്നു.
വിളക്കേന്തിയ വനിതകൾ എന്നറിയപ്പെട്ടിരുന്ന ആ സംഘടനയിലെ വനിതകൾ കുക്കി വനിതകളെ മാനഭംഗപ്പെടുത്താൻ യുവാക്കളോട് ആവശ്യപ്പെടുന്ന വീഡിയോകളെക്കുറിച്ചും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഏകപക്ഷീയമായ റിപ്പോർട്ടിംഗിനൊപ്പം സർക്കാരിന്റെ ഇന്റർനെറ്റ് നിരോധനവും കൂടിയായപ്പോൾ കലാപം സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ സംസ്ഥാനത്തിന് പുറത്തേക്ക് എത്തിയില്ല. തെറ്റായ വാർത്തകൾ കലാപം ആളിക്കത്തിക്കുകയും ചെയ്തു. അക്രമങ്ങൾ വംശീയ മുൻവിധിയോടെയും പക്ഷപാതപരമായും കൈകാര്യം ചെയ്ത മാധ്യമങ്ങളെക്കുറിച്ച് 24 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത് മാധ്യമപ്രവർത്തകരായ ഭരത് ഭൂഷൺ, സീമ ഗുഹ, സഞ്ജയ് കപൂർ എന്നിവരടങ്ങിയ മൂന്നംഗ വസ്തുതാന്വേഷണ സംഘമാണ്.
മന്ത്രിമാരിലും ജനപ്രതിനിധികളിലും സർക്കാർ ഉദ്യോഗസ്ഥരിലും പോലീസിലും മേൽക്കൈയുള്ള മെയ്തെയ് വിഭാഗത്തിനൊപ്പം മാധ്യമങ്ങളും കുക്കികൾക്കെതിരേ നിലകൊണ്ടെങ്കിൽ അതു യാദൃച്ഛികമാണെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. സുപ്രീംകോടതിയുടെ ഇടപെടൽ നിഷ്പക്ഷ അന്വേഷണത്തിനു കാരണമായേക്കാം എന്ന പ്രതീക്ഷ മാത്രമാണ് അവശേഷിക്കുന്നത്. പരസ്പരം പോരടിക്കുന്ന കുക്കി-മെയ്തെയ് വിഭാഗങ്ങളിലെ ക്രൈസ്തവരുടെ വീടുകളും പള്ളികളും കത്തിച്ചു ചാന്പലാക്കുന്നതിലായിരുന്നു മെയ്തെയ് വിഭാഗത്തിന്റെ പ്രത്യേക ശ്രദ്ധ. അതിലൊന്നും യാതൊരു വർഗീയതയുമില്ലെന്ന്് അവകാശപ്പെട്ടിരുന്ന പലരും പിന്നീട് നിലപാട് മാറ്റിയെങ്കിലും ഇപ്പോഴുമുണ്ട് അത്തരം രാഷ്ട്രീയത്തെ താലോലിക്കുന്നവർ.
ഇംഫാൽ താഴ്വരയിൽ വംശീയ ഉന്മൂലനം പൂർത്തിയാക്കി ഒരൊറ്റ കുക്കി കുടുംബവും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയത് ശനിയാഴ്ചയാണ്. സുരക്ഷാ പ്രശ്നം പറഞ്ഞാണ് അവരെ ഇംഫാലിൽനിന്നു നീക്കിയതെങ്കിലും ഇനിയൊരിക്കലും തിരിച്ചെത്താനാകുമെന്ന് അവർ കരുതുന്നില്ല. അവിശ്വസനീയമായ അനീതിയും അപമാനവുമാണ് ഇംഫാലിൽ സംഭവിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉള്ളപ്പോൾ ഇതൊക്കെ നടന്നതും ചില മാധ്യമങ്ങൾ ധർമം മറന്നതുമാണ് അതിലും വലിയ അപമാനം.