ഇന്ത്യയുടെ സൂര്യനമസ്കാരം
സൗര ദൗത്യത്തിനൊപ്പം ശുക്രനിലേക്കുള്ള ദൗത്യത്തിന്റെ പ്രവർത്തനങ്ങളും ഐഎസ്ആർഒ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നും അനന്തവും അജ്ഞാതവും അവർണനീയവുമായ
പ്രപഞ്ചത്തിന്റെ വലിപ്പത്തെയും സങ്കീർണതകളെയും പരിഗണിച്ചാൽ തൊട്ടടുത്തുള്ള ചെറിയ യാഥാർഥ്യങ്ങളെ അടുത്തറിയാനുള്ള ശ്രമങ്ങൾ മാത്രമാണ് ഭൂവാസികൾക്കു സാധ്യമായിട്ടുള്ളത്.
ചന്ദ്രന്റെ മണ്ണിൽ തൊട്ടു ദിവസങ്ങൾക്കകം ഇന്ത്യ സൂര്യനെ കുറച്ചുകൂടി അടുത്തെത്തി നിരീക്ഷിക്കാനുള്ള ശ്രമത്തിനും തുടക്കമിട്ടിരിക്കുന്നു. രാജ്യത്തിന്റെ പ്രഥമ സൗര പര്യവേക്ഷണദൗത്യമായ ആദിത്യ എൽ 1 എന്ന ഉപഗ്രഹവുമായി ശനിയാഴ്ചയാണ് ശ്രീഹരിക്കോട്ടയിൽനിന്ന് പിഎസ്എൽവി സി-57 കുതിച്ചുയർന്നത്. 125 ദിവസങ്ങളിലെ വിവിധ ഘട്ടങ്ങൾ കടന്ന് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാൻജിന്റെ ഭ്രമണപഥത്തിലെത്തിയാൽ സൗരോപഗ്രഹം വിക്ഷേപിച്ച നാലാമത്തെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ അതിന്റെ വിജയപഥത്തിൽ പുതിയൊരധ്യായംകൂടി എഴുതിച്ചേർക്കും. ശാസ്ത്രലോകത്തിന്റെ ഈ സൂര്യനമസ്കാരം അറിവിന്റെയും പുരോഗതിയുടെയും വിനയാന്വിതമായ ആത്മവിശ്വാസത്തിന്റെയും പുത്തൻ ഭ്രമണപഥങ്ങളിൽ നമ്മെ എത്തിക്കട്ടെ.
ഭൂമിയിൽനിന്നു 15 കോടിയോളം കിലോമീറ്റർ അകലെയുള്ള സൂര്യന്റെ നൂറിലൊന്ന് ദൂരത്തേക്കു മാത്രമാണ് ആദിത്യ എത്തുന്നത്. അതായത്, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാൻജിൽ. അവിടെനിന്നാണ് പിന്നെയും നൂറിരട്ടി ദൂരെയുള്ള സൂര്യനെക്കുറിച്ച് ആദിത്യ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നത്; കാന്പിൽ 1.5 കോടി ഡിഗ്രി സെൽഷസിൽ കത്തുന്നതും ഉപരിതലത്തിൽ 5,700 ഡിഗ്രി സെൽഷസിലേറെ ചൂടുള്ളതുമായ അഗ്നികുണ്ഡത്തെക്കുറിച്ച്. അങ്ങനെ പ്രപഞ്ചരഹസ്യങ്ങളിലേക്ക് അടുക്കാനുള്ള മനുഷ്യരാശിയുടെ കഠിനപ്രയത്നത്തിൽ ഇന്ത്യയും പങ്കാളിയായിരിക്കുന്നു. അത്, അടക്കാനാവാത്ത സത്യാന്വേഷണത്തിന്റെ ഭാഗവും അതിജീവനത്തിന്റെ അവശ്യഗവേഷണവുമാണ്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൗര പര്യവേക്ഷണപേടകമായ "ആദിത്യ എൽ 1' ശനിയാഴ്ച രാവിലെ 11.50നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു കുതിച്ചുയർന്നത്. ബംഗളൂരുവിലെ ഗ്രൗണ്ട് സ്റ്റേഷനിലുള്ള ശാസ്ത്രജ്ഞരാണ് ആദിത്യയെ നിയന്ത്രിക്കുന്നത്. 16 ദിവസം ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിൽ ഉണ്ടാകും. അഞ്ചു തവണയായി ഭ്രമണപഥം ഉയർത്തിയശേഷമാണ് ഒന്നാം ലഗ്രാൻജിനെ ചുറ്റുന്ന സാങ്കൽപിക ഭ്രമണപഥത്തിലെത്തുന്നത്. കുറഞ്ഞത് അഞ്ചു വർഷം ആദിത്യ ജോലികൾ നിർവഹിക്കും.
ലഗ്രാൻജിൽനിന്നു ദിവസവും അയച്ചുതരുന്ന ഫോട്ടോകളെ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ നിഗമനങ്ങളിലെത്തുന്നത്. ഏഴു പഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന ആദിത്യയുടെ പ്രധാന ഗവേഷണം സൗരവാതത്തെക്കുറിച്ചാണ്. പുറംഭാഗമായ കൊറോണയിൽ ചൂടു കൂടുന്ന സമയത്ത് സൂര്യന്റെ ഗുരുത്വാകർഷണവലയം ഭേദിച്ചു സൗരയൂഥത്തിൽ വ്യാപിക്കുന്ന പ്ലാസ്മ കണികകളായ സൗരവാതത്തിന് നമ്മുടെ വൈദ്യുതിശൃംഖലകളെയും ഇന്റർനെറ്റിനെയും ഇൻഫർമേഷൻ സംവിധാനങ്ങളെയും തകരാറിലാക്കാൻ കഴിയും.
പല തവണ ഇതു ഭൂമിയിൽ സംഭവിച്ചിട്ടുമുണ്ട്. കൊറോണയെക്കുറിച്ചു പഠിക്കുന്നതിനുള്ള ഉപകരണമായ വിസിബിൾ എമിഷൻ ലൈൻ കൊറോണ ഗ്രാഫ് (വിഇഎൽസി) 250 ഡിഗ്രി സെൽഷസ് ചൂടിനെവരെ അതിജീവിക്കാൻ ശേഷിയുള്ളതാണ്. സൂര്യന്റെ ഉപരിതലത്തിലെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരക്കൊടുങ്കാറ്റിന്റെ ഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ആദിത്യ നിർവഹിക്കും. സൂര്യന്റെ പുറംഭാഗത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾ ഭൂമിയിലെ കാലാവസ്ഥയെക്കുറിച്ചു പഠിക്കുന്നതിനും പ്രവചനങ്ങൾ കൂടുതൽ കൃത്യതയുള്ളതാക്കുന്നതിനും സഹായകമാകും. സഞ്ചരിച്ച പാതയെക്കുറിച്ചും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്തക്കുറിച്ചും അവിടെയുള്ള കണങ്ങളെക്കുറിച്ചും ആദിത്യ വിവരങ്ങൾ നൽകും.
സൗരദൗത്യത്തിനൊപ്പം ശുക്രനിലേക്കുള്ള ദൗത്യത്തിന്റെ പ്രവർത്തനങ്ങളും ഐഎസ്ആർഒ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നും അനന്തവും അജ്ഞാതവും അവർണനീയവുമായ പ്രപഞ്ചത്തിന്റെ വലിപ്പത്തെയും സങ്കീർണതകളെയും പരിഗണിച്ചാൽ തൊട്ടടുത്തുള്ള ചെറിയ യാഥാർഥ്യങ്ങളെ അടുത്തറിയാനുള്ള ശ്രമങ്ങൾ മാത്രമാണ് ഭൂവാസികൾക്കു സാധ്യമായിട്ടുള്ളത്.
പക്ഷേ, സൂര്യനെക്കുറിച്ചുള്ള ആദിത്യയുടെ കണ്ടെത്തലുകൾ പ്രപഞ്ചരഹസ്യങ്ങളുടെ പല വാതിൽക്കോട്ടകൾ തുറക്കാനുള്ള താക്കോൽക്കൂട്ടങ്ങളിലൊന്നായേക്കാം. സൂര്യനെക്കുറിച്ചറിയാൻ അമേരിക്കയും ജപ്പാനും യൂറോപ്യൻ യൂണിയനും ചൈനയുമൊക്കെ നടത്തിയിട്ടുള്ള ശ്രമങ്ങൾക്കും ഗവേഷണഫലങ്ങൾക്കുമൊപ്പം ഇന്ത്യയും അഭിമാനപൂർവം അണിചേരുകയാണ്.
മനുഷ്യരാകട്ടെ, വസ്തുവാകട്ടെ, പ്രപഞ്ച പ്രതിഭാസങ്ങളാകട്ടെ അടുത്തറിയുംതോറുമാണ് സത്യം വെളിപ്പെടുന്നതെന്നുകൂടി സൗരദൗത്യം ഓർമിപ്പിക്കുന്നുണ്ട്. ആകാശത്തേക്കു മാത്രമല്ല, നമുക്കു ചുറ്റുമുള്ള യാഥാർഥ്യങ്ങളെയും അടുത്തുനിന്നു നോക്കിയാൽ അറിയാനും തിരുത്താനും ഏറെയുണ്ടെന്നാണ് ബഹികാശത്തുനിന്ന് ആദിത്യൻ പറയുന്നത്.