അഴിമതിക്കാരല്ലാത്തവർ കൈക്കൂലിക്കാരെ തളയ്ക്കട്ടെ
സംസ്ഥാനത്തെ വരുമാനത്തിന്റെ സിംഹഭാഗവും ശന്പളമായി വാങ്ങുന്നവർ പിന്നെയും പിടിച്ചുപറിക്കാനിറങ്ങിയാൽ തളയ്ക്കണം. അഴിമതിക്കാരല്ലാത്ത ഭരണാധികാരികളും ശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങളുമുണ്ടെങ്കിൽ ഒരു കൈക്കൂലിക്കാരനും സർവീസിൽ ഉണ്ടാകില്ല.
കൈക്കൂലിവാർത്തകളില്ലാതെ മലയാളിയുടെ ഒരു ദിവസവും കടന്നുപോകുന്നില്ല. വാർത്തകളിൽ തെളിയുന്നതിന്റെ ആയിരമായിരം മടങ്ങാണ് കേരളത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒതുക്കത്തിൽ നടക്കുന്നത്. വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ നോട്ടുകെട്ടുകൾ കാന്തമുപയോഗിച്ച് ഒളിവിടങ്ങളിലേക്ക് എറിഞ്ഞുപിടിപ്പിക്കുന്നു. പാലക്കാട്ട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് പണത്തിനു പുറമേ വാങ്ങിയത് പുളിയും തേനും പേനയും തുണിയുമൊക്കെ. തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടറുടെ വീട്ടിൽ പണം ചാക്കിൽ കെട്ടി വച്ചിരിക്കുന്നു. 12 ലക്ഷത്തിന്റെ ബില്ല് പാസാക്കാൻ തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർക്കു കൊടുക്കേണ്ടത് ഒരു ലക്ഷം. കേരളത്തിലെ ഓരോ വ്യക്തിയുടെയും മനസിലുണ്ടാകും കൈക്കൂലി കൊടുക്കാത്തതിനാൽ നരകിപ്പിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മുഖം. പക്ഷേ, നാടു നശിപ്പിച്ച കൈക്കൂലിക്കാരിൽ എത്ര പേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിന് പുറത്തു പറയാൻ കൊള്ളാവുന്ന ഉത്തരമില്ല. അറുതിയില്ലാത്ത ഈ മാറാരോഗത്തിന്റെ കാരണങ്ങളിലൊന്ന് അതാണ്.
ഗോവിന്ദാപുരം ആർടിഒ ചെക്ക് പോസ്റ്റിൽ ഇന്നലെ പുലർച്ചെ നടത്തിയ റെയ്ഡിൽ വിജിലൻസ് 16,450 രൂപ പിടികൂടി. രണ്ടര മണിക്കൂർ നേരത്തേ കൈക്കൂലി. അതേസമയം, 25 മണിക്കൂറിനിടെ അവിടെനിന്നു സർക്കാർ ഖജനാവിലേക്കു കിട്ടിയതാകട്ടെ 12,900 രൂപ. എന്നുവച്ചാൽ സർക്കാരിലേക്കു ലഭിക്കുന്നതിന്റെ 10 ഇരട്ടിയിലേറെ തുക കൈക്കൂലി. ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫീസ് മുറിയിലും വണ്ടിക്കാർ നൽകുന്ന ഓറഞ്ചും ആപ്പിളുമൊക്കെ കണ്ടെത്തി. സ്നേഹപൂർവം തരുന്നതാണ് എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. വാളയാർ ചെക്ക് പോസ്റ്റിൽ ഇത്തരം സ്നേഹസമ്മാനങ്ങൾ പിടികൂടി ദിവസങ്ങൾക്കുള്ളിലാണ് ഗോവിന്ദാപുരത്ത് വിജിലൻസ് എത്തിയത്.
വാളയാറിൽ നോട്ടുകെട്ടുകൾ റബർ ബാൻഡ് ഉപയോഗിച്ചു കാന്തവുമായി ചേർത്തു കെട്ടും. റെയ്ഡിന്റെ സംശയം തോന്നിയാൽ അതെടുത്തെറിയും. ചെക്ക് പോസ്റ്റ് കണ്ടെയ്നറിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ കാന്തം കൂട്ടി എറിയുന്ന പണം ഇരുന്പുപ്രതലത്തിൽ പിടിച്ചിരുന്നുകൊള്ളും. നോട്ടീസുകളിൽ പൊതിഞ്ഞ് നോട്ടുകൾ വെറുതെയിടുന്ന പതിവും വാളയാറിലുണ്ട്.
പാലക്കാട് ജില്ലയിലെ പാലക്കയം വില്ലേജ് ഓഫീസിൽ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ അഴിമതിക്കഥ കേട്ടു ജനം മൂക്കത്തു വിരൽ വച്ചത് മേയ് 28നാണ്. 35 ലക്ഷം രൂപ, 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ്, 17 കിലോ നാണയങ്ങൾ, ഷർട്ടുകൾ, മുണ്ടുകൾ, ചാക്കു നിറയെ കുടംപുളി, 10 ലിറ്റർ തേൻ, പേനകൾ എന്നിങ്ങനെ അയാളുടെ താമസസ്ഥലം കൈക്കൂലി വസ്തുക്കളുടെ ഗോഡൗണായിരുന്നു. ശന്പളമായി അക്കൗണ്ടിലെത്തിയ 25 ലക്ഷത്തോളം രൂപ പിൻവലിച്ചിട്ടേയില്ല. റവന്യു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം പാലക്കയത്ത് കൂട്ടം സ്ഥലംമാറ്റം നടത്തിയിട്ടുണ്ട്.
ജൂലൈ 15നാണ് കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ തിരുവനന്തപുരത്ത് പിടിയിലായത്. 12 ലക്ഷത്തിന്റെ പരസ്യബില്ലുകൾ മാറാൻ ഒരു ലക്ഷം രൂപ ചോദിച്ചതിൽ രണ്ടാമത്തെ ഗഡുവായി 30,000 വാങ്ങുന്നതിനിടെയാണ് ഉദയകുമാർ ഒരു ക്ലബ്ബിൽനിന്നു പിടിയിലായത്.
തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ഷെറി ഐസക് സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് കഴിഞ്ഞ മാസം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിക്ക് ശസ്ത്രക്രിയ ചെയ്യുന്നതിന് 3,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് കുടുങ്ങിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിനു രൂപയാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
ഇപ്പറഞ്ഞതൊക്കെ അടുത്തയിടെ പിടിയിലായ ചിലരുടെ കൗതുകവാർത്തകളാണ്. ആയിരക്കണക്കിന് ഉദ്യോഗസ്ഥർ പിടിയിലാകാതെ ഈ കൊള്ള തുടരുകയാണ്. നേരിട്ടല്ല പലരും കൈക്കൂലി വാങ്ങുന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനു കൊടുക്കേണ്ടതുകൂടി ചേർത്താണ് ഡ്രൈവിംഗ് സ്കൂളുകാർ ലൈസൻസ് എടുക്കാനെത്തുന്നവരിൽനിന്നു ഫീസ് വാങ്ങുന്നത്. ആധാരമെഴുത്ത് ഒാഫീസുകളിൽ വാങ്ങുന്ന ഫീസുകളിൽ രജിസ്ട്രാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കുള്ള കൈമടക്കും ചേർത്തിട്ടുണ്ടെന്നുള്ളത് പണ്ടേയുള്ള ആരോപണമാണ്. പിഡബ്ല്യുഡി ഉൾപ്പെടെയുള്ള പല ഓഫീസുകളിലും ഉന്നതർക്കുവേണ്ടി പണം വാങ്ങുന്നതും വീതം വയ്ക്കുന്നതും പ്യൂൺ തസ്തികയിലുള്ളവരൊക്കെയാണ്. പല ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നത് പുറത്ത് ഹോട്ടലുകളിലും മറ്റ് സ്വകാര്യ ഇടങ്ങളിലുമാണ്. ബാറിൽ ഇടപാടുകൾ തീർക്കുന്നതു വേറെ.
കൈക്കൂലി കൊടുക്കുന്നവരിൽ ലക്ഷത്തിൽ ഒരാൾപോലും പരാതി കൊടുക്കാറില്ല. അറസ്റ്റ് ചെയ്യപ്പെടുന്നവർ ശിക്ഷിക്കപ്പെടുകയും ജോലിയിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്താൽ അഴിമതിക്കാരുടെ എണ്ണം കുറയുമെന്നതിൽ സംശയം വേണ്ട. നിർഭാഗ്യവശാൽ അവരിലേറെയും സർവീസിൽ തിരിച്ചു കയറുന്നതും പ്രമോഷനോടെ വിരമിക്കുന്നതുമാണ് കാണുന്നത്. സസ്പെൻഷൻ കാലയളവിലെ ശന്പളവും ചിലർക്കു ലഭിക്കും. സേവനങ്ങൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ഓൺലൈനിലൂടെ സാധിക്കാവുന്നതെല്ലാം അങ്ങനെ തന്നെ ലഭ്യമാക്കുകയും വേണം.
സംസ്ഥാനത്തെ വരുമാനത്തിന്റെ സിംഹഭാഗവും ശന്പളമായി വാങ്ങുന്നവർ പിന്നെയും പിടിച്ചുപറിക്കാനിറങ്ങിയാൽ തളയ്ക്കണം. അഴിമതിക്കാരല്ലാത്ത ഭരണാധികാരികളും ശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങളുമുണ്ടെങ്കിൽ ഒരു കൈക്കൂലിക്കാരനും സർവീസിൽ ഉണ്ടാകില്ല. അത്തരമൊരു മാവേലി നാടുവാഴുന്നത് സങ്കൽപമായി അവശേഷിക്കുമോ?