അധോലോകത്തും നിർമിതബുദ്ധി
പരിചയമില്ലാത്തവർ വീഡിയോ, ഓഡിയോ കോളിലൂടെ സാന്പത്തിക സഹായത്തിനായി അഭ്യർഥന നടത്തിയാൽ പ്രതികരിക്കരുതെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദർഭങ്ങളിൽ കേരള സൈബർ ഹെൽപ് ലൈൻ നന്പറായ 1930ൽ അറിയിക്കണം.
മനുഷ്യബുദ്ധിയെ തോൽപ്പിക്കുമെന്നു പ്രതീക്ഷിക്കുകയും ഒപ്പം ഭയപ്പെടുകയും ചെയ്യുന്ന നിർമിതബുദ്ധി (എഐ) കേരളത്തിൽ അധോലോക സാന്നിധ്യമറിയിച്ചിരിക്കുന്നു. പരിചയക്കാരന്റെ മുഖം നിർമിതബുദ്ധിയിലൂടെ വ്യാജമായി സൃഷ്ടിച്ചു നടത്തിയ വീഡിയോ കോളിലൂടെയാണ് കോഴിക്കോട് സ്വദേശിയുടെ പണം കുറ്റവാളികൾ തട്ടിയെടുത്തത്. നഷ്ടപ്പെട്ടതു തിരിച്ചുപിടിക്കാൻ പോലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗത്തിനു കഴിഞ്ഞത് പ്രതീക്ഷ നൽകുന്നുണ്ട്. പക്ഷേ, എപ്പോഴുമിത് സാധ്യമാകണമെന്നില്ല. വീഡിയോ കോളിൽ നേരിട്ടു സംസാരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെപ്പോലും സംശയിക്കേണ്ടിവരുന്നത് അസ്വാസ്ഥ്യതാജനകമാണ്; സംശയിച്ചില്ലെങ്കിൽ എന്തും സംഭവിക്കാമെന്നതു യാഥാർഥ്യവും.
കോഴിക്കോട് സ്വദേശി രാധാകൃഷ്ണനോടു സാന്പത്തികസഹായം ചോദിച്ച് പഴയൊരു സുഹൃത്ത് വാട്സാപ്പ് വീഡിയോ കോളിൽ ബന്ധപ്പെട്ടതോടെയാണ് തുടക്കം. മുഖത്തോടു മുഖം നോക്കി സംസാരിച്ചതിനാൽ സംശയമൊന്നും തോന്നിയില്ല. പക്ഷേ, നിർമിതബുദ്ധിയുടെ ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് തട്ടിപ്പുകാർ സൃഷ്ടിച്ച വ്യാജമുഖമായിരുന്നു അത്. രണ്ടാമതും പണം ചോദിച്ചതോടെയാണ് സംശയമുണ്ടായത്. സൈബർ ഹെൽപ്പ് ലൈൻ നന്പറിൽ പരാതി രജിസ്റ്റർ ചെയ്തതോടെ, മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിലേക്കു ട്രാൻസ്ഫർ ചെയ്ത പണം പോലീസിനു മരവിപ്പിക്കാനായി.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആളുകൾ ഷെയർ ചെയ്യുന്ന ഫോട്ടോകളാണ് വ്യാജമുഖ നിർമാണത്തിന് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. നിർമിതബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പിന്റെ കേരളത്തിലെ ഉദ്ഘാടനമായി ഈ സംഭവം മാറി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മുഖത്തോടെ പ്രമുഖ ഇംഗ്ലീഷ് ചിത്രമായ ഗോഡ്ഫാദറിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നതിന്റെ വീഡിയോ മലയാളി കണ്ടതിന്റെ അദ്ഭുതം അടങ്ങുന്നതിനുമുന്പാണ് ഈ കോഴിക്കോടൻ പ്രഹരം.
പരിചയമില്ലാത്തവർ വീഡിയോ, ഓഡിയോ കോളിലൂടെ സാന്പത്തിക സഹായത്തിനായി അഭ്യർഥന നടത്തിയാൽ പ്രതികരിക്കരുതെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. എന്നാൽ പരിചയമുള്ളവരുടെ വീഡിയോകോൾ പോലും സംശയിക്കണമെന്ന പാഠമാണു നിർമിതബുദ്ധിയുഗം ആവശ്യപ്പെടുന്നത്. ഇത്തരം സന്ദർഭങ്ങളിൽ കേരള സൈബർ ഹെൽപ്പ് ലൈൻ നന്പറായ 1930ൽ അറിയിക്കണം.
മൊബൈൽ ഫോണുകളും സമൂഹമാധ്യമങ്ങളും വഴിയുള്ള വ്യാജ-തട്ടിപ്പ് വിളികളും സന്ദേശങ്ങളും തടയുന്നതിന് നിർമിതബുദ്ധി ഉപയോഗിച്ചുള്ള സ്പാം ഫിൽട്ടറുകൾ ഉപയോഗിക്കണമെന്നു ട്രായി (ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) നിർദേശം പുറപ്പെടുവിച്ചത് ഇക്കഴിഞ്ഞ മേയിലാണ്. കാര്യമായ ഫലമൊന്നുമുണ്ടായില്ലെന്നു മാത്രമല്ല, തട്ടിപ്പുകാർ നിർമിതബുദ്ധിയെ കൂട്ടുപിടിക്കുകയും ചെയ്തിരിക്കുന്നു. എന്തിരൻ എന്ന സിനിമയിലെ ചിട്ടി എന്ന ഹ്യൂമനോയിഡ് റോബട്ട് തന്റെ സ്രഷ്ടാവായ ശാസ്ത്രജ്ഞന്റെ കാമുകിയെ പ്രണയിക്കുന്നതും സ്വന്തമായി തീരുമാനമെടുത്ത് നാശത്തിനിറങ്ങുന്നതും തിയറ്ററിൽ നാം കണ്ടതാണ്. പിന്നീട് മലയാളത്തിൽ ഇറങ്ങിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ മനുഷ്യനു സഹായമാകുന്ന റോബട്ടിനെയും കണ്ടു. അതൊക്കെ നിർമിതബുദ്ധിയുടെ പതിപ്പുകളായിരുന്നു. ഇപ്പോഴിതാ അത്തരം കഥാപാത്രങ്ങൾ സിനിമകളിൽനിന്ന് അനുദിന ജീവിതത്തിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.
മനോരോഗികളുടെയും കുറ്റവാളികളുടെയും തീവ്രവാദികളുടെയുമൊക്കെ നിയന്ത്രണത്തിലേക്ക് എഐ എത്തിയാൽ സംഭവിക്കാനിരിക്കുന്നത് മനുഷ്യരാശി നേരിട്ടിട്ടില്ലാത്ത ദുരന്തങ്ങളായിരിക്കും. കള്ളക്കേസുകൾക്കും തെളിവുകൾക്കും ഭീകരാക്രമണങ്ങൾക്കും യുദ്ധങ്ങൾക്കുമൊക്കെ എഐ ദുരുപയോഗിക്കപ്പെട്ടേക്കാം.
നിർമിതബുദ്ധിയുടെ തലതൊട്ടപ്പനെന്ന് അറിയപ്പെടുന്ന ജഫ്രി ഹിന്റൺ ഇക്കഴിഞ്ഞ മേയിൽ ഗൂഗിളിൽനിന്നു രാജിവച്ചപ്പോൾ കാരണമായി പറഞ്ഞത്, എഐ അത്യന്തം അപകടകാരിയാണെന്നും ഭാവിയിൽ അതിനു മനുഷ്യനേക്കാൾ ബുദ്ധിയുണ്ടായേക്കാമെന്നും എഐയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളിൽ താൻ പശ്ചാത്തപിക്കുന്നുവെന്നുമാണ്.
നിർമിതബുദ്ധി കേന്ദ്രീകരിച്ചു വിവിധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങളും കിടമത്സരവും ഒഴിവാക്കണമെന്ന് അതിനു മുന്പുതന്നെ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നു. നിർമിതബുദ്ധിയെ കൂട്ടുപിടിച്ചുള്ള തട്ടിപ്പുകൾ കണ്ടുപിടിക്കാൻ എളുപ്പമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാരിനും പോലീസിന്റെ സൈബർ വിഭാഗത്തിനും ഇത് പുതിയൊരു വെല്ലുവിളിയായിരിക്കും. ജനങ്ങൾക്കാകട്ടെ, കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലത്തിന്റെ തുടക്കവും.
കംപ്യൂട്ടർ വന്നപ്പോൾ തൊഴിൽ നഷ്ടപ്പെടുമെന്നായിരുന്നു മനുഷ്യരുടെ ആശങ്ക. നിർമിതബുദ്ധിയാകട്ടെ തൊഴിലും സ്വൈരജീവിതവും മാത്രമല്ല, മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യംചെയ്യുന്നതിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. എഐയുടെ സാധ്യതകൾ പരിശോധിച്ചാൽ കോഴിക്കോട്ടെ തട്ടിപ്പ് മഞ്ഞുമലയുടെ ഒരംശത്തിന്റെ അംശം പോലുമാകുന്നില്ല. നിർമിതബുദ്ധിയുടെ ഇരയാകാതിരിക്കാൻ അതിന്റെ നിർമാതാവായ മനുഷ്യൻ കൂടുതൽ ബുദ്ധി ഉപയോഗിക്കേണ്ടിയിരിക്കുന്നു. കോഴിക്കോട്ട് മുഖം കാണിച്ചതു വിശ്വരൂപം പുറത്തെടുക്കുവോളം കാത്തിരിക്കരുത്.