ശാസ്ത്രം ജയിക്കട്ടെ, തോൽക്കരുത് മനുഷ്യനും
അനന്തവും അജ്ഞാതവും അവർണനീയവുമായ പ്രപഞ്ചത്തിന്റെ വിദൂരസാധ്യതകളെ ആശ്ലേഷിക്കാൻ വെന്പൽ കൊള്ളുന്ന മനുഷ്യൻ സ്വന്തം മണ്ണിലെ അയൽക്കാരനെ സ്നേഹിക്കാനുള്ള ഹൃദയവിശാലതകൂടി കൈവരിച്ചിരുന്നെങ്കിൽ..! ശാസ്ത്രം വിജയിച്ചു, മനുഷ്യൻ തോറ്റു എന്ന മരണക്കുറിപ്പെഴുതി പ്രപഞ്ചത്തിൽനിന്ന് ഇറങ്ങിപ്പോകേണ്ട ദൗത്യമല്ല ഹോമോസാപിയൻസ് എന്ന നമുക്കുള്ളത്.
54 വർഷം മുന്പ് ഇതുപോലൊരു ജൂലൈയിൽ ദീപിക എഴുതി: “മാനവ ചരിത്രത്തിൽ ഒരു ഗോളാന്തരയുഗത്തിന്റെ പിറവിയെ കുറിച്ചുകൊണ്ട് നീൽ ആംസ്ട്രോംഗും എഡ്വിൻ ആൽഡ്രിനും ഈഗിൾ എന്ന ചന്ദ്രവാഹനത്തിൽ ഇന്നു രാത്രി ഇന്ത്യൻ സമയം 1.47ന് ചന്ദ്രോപരിതലത്തിൽ ചെന്നിറങ്ങിയിരിക്കുന്നു. എല്ലാം ക്രമമായിരിക്കുന്നു. ഈഗിൾ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ ചെറിയ തോതിൽ പൊടി ഇളകുക മാത്രമേ ഉണ്ടായിട്ടുള്ളു.” 1969 ജൂലൈ 21ലെ ദീപികയുടെ ഒന്നാം പേജിലായിരുന്നു വിസ്മയകരമായ ശാസ്ത്രനേട്ടത്തിന്റെ മലയാളം വാർത്ത. ഇന്റർനെറ്റ് പോലുള്ള ആധുനിക സാങ്കേതിവിദ്യകളൊന്നുമില്ലാതിരുന്ന കാലത്ത് അന്നുതന്നെ ആ വാർത്ത പ്രസിദ്ധീകരിച്ച് ദീപികയും ചരിത്രം സൃഷ്ടിച്ചു.
ആംസ്ട്രോംഗ് ചന്ദ്രനിലിറങ്ങിയപ്പോൾ അന്പിളിയമ്മാമനെന്ന കഥാപുരുഷൻ ചമയങ്ങളഴിച്ചുവച്ച് പ്രപഞ്ചത്തിന്റെ അനേക കോടി തുണ്ടുകളിലൊന്നായി മനുഷ്യന്റെ കാൽച്ചുവട്ടിലമരുകയായിരുന്നു. അതിനും 10 വർഷം മുന്പ് 1959ൽ സോവ്യറ്റ് യൂണിയനാണ് ചാന്ദ്രപര്യവേക്ഷണങ്ങൾ തുടങ്ങിവച്ചത്. 2008ൽ ആന്ധ്രപ്രദേശിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ 1 ദൗത്യത്തിലൂടെ ഇന്ത്യയും ചാന്ദ്ര ദൗത്യങ്ങൾക്കു തുടക്കമിട്ടു. അവിടെനിന്നുതന്നെ ചന്ദ്രയാൻ 3 വിക്ഷേപണത്തിലൂടെ ഇന്നലെ ഇന്ത്യ പുത്തൻ കുതിപ്പു നടത്തിയിരിക്കുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05ന്, 25.5 മണിക്കൂറിന്റെ കൗണ്ട് ഡൗൺ തുടങ്ങിയപ്പോൾ ശാസ്ത്രജ്ഞരുടെ മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഹൃദയം ക്രമാതീതമായി സ്പന്ദിക്കുകയായിരുന്നുവെന്നു പറയാം. ഇന്നലത്തെ വിജയകരമായ വിക്ഷേപണത്തോടെയാണതു സാധാരണ നിലയിലായത്. 40 ദിവസത്തിനുശേഷം ചന്ദ്രയാൻ 3 ലാൻഡർ 3,84,400 കിലോമീറ്ററകലെ ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൂടി വിജയിച്ചാൽ അമേരിക്കയ്ക്കും ചൈനയ്ക്കും സോവ്യറ്റ് യൂണിയനും ശേഷം സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
2019ൽ നാം നടത്തിയ ചന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ പരാജയപ്പെടുകയായിരുന്നു. 2008ൽ പരീക്ഷണോപകരണങ്ങളെ ചന്ദ്രോപരിതലത്തിൽ വെറുതെ വീഴ്ത്തുകയായിരുന്നു; ഒരുതരം ഇടിച്ചിറക്കൽ. ചന്ദ്രയാൻ 2ൽ ലാൻഡറിന്റെ വേഗം കുറച്ചുകൊണ്ടുവന്ന് മൃദുവായി ഇറക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, സാധിച്ചില്ല. ചന്ദ്രയാൻ 3ൽ പിഴവുകൾ സംഭവിച്ചാലും റോവർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങുമെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.
ലാൻഡറിലുള്ള 25 കിലോ ഭാരം വരുന്ന റോവർ എന്ന ആറു ചക്രങ്ങളുള്ള ചെറുവാഹനം ചന്ദ്രോപരിതലത്തിൽ ഓടി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തും. കഴിഞ്ഞ ദൗത്യത്തിൽ ലാൻഡറിന് ഇറങ്ങാൻ കണക്കാക്കിയിരുന്ന ഭൂപ്രദേശത്തിന്റെ അളവ് 500 x 500 മീറ്റർ ആയിരുന്നെങ്കിൽ ഇത്തവണ അത് 4 x 2.5 കിലോമീറ്റർ ആയി വർധിപ്പിച്ചിട്ടുണ്ടെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞത്. അത്രമാത്രം കരുതലോടെയാണ് നമ്മുടെ ശാസ്ത്രജ്ഞർ പ്രവർത്തിച്ചുകൊണ്ടിരുന്നത്.
ചന്ദ്രയാൻ 2 പരാജയമായിരുന്നെന്നു പറയാനാവില്ല. ചന്ദ്രയാൻ 3ന്റെ തിരുത്തൽ ശക്തിയും പാഠപുസ്തകവുമായി അതു മാറി. മാത്രമല്ല, ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ചന്ദ്രയാൻ 2ന്റെ ഓർബിറ്ററിനെ ഈ ദൗത്യത്തിലും ഉപയോഗിക്കുന്നുണ്ട്. ബഹികാശത്തിന്റെ അനന്തവിസ്മയങ്ങളിലേക്കുള്ള ചവിട്ടുപടി മാത്രമാണ് ചന്ദ്രൻ. ഭൂമിയിൽനിന്നോ ചന്ദ്രനിൽനിന്നോ ഇതര ഗ്രഹങ്ങളിലേക്കുൾപ്പെടെ മനുഷ്യൻ നടത്താനിരിക്കുന്ന പുറപ്പാടുകളുടെ തുടക്കമാണ് ഈ ലാൻഡിംഗും. ചന്ദ്രയാൻ 3 വിജയിച്ചാൽ ബഹിരാകാശത്തു ചുറ്റിത്തിരിയാനിരിക്കുന്ന ഭാവിതലമുറയ്ക്ക് ഇന്ത്യയുടെ സംഭാവനയായിരിക്കും അത്. ചന്ദ്രനിൽ നിരവധി ഗവേഷണങ്ങൾ നടത്താനും അറിവുകൾ നൽകാനും തക്കവിധം മികച്ച ഉപകരണങ്ങളാണ് ലാൻഡറിലും റോവറിലുമുള്ളത്.
ചന്ദ്രനിലെ ധാതുക്കളെയും മൂലകങ്ങളെയുംകുറിച്ച് അവ കൃത്യമായ വിവരങ്ങൾ നൽകും. 14 ദിവസംകൊണ്ട് അവ ദൗത്യം പൂർത്തിയാക്കുകയും ചെയ്യും. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഉപകരണമാകട്ടെ, ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചുറ്റിത്തിരിഞ്ഞ് ഭൂമിയെ നിരീക്ഷിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും.
നീൽ ആംസ്ട്രോംഗിനെ ചന്ദ്രനിൽ ഇറക്കിയതു മുതൽ ആറു ചന്ദ്രയാത്രകളിലൂടെ 12 ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിച്ചിട്ടുണ്ട് അമേരിക്ക. 1961ൽ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായി യുറി ഗഗാറിനെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച സോവ്യറ്റ് യൂണിയനും (ഇന്നത്തെ റഷ്യ) മനുഷ്യനെ ചന്ദ്രനിലിറക്കാൻ സാധിച്ചിട്ടില്ല.
ശാസ്ത്രപുരോഗതിയുടെ ഗതിവേഗം വർധിച്ചിരിക്കുന്നു. ബഹിരാകാശ യാത്രകളുടെ അനന്തസാധ്യതകളെ അതിവേഗത്തിലാക്കാൻ ഇനിയിപ്പോൾ നിർമിതബുദ്ധിയും (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഉണ്ടാകും. അനന്തവും അജ്ഞാതവും അവർണനീയവുമായ പ്രപഞ്ചത്തിന്റെ വിദൂരസാധ്യതകളെ ആശ്ലേഷിക്കാൻ വെന്പൽ കൊള്ളുന്ന മനുഷ്യൻ സ്വന്തം മണ്ണിലെ അയൽക്കാരനെ സ്നേഹിക്കാനുള്ള ഹൃദയവിശാലതകൂടി കൈവരിച്ചിരുന്നെങ്കിൽ..! ശാസ്ത്രം വിജയിച്ചു, മനുഷ്യൻ തോറ്റു എന്ന മരണക്കുറിപ്പെഴുതി പ്രപഞ്ചത്തിൽനിന്ന് ഇറങ്ങിപ്പോകേണ്ട ദൗത്യമല്ല ഹോമോസാപിയൻസ് എന്ന നമുക്കുള്ളത്.