മുതലക്കണ്ണീരും ഷോയുമല്ല മുതലപ്പൊഴിയിൽ വേണ്ടത്
ഈ മത്സ്യത്തൊഴിലാളികൾ ഇനിയെന്തു ചെയ്യണമെന്നാണ് സർക്കാർ പറയുന്നത്? അവരുടെയും അവരുടെ നേതാക്കളുടെയും വാക്കുകളിലെ വ്യാകരണം തപ്പി രാജ്യദ്രോഹ ആരോപണവുമുന്നയിച്ചു നടക്കാതെ മരണഭയമില്ലാതെ ജീവിക്കാൻ എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ ചെയ്യൂ.
മത്സ്യത്തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങളല്ല, സ്വസ്ഥമായി ജീവിക്കാൻ ആയുസത്രയും സമരം ചെയ്യേണ്ടിവരുന്ന ആ നിർഭാഗ്യ ജന്മങ്ങളുടെ പ്രതികരണങ്ങളും ശൈലികളുമാണ് സർക്കാരിനു മുഖ്യം. അവരുടെയും അവരെ നയിക്കുന്നവരുടെയും വാക്കുകളിൽ പാളിച്ചകൾ ആരോപിച്ച് തെറ്റിദ്ധരിപ്പിക്കുകയും യഥാർഥ വിഷയം മറച്ചുപിടിക്കുകയും ചെയ്യുന്ന തന്ത്രം വിഴിഞ്ഞത്ത് അരങ്ങേറിയിരുന്നു. അതുതന്നെയല്ലേ കഴിഞ്ഞദിവസം മുതലപ്പൊഴിയിലെ സർക്കാർ ഷോയിലും കണ്ടത്?
അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്ത സംഭവത്തിലാണ് രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത്. സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർക്കെതിരേ നാട്ടുകാർ പ്രതിഷേധമുയർത്തി. സ്ഥലത്തുണ്ടായിരുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ ഫാ. യൂജിൻ പെരേരയാണ് മന്ത്രിമാരെ തടയാൻ നാട്ടുകാരെ പ്രേരിപ്പിച്ചതെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ആരോപണം വിവാദമായി.
അതേസമയം, പ്രതിഷേധിച്ച നാട്ടുകാരോടു ഷോ കണിക്കരുതെന്നു മന്ത്രി ശിവൻകുട്ടി പറഞ്ഞതാണ് പ്രദേശവാസികളെ രോഷാകുലരാക്കിയതെന്നതാണ് മറുവശം. മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ഫാ. യൂജിൻ പെരേരയ്ക്കെതിരേ കലാപാഹ്വാനത്തിന് അഞ്ചുതെങ്ങ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. വിഴിഞ്ഞം സമരകാലത്തും ഫാ. യൂജിനും മറ്റു നേതാക്കൾക്കുമെതിരേ മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ, വി. ശിവൻകുട്ടി എന്നിവർ രോഷാകുലരായിരുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്കെതിരേ സമരക്കാർ നടത്തുന്നതു കലാപശ്രമമാണെന്നും ഭീകരവാദ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി പരിചയമുള്ള ഏതോ ശക്തികൾ ഇവർക്കു പിന്നിലുണ്ടെന്നും, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതർ സമരത്തിനു നിർബന്ധിതരാക്കുകയാണെന്നും അന്നു കാസർഗോട്ടുവച്ചു മന്ത്രി ശിവൻകുട്ടി ആരോപിച്ചിരുന്നു. സമരക്കാർ ചെയ്യുന്നതു രാജ്യദ്രോഹക്കുറ്റമാണെന്നു മന്ത്രി വി. അബ്ദുറഹ്മാനും, എന്തു സമരം നടന്നാലും ഓണത്തിനല്ലെങ്കിൽ അടുത്ത സെപ്റ്റംബറിൽ ആദ്യകപ്പൽ ഇവിടെ എത്തിയിരിക്കുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിലും പറഞ്ഞതാണ്.
തുറമുഖ പദ്ധതിയുടെ പ്രയോജനം വിശദീകരിക്കാൻ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറായിരുന്നു വേദി. ദേവർകോവിൽ പറഞ്ഞതനുസരിച്ച്, ഓണത്തിനു വിഴിഞ്ഞം പോർട്ടിൽ കപ്പലടുക്കുമോയെന്നറിയില്ല. പക്ഷേ, അദാനിക്കുവേണ്ടി മന്ത്രി ചോര തിളപ്പിച്ചു മാസങ്ങൾക്കകം അദാനിയെന്ന മഹാൻ രാജ്യത്തോടു ചെയ്ത ദ്രോഹം എന്തായിരുന്നെന്നു ഹിൻഡൻബർഗ് റിപ്പോർട്ടിലൂടെ ലോകം കണ്ടു. അദാനിയുടെ തനിനിറം ചൂണ്ടിക്കാട്ടിയവർ ഇപ്പോഴും താത്കാലിക ഷെഡുകളിൽ എങ്ങനെയൊക്കെയോ ജീവിച്ചുപോകുകയാണെന്നതും മറക്കേണ്ട. വിഴിഞ്ഞം സമരത്തിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം വൈദികർ ഉണ്ടായിരുന്നതു തീരെ ഇഷ്ടപ്പെടാതിരുന്ന ശിവൻകുട്ടി മുതലപ്പൊഴിയിലും അനിഷ്ടം പ്രകടിപ്പിച്ചെന്നേയുള്ളൂ.
മന്ത്രിയുടെ അനിഷ്ടമൊന്നും നാലു ഗൃഹനാഥന്മാരെ കടലിൽ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും അയൽക്കാർക്കുമൊന്നും മനസിലായെന്നു വരില്ല. മരണപ്പൊഴിയെന്നറിയപ്പെടുന്ന മുതലപ്പൊഴിയിൽ 2002 മുതൽ 70 മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടു മരിച്ചത്. അവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ കടപ്പുറത്തുനിന്നാണ് കഴിഞ്ഞദിവസം കാണാതായവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ രോഷാകുലരായത്. അദാനിയുടെ ‘കഷ്ടപ്പാടും വേദനയും’ തിരിച്ചറിയുന്ന മനുഷ്യത്വം പോരാ മന്ത്രീ, കടപ്പുറത്തെ പാവങ്ങളുടെ നീറുന്ന നെഞ്ചകം കാണാൻ.
2002ൽ ഫിഷിംഗ് ഹാർബർ നിർമാണം തുടങ്ങിയതിനു ശേഷമാണ് ഇവിടം അപകടമേഖലയായത്. അശാസ്ത്രീയ നിർമാണമാണ് കാരണമെന്നു കരുതുന്നു. പുലിമുട്ടുകളുടെ നീളം കൂട്ടുകയും മണൽ അടിയുന്ന തെക്കൻ ഭാഗത്തുനിന്നു മണൽ വാരി ഹാർബറിനു വടക്ക് തീരശോഷണം ഉണ്ടാകുന്ന തീരത്തേക്കു മാറ്റി നിക്ഷേപിക്കുകയുമാണ് പരിഹാരമായി പുനയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സിഡബ്ല്യുപിആർഎസ്) 2011ൽ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. 2021 ഓഗസ്റ്റില്‍ പ്രതിപക്ഷം നിയമസഭയില്‍ ഇതേക്കുറിച്ച് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പെങ്കിലും ഒന്നും സംഭവിച്ചില്ല. അതിനിടെയാണ് നാലു കുടുംബങ്ങളെ അനാഥമാക്കിയ കഴിഞ്ഞ ദിവസത്തെ അപകടം.
ഓഖിയിൽ സഹോദരങ്ങൾ മരിച്ചതിന്റെ വേദനയാറും മുന്‍പാണ് മത്സ്യത്തൊഴിലാളികൾ പ്രളയത്തിൽ മുങ്ങിയ കേരളത്തെ രക്ഷിക്കാൻ ഓടിയെത്തിയത്. അവരിൽ പെട്ടവരാണ് വിഴിഞ്ഞത്ത് കയറിക്കിടക്കാനിടമില്ലാതെ വലയുന്നത്. അവരെ തേടിയാണ് മരണം മുതലപ്പൊഴിയിൽ ഒരു ഭൂതം കണക്കെ ഒളിച്ചിരിക്കുന്നത്. ഈ മത്സ്യത്തൊഴിലാളികൾ ഇനിയെന്തു ചെയ്യണമെന്നാണ് സർക്കാർ പറയുന്നത്? അവരുടെയും അവരുടെ നേതാക്കളുടെയും വാക്കുകളിലെ വ്യാകരണം തപ്പി രാജ്യദ്രോഹക്കുറ്റ ആരോപണവുമുന്നയിച്ചു നടക്കാതെ, മരണഭയമില്ലാതെ ജീവിക്കാൻ എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ ചെയ്യൂ. കുറെക്കാലമായില്ലേ ഈ ‘സർക്കാർ ഷോ’ തുടങ്ങിയിട്ട്.