ബംഗാളിലും വകവരുത്തുന്നു, ജനാധിപത്യത്തെ
അധികാരക്കൊതികൊണ്ടു മാത്രം രാഷ്ട്രീയ പാർട്ടികൾ നശിപ്പിച്ച ജനാധിപത്യമാണ് പശ്ചിമബംഗാളിലും ചോരയൊലിപ്പിച്ചു നിൽക്കുന്നത്. ശനിയാഴ്ചയായിരുന്നു പഞ്ചായത്തു തെരഞ്ഞെടുപ്പ്. 16 മനുഷ്യരെ കൊന്നുതള്ളി. ബംഗാളിൽ മാത്രമല്ല, ജനാധിപത്യത്തെ വികൃതമാക്കുന്ന ഈ അക്രമരാഷ്ട്രീയം ഏറ്റക്കുറിച്ചിലുകളോടെ രാജ്യമൊട്ടാകെയുണ്ട്. രാഷ്ട്രീയ പാർട്ടികളാണ് ഈ അധഃപതനത്തിന് ഉത്തരവാദികൾ. പൊതുവേദിയിലും സ്വകാര്യ ജീവിതത്തിലുമായി ഇരട്ടമുഖം പേറുന്ന നേതാക്കളാണ് ഈ കൊലപാതകങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും നടത്തിപ്പുകാർ.
22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റുകളിലും പഞ്ചായത്ത് സമിതികളിലെ 9,730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടന്നത്. സുരക്ഷയ്ക്കായി 65,000 കേന്ദ്രസേനാംഗങ്ങള്ക്കൊപ്പം 70,000 പോലീസുകാരെയും വിന്യസിച്ചിരുന്നു. എന്നിട്ടാണ് ഇത്രയും അക്രമസംഭവങ്ങൾ അരങ്ങേറിയത്. മരിച്ചവരിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അക്രമികളിലുമുണ്ട് എല്ലാവരും. ഭരിക്കുന്ന പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റെ ഒന്പതുപേരും മൂന്നു കോൺഗ്രസുകാരും രണ്ടു ബിജെപിക്കാരും രണ്ടു സിപിഎമ്മുകാരുമാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യസൂചനകൾ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ പാർട്ടികൾ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. പോളിംഗിന്റെ തലേന്നുവരെയുള്ള കണക്കനുസരിച്ച് 19 പേർ വിവിധ പാർട്ടികളിലായി കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചത്തെ കണക്കുകൂടിയാകുന്പോൾ മരണസംഖ്യ 35 ആയി. എല്ലാ പാർട്ടികളും എതിരാളികളുടെ അക്രമസ്വഭാവത്തെക്കുറിച്ച് പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടായിസംകൊണ്ട് സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനം അസാധ്യമാണെന്നാണ് സിപിഎമ്മും ബിജെപിയും കോൺഗ്രസും പറയുന്നത്.
അതേസമയം, ശനിയാഴ്ച കൊല്ലപ്പെട്ട 16ൽ ഒന്പതുപേർ തൃണമൂലുകാരാണെന്നതിനെക്കുറിച്ച് അവർക്കു വിശദീകരണവുമില്ല. സ്വന്തം പാർട്ടികളുടെ രക്തസാക്ഷികളെക്കുറിച്ചു വിലപിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങൾ ഇറക്കിവിട്ട കൊലയാളി സംഘങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. അതാണ് രാഷ്ട്രീയമെന്നു വന്നിരിക്കുന്നു. ഇങ്ങനെ നിരവധി മനുഷ്യരെ കൊന്നും അവരുടെ കുടുംബങ്ങളെ വഴിയാധാരമാക്കിയുമാണല്ലോ ഈ പാർട്ടികളൊക്കെ ഇവിടെവരെ എത്തിയത്.
അക്രമത്തിന്റെ സാധ്യത മുൻകൂട്ടിക്കണ്ട് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സംസ്ഥാന സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും സുപ്രീംകോടതിയെ സമീപിച്ചു. അതേസമയം, സംസ്ഥാനത്ത് എത്തേണ്ടിയിരുന്ന 822 കന്പനി കേന്ദ്രസേനയിൽ 144 എണ്ണം ശനിയാഴ്ച വോട്ടെടുപ്പ് അവസാനിക്കുവോളം സംസ്ഥാനത്ത് എത്തിയിരുന്നുമില്ല. ‘നോർത് 24 പർഗാനാസ്’ ജില്ലയിൽ ഇരുവിഭാഗം പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ തൊട്ടടുത്ത് കേന്ദ്രസേനാംഗങ്ങൾ തോളിൽ തോക്കും തൂക്കിയിട്ടു കാഴ്ചക്കാരായി നിൽക്കുന്ന അത്യന്തം വിചിത്രമായ ദൃശ്യങ്ങളും പത്രങ്ങൾ പ്രസിദ്ധീകരിച്ചു. കേന്ദ്രസേന സമയത്ത് എത്താത്തതും എത്തിയവർ നോക്കുകുത്തികളായി നിൽക്കുന്നതും പോലീസ് നിഷ്ക്രിയരാകുന്നതും ബാലറ്റ് പെട്ടികൾ നശിപ്പിച്ചതും സ്ഥാനാർഥികളെ തട്ടിക്കൊണ്ടുപോയതുമൊക്കെ അന്വേഷിക്കേണ്ടതാണ്.
35 വർഷം സിപിഎം തുടർച്ചയായി ഭരിച്ച സംസ്ഥാനമാണ് പശ്ചിമബംഗാൾ. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് നടമാടിയിരുന്ന പാർട്ടി സർവാധിപത്യത്തെ തൂത്തെറിഞ്ഞാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. നാടിനെ തളർത്തി പാർട്ടിയെ വളർത്തിയ മൂന്നര പതിറ്റാണ്ടിന്റെ സിപിഎം സ്വേച്ഛാധിപത്യത്തെ ഇല്ലാതാക്കാൻ തൃണമൂൽ നേതാവ് മമത ബാനർജി അവലംബിച്ചത്, സിപിഎമ്മിനെ തുറന്നുകാട്ടുന്ന പ്രസംഗങ്ങളും ഒപ്പം അക്രമരാഷ്ട്രീയവുമായിരുന്നു. ആ അധികാരം നിലനിർത്താൻ തൃണമൂൽ മാതൃകയാക്കുന്നതു തങ്ങളെ ആണെന്ന് ഇന്നു സിപിഎമ്മും തിരിച്ചറിയുന്നുണ്ടാകും.
ജനങ്ങളെ ഭിന്നിപ്പിച്ചും ഭരണകൂട സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കിയും അന്വേഷണ ഏജൻസികളെ സ്വകാര്യസേനയാക്കിയും മാധ്യമങ്ങളുടെ കഴുത്തിനു കുത്തിപ്പിടിച്ചും രാജ്യത്തൊട്ടാകെ ജനാധിപത്യത്തെ കെട്ടുകാഴ്ചയാക്കിയ ബിജെപിയും ബംഗാളിൽ ധർമപ്രഭാഷണം നടത്തുകയാണ്. നാളത്തെ നേതാക്കളാകാനുള്ള വിദ്യാർഥി നേതാക്കൾ കാട്ടിക്കൂട്ടുന്ന അക്രമങ്ങളും അഴിമതിയും കേരളത്തെയും ഭയപ്പെടുത്തുകയാണ്. എതിരാളികളെ വെട്ടി തുണ്ടമാക്കുന്നതും ബൂത്തു കൈയേറുന്നതും പോളിംഗ് ഏജന്റുമാരെ തല്ലിയോടിക്കുന്നതും കേരളം കാണാത്തതാണോ?
പ്രവൃത്തികളിലൊന്നുമില്ലാത്ത ധാർമികതയുടെ ഭസ്മം മേലാസകലം വാരിപ്പൂശി വേഷംകെട്ടി നടക്കുകയാണ് നമ്മുടെ നേതാക്കളിലേറെയും. ലോകത്തിനു മാതൃകയായ അഹിംസയുടെയും ധാർമികതയുടെയും മാർഗത്തിലൂടെ ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ള മഹത്തുക്കളുടെ നേതൃത്വത്തിൽ ഒരു ജനത നേടിയ സ്വാതന്ത്ര്യത്തെയും ധർമിഷ്ഠരായവർ തുടങ്ങിവച്ച ജനാധിപത്യത്തെയുമാണ് പുത്തൻകുറ്റുകാരായ സ്വയം പ്രഖ്യാപിത രാഷ്ട്രീയ ഗുരുക്കൾ ഈവിധം കുട്ടിച്ചോറാക്കിയത്.
ഇന്ത്യൻ ജനാധിപത്യത്തെ നരകത്തിലേക്കു വടം കെട്ടി വലിക്കുന്ന ഈ ദുഷ്ടാത്മാക്കളെ വഴിയിൽ തടയാൻ വിദ്യാഭ്യാസവും മൂല്യബോധവുമുള്ള സകല മനുഷ്യരും രാഷ്ട്രീയത്തിനതീതമായി കൈകോർക്കേണ്ടിയിരിക്കുന്നു. പശ്ചിമബംഗാളിൽ നടന്നത് അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിലും നടന്നാൽ ജനങ്ങൾ ആഗ്രഹിക്കുന്നവർ അധികാരത്തിലെത്തില്ല. ദീദിക്കും മോദിക്കുമൊക്കെ മുകളിലാണ് ജനാധിപത്യം.