ഗുണ്ടായിസമല്ല രാഷ്ട്രീയം
ആന്തൂരിലായാലും കുമരകത്തായാലും എറണാകുളത്തായാലും പാർട്ടി നേതാക്കളുടെ ഗുണ്ടായിസങ്ങൾ അപലപിക്കപ്പെടേണ്ടതാണ്. ഉത്തരേന്ത്യയിൽ ആൾക്കൂട്ട മർദനങ്ങൾ നടത്തുന്പോൾ ഇതേ സംഘടനകൾ മനുഷ്യാവകാശത്തെക്കുറിച്ച് വാതോരാതെ വർത്തമാനം പറയും. അതേ മനുഷ്യാവകാശം മറ്റുള്ളവർക്കു വകവച്ചുകൊടുക്കാൻ തയാറുമല്ല.
ഇടതായാലും വലതായാലും, കൈക്കരുത്തു രാഷ്ട്രീയത്തിന്റെ മനോനില ഇപ്പോഴും കൊണ്ടുനടക്കുന്നവർ സമൂഹത്തെ പിന്നിലേക്കു കൊണ്ടുപോകാനുള്ള ശ്രമമാണുനടത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ എസ്എഫ്ഐയും കുമരകത്ത് സിഐടിയുവും നടത്തിയ മർദനങ്ങൾ രാഷ്ട്രീയത്തിന്റെയല്ല, ഗുണ്ടായിസത്തിന്റെ അക്കൗണ്ടിലാണ് എഴുതിച്ചേർക്കേണ്ടത്. മർദകർക്ക് അവരുടേതായ ന്യായമുണ്ട്. പക്ഷേ, അവർ സമൂഹത്തിനു കൊടുക്കുന്ന സന്ദേശം, ക്രമസമാധാന പാലനത്തിലും നീതിന്യായ വ്യവസ്ഥയിലും മാത്രമല്ല സ്വന്തം സർക്കാരിലും വിശ്വാസമില്ലാത്തതിനാൽ തങ്ങൾ നിയമം കൈയിലെടുക്കുകയാണ് എന്നാണ്.
ബസ് ഉടമയും സിഐടിയു പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് കുമരകത്ത് പണിമുടക്കിലും കേസിലും ഒടുവിൽ ബസ് ഉടമയെ തല്ലുന്നതിലും കലാശിച്ചത്. ശന്പളത്തർക്കത്തെ തുടർന്ന് ബസിനു മുന്നിൽ സിഐടിയുക്കാർ കൊടി കുത്തിയതോടെയായിരുന്നു തുടക്കം. തൊട്ടുപിന്നാലെ, ബിജെപിയുടെ കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ ബസ് ഉടമ ബസിനുമുന്നിൽ ലോട്ടറി കച്ചവടം തുടങ്ങി പ്രതിഷേധിച്ചു. ലേബർ ഓഫീസിൽ നടത്തിയ ചർച്ചയിൽ കൂലിവർധന നിർദേശിച്ചിരുന്നു. എന്നാൽ ഈ വർധന സിഐടിയു തൊഴിലാളികൾക്കു മാത്രം നൽകിയില്ല എന്നാണ് അവരുടെ ആരോപണം. എന്നാൽ ബസുടമ പറയുന്നത്, വർധിപ്പിച്ച ശന്പളം നൽകിയെന്നും നിശ്ചിത വരുമാനം ലഭിച്ചാലും ഇല്ലെങ്കിലും ശന്പളത്തിനു പുറമേയുള്ള ബാറ്റ നൽകണമെന്നാണ് സിഐടിയുക്കാർ ആവശ്യപ്പെടുന്നത് എന്നുമാണ്.
ബസ് സർവീസ് നടത്തുന്നതിനു പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഞായറാഴ്ച രാവിലെ ബസ് എടുക്കുന്നതിനായി എത്തിയ ഉടമയെ സിഐടിയു ജില്ലാ കമ്മിറ്റിയംഗം പോലീസിനു മുന്നിലിട്ടു മർദിക്കുകയായിരുന്നു. ന്യായം ആരുടെ പക്ഷത്താണ് എന്നത് ലേബർ ഉദ്യോഗസ്ഥരും കോടതിയുമൊക്കെ തീരുമാനിക്കട്ടെ. പക്ഷേ, അതിനൊക്കെ മുകളിലാണ് പാർട്ടി നേതാക്കളുടെ ഗുണ്ടായിസം എന്നു വരുന്നത് ഭൂഷണമല്ല. പിന്നെന്തിനാണ് കോടതിയും സർക്കാരുമൊക്കെ? മാത്രമല്ല, ഈ സംഭവം റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ പാർട്ടിക്കാർ വളഞ്ഞിട്ടു മർദിക്കുകയും ചെയ്തു. ഗുണ്ടായിസമല്ല, അതു റിപ്പോർട്ടു ചെയ്യുന്നതാണല്ലോ കുറ്റം!
ഞായറാഴ്ചതന്നെയാണ് എറണാകുളം മഹാരാജാസ് കോളജിനു മുന്നിൽ എസ്എഫ്ഐക്കാർ സ്വകാര്യ ബസ് ജീവനക്കാരനെ വളഞ്ഞിട്ടു തല്ലിയത്. കൺസഷനുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്പുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു മർദനം. കൺസഷൻ നൽകാതെ കണ്ടക്ടർ വിദ്യാർഥികളോടു മോശമായി പെരുമാറിയെന്നതാണ് എസ്എഫ്ഐയുടെ ആരോപണം. ഇതിന്റെ പേരിൽ വിദ്യാർഥി പരാതി നൽകിയതിനെ തുടർന്നു പോലീസ് കേസെടുത്തിട്ടുണ്ട്. പക്ഷേ, അതു മാത്രം പോരല്ലോ. കണ്ടക്ടർ വീണ്ടും ജോലിക്കു കയറിയ ദിവസംതന്നെ ബസിൽനിന്നു വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഇവിടെയും ന്യായം ആരുടെ പക്ഷത്താണ് എന്നതല്ല ചോദ്യം. വിചാരണയും ശിക്ഷയും നടപ്പാക്കാൻ ഇവർക്കൊക്കെ ആരാണ് അധികാരം കൊടുത്തത് എന്നതാണ്.
പാർട്ടിയെ എതിർത്താൽ അടിക്കും അല്ലെങ്കിൽ ഒരടി മുന്നോട്ടുപോകാനാവില്ല എന്ന നിലപാട് പുതിയതല്ല. 2019ൽ ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ അത്തരത്തിലൊന്നായിരുന്നു. 15 കോടി മുടക്കി കൺവെൻഷൻ സെന്റർ നിർമിക്കാനിറങ്ങിയ അദ്ദേഹത്തെ ആന്തൂർ നഗരസഭ ആവശ്യമില്ലാത്ത തടസവാദങ്ങളുയർത്തി ദ്രോഹിച്ചതിൽ മനസു മടുത്താണ് ജീവനൊടുക്കിയത് എന്നതായിരുന്നു ആരോപണം. “ഈ വികസന വിരുദ്ധർ എന്നെ തോൽപ്പിച്ചു, ഇവരോട് ഞാനും എന്റെ ജീവനക്കാരും പോരടിച്ചിട്ടും ഫലമുണ്ടായില്ല. പ്രവാസിജീവതത്തിലെ സന്പാദ്യമെല്ലാം പാഴായി’’ എന്നെഴുതിയ കുറിപ്പും സാജന്റെ മുറിയിൽനിന്നു കണ്ടെടുത്തിരുന്നു. എന്തായാലും, നരസഭയ്ക്കോ അധ്യക്ഷയും സിപിഎം നേതാവുമായ പി.കെ. ശ്യാമളയ്ക്കോ ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ പങ്കില്ലെന്ന് അന്വേഷണ റിപ്പോർട്ടും വന്നു.
ആന്തൂരിലായാലും കുമരകത്തായാലും എറണാകുളത്തായാലും ഇത്തരം ഗുണ്ടായിസങ്ങൾ അപലപിക്കപ്പെടേണ്ടതാണ്. ഉത്തരേന്ത്യയിൽ ആൾക്കൂട്ട മർദനങ്ങൾ നടത്തുന്പോൾ ഇതേ സംഘടനകൾ മനുഷ്യാവകാശത്തെക്കുറിച്ച് വാതോരാതെ വർത്തമാനം പറയും. അതേ മനുഷ്യാവകാശം മറ്റുള്ളവർക്കു വകവച്ചുകൊടുക്കാൻ തയാറുമല്ല.
എതിർക്കുന്നവരെ ശാരീരികമായും മാനസികമായും തകർക്കാനുള്ള മികവാണ് രാഷ്ട്രീയം എന്ന ധാരണ അണികളിലുണ്ടാകുന്നത് പാർട്ടി പിന്തുണയ്ക്കുമെന്ന തോന്നലിൽനിന്നാണ്. അതുണ്ടാകില്ലെന്നു നേതൃത്വം പറഞ്ഞാൽ തീരാവുന്ന തോന്ന്യാസങ്ങളാണ് ഇതൊക്കെ. പാർട്ടിയുടെ ഭാഗത്ത് ന്യായമുണ്ടെങ്കിലും അതു സ്ഥാപിച്ചെടുക്കാൻ സമാന്തര സംവിധാനങ്ങൾ ഒരു പാർട്ടിക്കും വേണ്ട; ഇതു കേരളമാണ്.