കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ വിമർശനത്തിന് അതീതമാകേണ്ട യാതൊരു കാര്യവുമില്ല. സഭയോടു വിയോജിപ്പുള്ളവരായാലും രാഷ്ട്രീയക്കാരായാലും മാധ്യമങ്ങളായാലും വിമർശിക്കാം, പക്ഷേ ഉദ്ദേശ്യം നശിപ്പിക്കാനാകരുത്.
അപ്രതീക്ഷിതവും ദുഃഖകരവുമായ സംഭവങ്ങൾ യാഥാർഥ്യങ്ങളെ തമസ്കരിക്കാനുള്ള അവസരമാകരുത്. അതിൽ ഒരു ഇരയും ഒരു വേട്ടക്കാരനുമുണ്ടെന്നു കരുതുകയോ അങ്ങനെയാവണമെന്നു നിർബന്ധം പിടിക്കുകയോ ചെയ്യുകയുമരുത്. ആശുപത്രികളിൽ രോഗി ഗുരുതരാവസ്ഥയിലാകുകയോ മരിക്കുകയോ ചെയ്താൽ അത് ഡോക്ടറുടെ പിഴവാണെന്നു മുൻകൂട്ടി നിശ്ചയിക്കുന്നത് ഇതിനുദാഹരണമാണ്. ചിലപ്പോൾ അത് അങ്ങനെയാകാമെങ്കിലും എപ്പോഴും ആകണമെന്നില്ല. അതിനു പരിഹാരം നിയമാനുസൃതമായ അന്വേഷണമാണ്. അതിനു കാത്തിരിക്കാതെ ഏകപക്ഷീയമായി വേട്ടക്കാരെ പ്രഖ്യാപിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത് പലപ്പോഴും അപക്വമതികൾ മാത്രമല്ല, രാഷ്ട്രീയസംഘടനകൾ ഉൾപ്പെടെ പ്രത്യേക താത്പര്യങ്ങൾ ഉള്ളവരുമാണ്. ഇത്തരം വൈകാരിക സന്ദർഭങ്ങളിൽ തങ്ങൾക്കു പിന്തുണ ലഭിക്കുമെന്ന് അവർക്കറിയാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിലുണ്ടാകുന്ന അനിഷ്ടസംഭവങ്ങളിൽ ആവർത്തിക്കുന്ന പ്രവണതകളാണ് ഇതൊക്കെ.
കത്തോലിക്കാസഭ നടത്തുന്നത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല. അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും ശാരീരിക-മാനസിക ന്യൂനതയുള്ളവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളും എയ്ഡഡ്-അൺ എയ്ഡഡ് വിദ്യാലയങ്ങളുമൊക്കെ കഴിയുന്നത്ര കുറ്റമറ്റ രീതിയിൽ സഭ നടത്തുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ, ഇന്നലെ കെസിബിസി ജാഗ്രതാ കമ്മീഷൻ പ്രസ്താവിച്ചത്, അച്ചടക്കത്തിനും ധാർമികമൂല്യങ്ങൾക്കും ഊന്നൽ നൽകുന്ന സമഗ്ര വിദ്യാഭ്യാസത്തിനാണ് സഭ എക്കാലവും ഊന്നൽ നൽകിയിട്ടുള്ളത് എന്നാണ്. അക്രമരാഷ്ട്രീയത്തിനും പലവിധ അരാജകത്വങ്ങള്‍ക്കും എതിരേയുള്ള നിലപാടുകള്‍മൂലം രാഷ്ട്രീയ-വര്‍ഗീയ പ്രത്യയശാസ്ത്രങ്ങള്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തുന്ന നീക്കങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിനെതിരേ നടന്ന കുപ്രചാരണങ്ങളും അനാവശ്യ സമരങ്ങളുമെന്നുമാണ് കമ്മീഷൻ പറയുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും തെറ്റിദ്ധാരണ പടര്‍ത്തുകയും ചെയ്യുന്ന വിധത്തിലുള്ള മാധ്യമ ഇടപെടലുകളെയും കാണാതിരിക്കാനാവില്ല.
പ്രത്യക്ഷത്തിൽ കാണപ്പെടുന്നതോ ആരോപിക്കപ്പെടുന്നതോ ആയ കാരണങ്ങൾക്കപ്പുറം മറഞ്ഞുനിൽക്കുന്ന യഥാർഥ കാരണങ്ങളുണ്ടാകാം. അതൊക്കെ മറന്ന്, ആത്മഹത്യയെപ്പോലും അക്രമ രാഷ്ട്രീയത്തിനും തീവ്രവാദത്തിനുമുള്ള അവസരങ്ങളാക്കി മാറ്റുന്ന പ്രവണത കേരളത്തില്‍ ആപത്കരമാംവിധം ശക്തിപ്പെട്ടു വരുന്നെന്ന ജാഗ്രതാ കമ്മീഷന്റെ നിരീക്ഷണം ഗൗരവത്തിലെടുക്കേണ്ടതാണ്.
അമൽജ്യോതി കോളജിലെ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സാജൻ പാപ്പച്ചൻ എന്നയാൾ കുറിച്ചത് കാലികമാണ്: “പ്രിയപ്പെട്ടവരേ, വികാരം വിവേകത്തെ കീഴടക്കുന്ന സമയത്തു തകർത്തെറിയാൻ വെമ്പുന്നതൊക്കെ നാളെ നമ്മുടെ മക്കൾക്കുകൂടി ആവശ്യമുള്ളതാണെന്ന് ഓർക്കുക. നാളെ നീ പങ്കെടുക്കാൻ പോകുന്ന ജോലിയുടെ അഭിമുഖത്തിൽ നീ ബിരുദം നേടിയ കോളജിന്റെ ഉയർന്ന നിലവാരം നിനക്കൊരു അധികസവിശേഷത ആകുമ്പോൾ, ഇപ്പോൾ തകർക്കാൻ വെമ്പുന്നതു തിരികെപ്പണിയാൻ വലിയ ശ്രമം വേണമെന്ന് ഓർത്തുകൊണ്ട് നീ നിന്റെ സഹോദരിക്കുവേണ്ടി നിലകൊള്ളുക. ആ സംഭവത്തിനുള്ള യഥാർഥ കാരണം കണ്ടെത്താൻ പര്യാപ്തമായ ഒരു നിയമവ്യവസ്ഥയെ അതിന്റെ പണിയെടുക്കാൻ തത്കാലം സമ്മതിക്കേണ്ടതുണ്ടല്ലോ.’’
കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ വിമർശനത്തിന് അതീതമാകേണ്ട യാതൊരു കാര്യവുമില്ല. പക്ഷേ, അത് വിനാശകരമാക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. മരണം പോലെ ഹൃദയഭേദകമായ കാര്യങ്ങളുണ്ടാകുന്പോൾ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുകയും സഭാ സ്ഥാപനങ്ങളിൽ എന്തൊക്കെയോ ദുരൂഹമായ കാര്യങ്ങൾ നടക്കുകയാണെന്ന പൊതുബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിൽ സഭയുടെ ശത്രുക്കൾക്കു മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും പങ്കുണ്ട്. പലതിനും അടിസ്ഥാനമോ ഏറെ ആയുസോ ഇല്ലെങ്കിലും തെറ്റായ പൊതുബോധത്തെ ക്രമേണ വളർത്തിയെടുക്കാൻ കഴിയുന്നുണ്ട്.
അതേസമയം, ഇവരൊക്കെ സ്വന്തം മക്കളുടെ ഭാവിയുടെ കാര്യം വരുന്പോൾ രാഷ്ട്രീയവും പരസ്യനിലപാടുകളുമൊക്കെ മാറ്റിവച്ച് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് എല്ലാ ശ്രമവും നടത്തുകയും ചെയ്യും. കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക മികവിനെയും മൂല്യങ്ങളെയും അതിന്റെ അച്ചടക്കമുള്ള അന്തരീക്ഷത്തിൽനിന്നു വേർതിരിച്ചു കണാനാവില്ല. ഈ അച്ചടക്കത്തിൽ തന്നെ പഠിപ്പിക്കണമെന്നു കരുതുന്നവർ എല്ലാ മതവിഭാഗങ്ങളിലും രാഷ്ട്രീയ പാർട്ടികളിലുമുണ്ട്.
അതേസമയം, സഭയുടെ കാഴ്ചപ്പാടിനോടു വിയോജിപ്പുള്ളവരുണ്ടാകുന്നതും സ്വാഭാവികമാണ്. ഇമ്മാതിരി അച്ചടക്കം ആധുനിക വിദ്യാഭ്യാസക്രമത്തിൽ ആവശ്യമില്ലെന്നു കരുതുന്നവർക്ക് അത്തരം നിബന്ധനകളില്ലാത്ത സ്ഥാപനങ്ങളെ ആശ്രയിക്കാവുന്നതേയുള്ളൂ. സഭയോടു വിയോജിപ്പുള്ളവരായാലും രാഷ്ട്രീയക്കാരായാലും മാധ്യമങ്ങളായാലും വിമർശിക്കാം, പക്ഷേ ഉദ്ദേശ്യം നശിപ്പിക്കാനാകരുത്.