വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ദേശീയതലത്തിലും സംസ്ഥാന തലത്തിലും ഇത്ര കഴിവുള്ള നേതാക്കൾ മറ്റൊരു പാർട്ടിയിലുമില്ല. പക്ഷേ, പരസ്പരം അംഗീകരിക്കാനാവാത്തവിധമുള്ള അധികാര, സ്ഥാന നഷ്ടഭയങ്ങൾ
അവരെ തീരാവ്യാധിപോലെ വലയ്ക്കുകയാണ്.
എത്രയൊക്കെ പരിമിതികളുണ്ടെങ്കിലും ഈ രാജ്യത്തെ ജനാധിപത്യ അടിത്തറയെക്കുറിച്ചോ വികസനപദ്ധതികളെക്കുറിച്ചോ മതേതരത്വത്തെക്കുറിച്ചോ ഉള്ള ഏതൊരു ചിന്തയിലും ആദ്യം തെളിയുകയും തിളങ്ങുകയും ചെയ്യുന്ന നാമം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റേതാണ്. ആ വിധമുള്ളൊരു മഹത്വത്തിന് എന്തെങ്കിലും മങ്ങലേറ്റിട്ടുണ്ടെങ്കിൽ അത് ജനങ്ങളിൽനിന്നല്ല, ആ പാർട്ടിയുടെ നേതാക്കളിൽനിന്നാണ്. നാൾവഴിപ്പുസ്തകം അതാണു പറയുന്നത്. ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ വച്ചുകെട്ടൊന്നും വേണ്ട, അത് അച്ചടക്കമില്ലായ്മയാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വയനാട്ടിൽ കോൺഗ്രസ് നടത്തിയ ‘ദ്വിദിന നേതൃസംഗമം’ പ്രസക്തമാകുന്നത്. 90 പ്രധാന നേതാക്കൾ അവിടെയുണ്ടായിരുന്നു. ക്രിയാത്മക തീരുമാനങ്ങളുമുണ്ടായി. പാർട്ടിയുടെ കെട്ടുറപ്പിനെയും നേതാക്കളുടെ ഐക്യത്തെയുംകുറിച്ച് ആ സമ്മേളനം അണികളിലും അനുഭാവികളിലും ഉണർത്തിയ പ്രതീക്ഷ അകാലത്തിൽ പൊലിയില്ലെന്നു കരുതാം.
അടുത്ത വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിനുവേണ്ടി പാർട്ടിയെ ശക്തിപ്പെടുത്തുകയായിരുന്നു നേതൃസംഗമത്തിന്റെ ലക്ഷ്യം. ഇത്രയും നേതാക്കൾ ഒന്നിച്ചിരുന്ന സമ്മേളനം അണികളെപ്പോലും അന്പരപ്പിച്ചിട്ടുണ്ട്. അവർക്കുമറിയാം, ഗ്രൂപ്പ് യുദ്ധങ്ങളും നേതാക്കളുടെ ചക്കളത്തിപ്പോരാട്ടങ്ങളുമാണു പാർട്ടിയുടെ എക്കാലത്തെയും പ്രതിസന്ധിയെന്ന്. പാർലമെന്റ് തെരഞ്ഞെടുപ്പ്, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം, ദേശീയതലത്തിലും പ്രതിപക്ഷ പാർട്ടികൾക്കിടയിലും രാഹുൽ ഗാന്ധിയുടെ വർധിച്ച പ്രതിച്ഛായ, കേരളത്തിൽ എൽഡിഎഫ് സർക്കാർ നേരിടുന്ന പ്രതിസന്ധികൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിലുള്ള സംഗമം പാർട്ടിയുടെ ആത്മവിശ്വാസത്തെ ഒന്നിലേറെ പടികൾ കയറ്റിയിട്ടുണ്ട്. സംസ്ഥാനതല പുനഃസംഘടനയുടെ കാര്യത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിശ്ചയദാർഢ്യത്തോടെയുള്ള പൊട്ടിത്തെറി ഫലമുളവാക്കുകയും ചെയ്തു. കെപിസിസി യോഗങ്ങളിലും പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതികളിലുമെല്ലാം പറഞ്ഞു മടുത്തിട്ടാണ് അദ്ദേഹം അറ്റകൈക്കു മുതിർന്നത്. ഒരു മാസത്തിനകം പാർട്ടി പുനഃസംഘടന പൂർത്തിയാക്കിയില്ലെങ്കിൽ താൻ തന്റെ വഴിക്കു പോകുമെന്ന ക്രിയാത്മക ഭീഷണി ഫലം കണ്ടു. ഈ മാസംതന്നെ പുനഃസംഘടന പൂർത്തിയാക്കാൻ തീരുമാനമായി. പ്രവർത്തനം പോലും അസാധ്യമാക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് അതിപ്രസരത്തെക്കുറിച്ചും അദ്ദേഹം മറയില്ലാതെ സംസാരിച്ചു. രാഹുൽ ഗാന്ധി ഓൺലൈനായും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഭാരവാഹികളായ താരീഖ് അൻവർ, വിശ്വനാഥ പെരുമാൾ തുടങ്ങിയവർ നേരിട്ടും പങ്കെടുത്തത് സംഗമത്തിനു കൂടുതൽ ആധികാരികതയും ഗൗരവവും നൽകി.
കോൺഗ്രസിന്റെ കാര്യമായതിനാൽ ഇതൊക്കെ നടക്കുമോയെന്ന സന്ദേഹം ഇല്ലാതില്ല. ദേശീയതലത്തിലെ ചിന്തൻ ശിബിരങ്ങളിൽ ആണയിടുന്ന കാര്യങ്ങൾപോലും നടപ്പാകാറില്ല. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി നടത്തുന്ന ജൈത്രയാത്രയുടെ വിജയശിൽപ്പികൾ ഈ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളാണെന്നതിൽ തർക്കമില്ല. അവരുടെ തമ്മിലടിയും ആരാണു വലിയവനെന്ന മൂപ്പിളമ തർക്കങ്ങളും ബിജെപിക്കു കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും താലത്തിൽ വച്ചുകൊടുക്കുന്നത് ഭരണമാണ്. അക്കാര്യത്തിൽ കോൺഗ്രസാണു മുന്നിൽ.
ദേശീയ സുരക്ഷയെയും തീവ്രവാദത്തെയും ചുറ്റിപ്പറ്റിയുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു മറുതന്ത്രമൊരുക്കാൻ കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യയിലെ ഒരു പ്രതിപക്ഷ പാർട്ടിക്കും, ബിജെപി സർവാധിപത്യത്തിന്റെ ഒന്പതു സംവത്സരങ്ങൾക്കു ശേഷവും കഴിഞ്ഞിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും അത്തരമൊരു മുദ്രാവാക്യം ഉയർത്തിക്കാണിച്ച് പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണിനിരത്തേണ്ട കോൺഗ്രസാണ്, അതിന്റെ സ്ഥിരം ചാപല്യമായ ഉൾപ്പാർട്ടി തമ്മിലടിയിൽ അഭിരമിച്ച് രാജ്യത്തോടുള്ള ഉത്തരവാദിത്വം ദയനീയമാംവിധം മറന്നുകളയുന്നത്. കേരളത്തിലും രാജസ്ഥാനിലും പഞ്ചാബിലുമെന്നല്ല, സകല സംസ്ഥാനത്തും കോൺഗ്രസ് അതനുഭവിക്കുകയാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഇത്ര കഴിവുള്ള നേതാക്കൾ മറ്റൊരു പാർട്ടിയിലുമില്ല. പക്ഷേ, പരസ്പരം അംഗീകരിക്കാനാവാത്തവിധമുള്ള അധികാര, സ്ഥാനനഷ്ടഭയങ്ങൾ അവരെ തീരാവ്യാധിപോലെ വലയ്ക്കുകയാണ്. ഒന്നാംനിരയിലെ ഒന്നോ രണ്ടോ പേരൊഴിച്ചാൽ ബിജെപിയിലെയും സിപിഎമ്മിലെയും നേതാക്കൾക്ക് തങ്ങളല്ല, പാർട്ടിയാണ് വലുത്. അല്ലാത്ത സാധ്യതകളെ വളർത്താത്തവിധമുള്ള പാർട്ടി ഘടനയും അവർക്കുണ്ട്. കോൺഗ്രസ് അതു കാണണം.
ദേശീയ തലത്തിൽ ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പെട്ട പാടിന്റെ അപഹാസ്യതയിൽനിന്നും തിരിച്ചുകയറിയ കോൺഗ്രസിന് സംസ്ഥാന തലത്തിലെ പുനഃസംഘടനയ്ക്കു സാധിക്കുമെന്നു കരുതാം. കോൺഗ്രസ് മുക്ത ഭാരതമെന്ന ജനാധിപത്യവിരുദ്ധ മുദ്രാവാക്യം ജനങ്ങളുടേതല്ല. അതുകൊണ്ടാണ്, സ്വാതന്ത്ര്യസമരകാലത്തിന്റെ ഉജ്വല പാരന്പര്യമുള്ള മഹാപ്രസ്ഥാനത്തിന്റെ കൊടി നേതാക്കൾ വിചാരിച്ചിട്ടും ജനങ്ങളുടെ മനസിൽനിന്നു താഴ്ത്താനാവാത്തത്. വയനാട്ടിൽനിന്നു മടങ്ങിയ കോൺഗ്രസുകാർക്കും അതു തിരിച്ചറിയാനാകട്ടെ.