ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാനിക് എന്നിങ്ങനെ നാലു വ്യത്യസ്ത ഗോത്രങ്ങളിലായി നൂറുകണക്കിനു ഭാഷകളും ഉപഭാഷകളും ഭാഷാഭേദങ്ങളും നമ്മുടെ നാട്ടിലുണ്ട്.
ലോകത്തിലെ ഏതൊരു ഭാഷ പരിശോധിച്ചാലും അതിനെ ഒരിക്കലും ചെറുതായി കാണാനോ അവഗണിക്കാനോ നമുക്കാവില്ല. കേരളത്തിലെ ഭാഷകൾ പരിശോധിച്ചാൽ മലയാളം കൂടാതെ മലയാളവുമായി ബന്ധമുള്ളതും അല്ലാത്തതുമായ ഒരുപാട് ഭാഷകൾ നമുക്കു കാണാൻ കഴിയും.
കണക്കുകൾ പറയുന്നത്
കേരളത്തിൽ 90 ശതമാനം ആളുകളും മാതൃഭാഷയായി മലയാളം ഉപയോഗിക്കുന്നവരാണ് എന്നാണു കണക്കുകൾ പറയുന്നത്. കൂടാതെ തമിഴ്, കന്നട എന്നിവയും മാതൃഭാഷയായി ഉപയോഗിക്കുന്നവരും കുറവല്ല. അതിനാൽത്തന്നെ കേരളത്തിലെ ജില്ലകളിൽ തമിഴ്മീഡിയം സ്കൂളുകളും കന്നടമീഡിയം സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. അന്യഭാഷാ സംസ്ഥാനക്കാരുടെ കടന്നുകയറ്റം ഭാവിയിൽ ഒരു മിശ്രഭാഷാ സംസ്ഥാനമായി കേരളം മാറിയേക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
ഭാഷാ സമൂഹം എന്നാൽ എന്ത്?
ഒരേ ഭാഷ സംസാരിക്കുന്നവരുടെ കൂട്ടമാണ് ഭാഷാ സമൂഹം. അത് ഏതെങ്കിലും ജാതിയോ വർഗമോ ഗോത്രമോ എന്തുമാകാം. കേരളത്തിലെ ആദിവാസി വിഭാഗങ്ങളാണ് മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളുമായുള്ള സന്പർക്കം മൂലം ഭിന്നഭാഷകൾ സംസാരിക്കുന്നത്.
മലയാളഭാഷയുമായുള്ള സന്പർക്കഫലമായി ഉരുത്തിരിഞ്ഞ ഭാഷകൾ
മലയാളവുമായുള്ള സന്പർക്കം നിമിത്തം ഉരുത്തിരിഞ്ഞുവന്ന ആദിവാസി ഭാഷകൾ ധാരാളമുണ്ട്. വിഷവൻ വിഭാഗം മലങ്കുടി ഭാഷയും മഹാമലശർ മഹാമലശ ഭാഷയും മലശർ മലശ ഭാഷയും മലന്പണ്ടാരം പണ്ടാരഭാഷയും പണിയർ പണിയഭാഷയും കൊച്ചുവേലൻ മലയുള്ളാട ഭാഷയും കുറുന്പപ്പുലയൻ കുറുന്പഭാഷയും കുറിച്യർ കുറിച്യഭാഷയും കാടർ കാടർഭാഷയും ഉൗരാളി ഉൗരാളി ഭാഷയും ഉള്ളാടൻ ഉള്ളാടഭാഷയും സംസാരിക്കുന്നു.
തമിഴുമായുള്ള സന്പർക്കവും പുതിയ ആദിവാസി ഭാഷകളുടെ തുടക്കത്തിനു കാരണമായിട്ടുണ്ട്. ഇതിൽ ഇരുളർ ഇരുളഭാഷയും എരവല്ലവർ എരവല്ലവ ഭാഷയും കരവഴി പുലയൻ പുലയഭാഷയും കാണിക്കാർ കാണിഭാഷയും പുളിയർ തമിഴ് ഭാഷയും മന്നാൻ മന്നാൻ ഭാഷയും മുഡുഗർ മുഡുഗഭാഷയും മുതുവാൻ മുതുവാൻ ഭാഷയും സംസാരിക്കുന്നു.
മലയാളവും കന്നടയുമായുള്ള സന്പർക്കഫലമായുണ്ടായ ഭാഷകൾ
മലയാളം, കന്നട എന്നീ ഭാഷകളുമായുള്ള സന്പർക്കഫലമായി മുള്ളുക്കുറുമർ കുറുമഭാഷയും ഉൗരാളിക്കുറുമർ കുറുന്പഭാഷയും അടിയാൻമാർ അടിയഭാഷയും സംസാരിക്കുന്നു. എന്നാൽ കുഡിയ വിഭാഗം മലയാളവും കന്നടയും തുളുവും കൂടിച്ചേർന്ന കുഡീയ ഭാഷയും കൊറഗ വിഭാഗം തുളുവും കന്നടയും കൂടിച്ചേർന്ന കൊറഗഭാഷയും മാറാടികൾ തുളു, കന്നട, മലയാളം എന്നിവ കൂടിച്ചേർന്ന മറാത്തി ഭാഷാഭേദവും സംസാരിക്കുന്നു.
ഇതിനെല്ലാം ഉപരിയായി മലയാളംതന്നെ മാതൃഭാഷയായി സംസാരിക്കുന്ന ആദിവാസി വിഭാഗങ്ങളും ഉണ്ട് എന്നത് ഓർത്തിരിക്കേണ്ട വസ്തുതയാണ്.
സി.പി. സിജിൻ