എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ? ചുറ്റും പവിഴപ്പുറ്റുകളുള്ള സ്ഥലമോ എന്ന് അതിശയിക്കേണ്ട. ഓസ്ട്രേലിയയിലെ കോറൽ സീയിൽ ക്വീൻസ്ലാൻഡിന്റെ തീരത്താണ് പ്രകൃതി ഈ വിസ്മയം ഒരുക്കിയിരിക്കുന്നത്.
ലോകത്തിലെ പവിഴപ്പുറ്റുകളുടെ ഏറ്റവും വലിയ ശൃംഖലയാണ് ഗ്രേറ്റ് ബാരിയർ റീഫ്. ഏകദേശം 2900 പവിഴപ്പുറ്റുകളാണ് ഈ പവിഴപ്പുറ്റു സമൂഹത്തിലുള്ളത്. 3000 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഗ്രേറ്റ് ബാരിയർ റീഫിൽ 900 ദ്വീപുകളുണ്ട്. ബഹിരാകാശത്തു നിന്നു നോക്കിയാൽപ്പോലും വർണവിസ്മയമൊരുക്കുന്ന ഗ്രേറ്റ് ബാരിയർ റീഫിന്റെ മനോഹാരിത ആസ്വദിക്കാമത്രേ!
ജീവജാലങ്ങൾ ചേർന്നു നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ഘടന എന്ന പ്രത്യേകതയും ഈ പവിഴപ്പുറ്റുകൾക്കു സ്വന്തം. ജൈവവൈവിധ്യമേറിയ ഈ ഭൂഭാഗം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സിഎൻഎന്നിന്റെ ഏഴ് പ്രകൃതിദത്ത ലോകാദ്ഭുതങ്ങളുടെ പട്ടികയിലും ഈ പവിഴപ്പുറ്റുകൾ ഇടം നേടിയിട്ടുണ്ട്.
കടൽ അനിമോണുകളുടെ വർഗത്തിൽപ്പെടുന്ന സമുദ്രജീവികളാണ് പവിഴ പോളിപ്പുകൾ. ഹൃദയമോ കണ്ണോ തലച്ചോറോ ഒന്നുമില്ലാത്ത ഇവയ്ക്ക് കടൽ വെള്ളത്തിലെ കാൽസ്യത്തെ കട്ടികൂടിയ കാൽസ്യമാക്കാനുള്ള കഴിവുണ്ട്. ഈ പുറ്റാണ് അവയുടെ അസ്ഥിപഞ്ജരം. ഇവ കൂടാതെ ഗ്രേറ്റ് ബാരിയർ റീഫിൽ 1500ൽ അധികം വ്യത്യസ്ത ഇനം മത്സ്യങ്ങളും മറ്റു ജീവജാലങ്ങളും വസിക്കുന്നു.
കാലാവസ്ഥാ വ്യതിയാനമാണ് ഗ്രേറ്റ് ബാരിയർ റീഫ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. സമുദ്രത്തിലെ ചൂട് ഉയരുന്പോൾ പവിഴത്തിനുമേൽ സമ്മർദ്ദമുണ്ടാവുകയും ബ്ലീച്ചിംഗ് സംഭവിക്കുകയും ചെയ്യും. പ്രതിവർഷം 20 ലക്ഷം സന്ദർശകരുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് ഗ്രേറ്റ് ബാരിയർ റീഫ്.