പിൻവിലിച്ച ഇന്ത്യൻ കറൻസികൾ വിദേശ കറൻസിയുമായി വിനിമയം ചെയ്തു തരുമെന്ന വാർത്ത അടിസ്‌ഥാനരഹിതം: ഒമാൻ യുഎഇ എക്സ്ചേഞ്ച്
Friday, December 2, 2016 10:10 AM IST
മസ്കറ്റ്: ഒമാൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒമാൻയുഎഇ എക്സ്ചേഞ്ച് ശാഖകളിൽ ഡിസംബർ 12, 13 തീയതികളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കിയ 500, 1000 രൂപാ നോട്ടുകൾ അതാതു രാജ്യങ്ങളിലെ കറൻസിയുമായി വിനിമയം ചെയ്തു ലഭിക്കുമെന്ന വാർത്ത അടിസ്‌ഥാനരഹിതമാണെന്ന് ഒമാൻ യുഎഇ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.

ഇതുസംബന്ധിച്ച വ്യാജ സന്ദേശം സോഷ്യൽ മീഡിയയിലും വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. വാർത്തയുടെ നിജസ്‌ഥിതി അറിയാതെ ആളുകൾ ഫോർവേഡ് ചെയ്യുകയും ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു വരികയുമാണ്. ഈ വാർത്ത യാതൊരു അടിസ്‌ഥാനവുമില്ലാത്തതാണെന്ന് ഒമാൻ യുഎഇ എക്സ്ചേഞ്ച് ഡയറക്ടർ ടോണി ജോർജ് അലക്സാണ്ടർ ദീപികയോട് പറഞ്ഞു.

നാട്ടിലെ സഹകരണ സ്‌ഥാപനങ്ങൾ ഉൾപ്പെടെയുള്ള ബാങ്കിംഗ് സ്‌ഥാപനങ്ങൾ പ്രതിസന്ധിയിലായിരിക്കെ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് ബന്ധപ്പെട്ടവരുമായി കാര്യങ്ങളുടെ നിജസ്‌ഥിതി കണ്ടെത്താൻ അദ്ദേഹം അഭ്യർഥിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം