വായനയിലൂടെ പ്രബുദ്ധരാകുക: സയിദ് ഹബീബ് അൽ ബുഖാരി
Friday, October 14, 2016 6:09 AM IST
ജിദ്ദ: വായനയിലൂടെ ആർജിച്ച വിജ്‌ഞാനമാണ് മനുഷ്യകുലത്തിന്റെ അദ്ഭുതകരമായ ബൗദ്ധിക വികാസത്തിന് നിദാനമായതെന്നും അതുകൊണ്ട് തന്നെ പ്രവാസി സമൂഹം നല്ല വായനയിലൂടെ പ്രബുദ്ധരാകണമെന്നും ഐസിഎഫ് നാഷണൽ പ്രസിഡന്റ് സയിദ് ഹബീബ് അൽബുഖാരി. ജിദ്ദ മർഹബയിൽ നടന്ന പ്രവാസീ വായനയുടെ സൗദി നാഷണൽ തല പ്രചാരണ ക്യാമ്പയിൻ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ കാരണങ്ങളാൽ പ്രവാസി സമൂഹം നേരിടുന്ന മാനസിക സംഘർഷം ലഘൂകരിക്കാൻ ഒരു പരിധിവരെ വായന സഹായകമാകുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പ്രഖ്യാപന സമ്മേളനം കൊട്ടൂക്കര മുഹ് യുദ്ദീൻ സൗദി ഉദ്ഘാടനം ചെയ്തു. ഷാഫി മുസ്ലിയാർ അധ്യക്ഷത വഹിച്ച സംഗമത്തിൽ മിഡിൽ ഈസ്റ്റ് സെക്രട്ടറി മുജീബ് എ.ആർ. നഗർ, അബ്ദുൽ ഖാദിർ തിരുനാവായ എന്നിവർ പ്രസംഗിച്ചു.

അതിജീവനത്തിന്റെ വായന എന്ന ശീർഷകത്തിൽ വിവിധ പദ്ധതികളോടെ ഒക്ടോബർ 20 മുതൽ നവംബർ 20 വരെ ആചരിക്കുന്ന പ്രവാസി വായന പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി 28ന് വായന ദിനമായി ആചരിക്കും. അന്നേ ദിവസം സൗദിയുടെ വിവിധ ഏരിയകളിൽ മാധ്യമ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. വിദ്യാർഥികളിൽ വായനാ താൽപര്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവംബർ നാലിന്, വായനാകൂട്ടം സംഘടിപ്പിക്കുമെന്ന് നാഷണൽ സമിതി ചെയർമാൻ സയിദ് ആറ്റക്കോയ തങ്ങൾ, കൺവീനർ ബഷീർ എറണാകുളം എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ