കുവൈത്ത് അന്താരാഷ്ര്‌ട വിമാനത്താവളത്തിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നു
Monday, August 29, 2016 5:55 AM IST
കുവൈത്ത്: എറെ കാലത്തെ കാത്തിരിപ്പിനുശേഷം കുവൈത്ത് അന്താരാഷ്ര്‌ട വിമാനത്താവളത്തിലെ ടെർമിനൽ നിർമാണം ഈ ആഴ്ച ആരംഭിക്കുമെന്നു പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.

നിർമാണത്തിനാവശ്യമായ ഭൂമി കഴിഞ്ഞ ദിവസം ബന്ധപ്പെട്ട മന്ത്രാലയം ഏറ്റെടുത്തിരുന്നു. രാജ്യത്തെ തന്നെ വലിയ വികസന പദ്ധതിയാണ് വിമാനത്താവള നവീകരണം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആഗോളതലത്തിൽ എണ്ണവില ഇടിഞ്ഞതും രണ്ടു പദ്ധതികളുടെയും ഭാരിച്ച ചെലവുമാണ് പൊതു സ്വകാര്യ പങ്കാളിത്ത സംവിധാനത്തിലേക്ക് മാറുവാൻ കാരണമെന്നാണ് കരുതുന്നത്. എണ്ണയിടവുമായി ബന്ധപ്പെട്ട് ആഗോള രംഗത്തെ മാറിയ സാഹചര്യം മൂലം രാജ്യത്ത് കർശനമായ സാമ്പത്തിക അച്ചടക്കം അത്യാവശ്യമായ സമയത്ത് സർക്കാരിന്റെ പുതിയ തീരുമാനം പുതിയ ഉണർവു ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

തുർക്കിയിലെ ലിമാക് കൺസ്ട്രക്ഷനും കുവൈത്തിലെ ഖറാഫി ഇന്റർനാഷനലും ചേർന്നുള്ള കൺസോർഷ്യമാണ് 131 കോടി ദീനാർ ചെലവിൽ വിമാനത്താവള വികസനം പൂർത്തിയാക്കുക. കരാർ പ്രകാരം പദ്ധതി പൂർത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ര്‌ട വിമാനത്താവളത്തിനു പ്രതിവർഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും. നിലവിൽ 50 ലക്ഷം യാത്രക്കാരാണ് പ്രതിവർഷം വിമാനത്താവളം വഴി യാത്രനടത്തുന്നത്. ആധുനികരീതിയിലുള്ള വിമാനത്താവളത്തിന്റെ നവീകരണത്തിന് ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോകപ്രശസ്ത ഡിസൈനർമാരായ ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സ് ആണ് രൂപരേഖ തയാറാക്കിയത്. 1.2 കിലോ മീറ്റർ ദൈർഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തിൽ മൂന്നു ടെർമിനലുകളാണ് നിർമിക്കുന്നത്. ഒരൊറ്റ മേൽക്കൂരക്കുകീഴിലായിരിക്കും ഈ ടെർമിനലുകൾ. 25 മീറ്റർ ഉയരമുള്ള സെൻട്രൽ സ്പേസാണ് ടെർമിനലിനുണ്ടാവുക. 4,500 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്ന ബഹുനില പാർക്കിംഗ് സമുച്ചയം, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ബജറ്റ് ഹോട്ടൽ, വിശാലമായ അറൈവൽഡിപ്പാർച്ചർ ഹാളുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ടാവും.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ