മഹല്ല് ശാക്‌തീകരണത്തിന്റെ വടക്കാങ്ങര മാതൃക ദോഹയിൽ പ്രകാശനം ചെയ്തു
Saturday, August 20, 2016 6:56 AM IST
ദോഹ: മഹല്ല് ശാക്‌തീകരണത്തിന്റെ വടക്കാങ്ങര മാതൃക ദോഹയിൽ പ്രകാശനം ചെയ്തു. സാമൂഹ്യ സൗഹാർദ്ദവും മാനവിക ഐക്യവും ശക്‌തിപ്പെടുത്തുന്നതിനു മഹല്ല് ശാക്‌തീകരണ ചർച്ചകൾ സജീവമാകുമ്പോൾ, പ്രദേശത്തെ മുഴുവനാളുകളേയും പങ്കെടുപ്പിച്ച് വടക്കാങ്ങര മഹല്ല് സംഘടിപ്പിച്ച മാതൃകയുടെ രൂപരേഖ ഫ്രന്റ്സ് കൾചറൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽ സുവൈദ് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസറിന് ആദ്യ പ്രതി നൽകി അക്കോൺ ഗ്രൂപ്പ് വെൻഞ്ചേഴ്സ് ചെയർമാൻ ശുക്കൂർ കിനാലൂർ പ്രകാശനം ചെയ്തു.

ഒരു ഗ്രാമത്തിന്റെ സർവതോന്മുഖ പുരോഗതിയും സാംസ്കാരിക വളർച്ചയും ലക്ഷ്യം വയ്ക്കുന്ന വടക്കാങ്ങര മാതൃക കേരളത്തിലെ മറ്റു മഹല്ലുകൾക്കും പരീക്ഷിക്കാവുന്നതാണെന്നു ചടങ്ങിൽ സംസാരിച്ച ശുക്കൂർ കിനാലൂർ അഭിപ്രായപ്പെട്ടു.

വടക്കാങ്ങര നുസ്റത്തുൽ അനാം ട്രസ്റ്റ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ജാബിർ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വടക്കാങ്ങര മഹല്ല് സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്റർ ബ്രാഡ്മ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹാഫിസ് പ്രകാശനം ചെയ്തു.

മഹല്ലിലെ മുഴുവനാളുകളേയും പങ്കെടുപ്പിച്ച് കൂട്ടായി മുന്നോട്ടുപോകുന്നതിനുള്ള പഞ്ചവൽസര പദ്ധതി, വിദ്യാഭ്യാസ സാംസ്കാരിക പരിശീലന പരിപാടികൾ, സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ഒറ്റക്കെട്ടായ നീക്കം, മഹല്ലിന്റെ സ്വയം പര്യാപ്തക്കാവശ്യമായ സാമ്പത്തിക പദ്ധതികൾ, പരസ്പര സഹായനിധി, സക്കാത്ത് കമ്മിറ്റി തുടങ്ങി മഹല്ലിന്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന പരിപാടികളാണ് മഹല്ല് ശാക്‌തീകരണത്തിന്റെ വടക്കാങ്ങര മാതൃകയുടെ സവിശേഷത എന്നു സംസാരിച്ച അമാനുള്ള വടക്കാങ്ങര പറഞ്ഞു. രഹസ്യ ബാലറ്റിലൂടെ ജനാധിപത്യ രീതിയിൽ നടന്ന മഹവ്വ് കമ്മിറ്റി തെരഞ്ഞെടുപ്പും സ്ത്രീ പങ്കാളിത്തവും മഹല്ലിന്റെ വികസനത്തിനുള്ള പഞ്ചവൽസര പദ്ധതിയുമൊക്കെ കേരളത്തിലെ എല്ലാ മഹല്ലുകൾക്കും അനുകരണീയമാണെന്നും കേരളത്തിലെ മാതൃകാ മഹല്ലായി വടക്കാങ്ങരയെ മാറ്റുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചു നടന്ന മഹല്ല് സംഗമവും അനുബന്ധ പ്രവർത്തനങ്ങളും ആശാവഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.