കമ്പനിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിക്ക് 10,000 റിയാൽ പിഴ
Sunday, July 17, 2016 12:34 AM IST
ദോഹ: ജോലി ചെയ്തിരുന്ന കമ്പനിക്കെതിരേ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കേസിൽ ഖത്തറിൽ മലയാളിക്ക് 10,000 റിയാൽ പിഴ. ദോഹ മിസ്ഡിമീനർ കോടതിയുടേതാണ് ഉത്തരവ്. ഖത്തറിൽ ആദ്യമായാണ് സൈബർ കേസിൽ ഒരു ഇന്ത്യക്കാരൻ ശിക്ഷിക്കപ്പെടുന്നത്.

കമ്പനിയുടെ തന്നെ ഉടമസ്‌ഥതയിലുള്ള രണ്ടു സ്‌ഥാപനങ്ങൾക്കെതിരേ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ഡിസംബറിലാണ് മലയാളി ജീവനക്കാരനെതിരേ അപകീർത്തിക്കേസ് ഫയൽ ചെയ്തത്. പോസ്റ്റ് മലയാളത്തിലായിരുന്നതിനാൽ അറബിക് തർജിമയും കോടതിയിൽ കമ്പനി ഹാജരാക്കിയിരുന്നു.

ഖത്തറിൽ പുതുതായി നടപ്പാക്കിയ സൈബർ നിയമത്തിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് നിഷ്കർഷിക്കുന്നത്. മൂന്നു മുതൽ അഞ്ചു വരെ വർഷം തടവും രണ്ടു മുതൽ അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയാണ് കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് അനുശാസിക്കുന്നത്.