സൗദിയിൽ മലയാളി വെടിയേറ്റു മരിച്ച സംഭവം: രണ്ടു പേർ പിടിയിൽ
Sunday, July 17, 2016 12:33 AM IST
റിയാദ്: സൗദിഅറേബ്യയിൽ റിയാദിലെ ഭക്ഷണശാലയിൽ സൗദിവംശജരായ സംഘത്തിന്റെ വെടിയേറ്റു മലയാളി മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായതായി സൂചന. ആലംകോട് ചെഞ്ചേരിക്കോണം മാജിദമൻസിലിൽ നസീറാ(40)ണു വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പിൽ മരിച്ചത്. ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനെത്തിയ സൗദിക്കാരായ സംഘം ഭക്ഷണം കഴിച്ചശേഷം ബിൽതുക നൽകുന്നതു സംബന്ധിച്ചു തർക്കം ഉണ്ടാവുകയും തുടർന്നു വീട്ടിലേക്ക് മടങ്ങിയ സംഘം തോക്കുമായി തിരിച്ചെത്തി നസീറിനുനേരെ വെടിയുതിർക്കുകയുമായിരുന്നു.

പോലീസ് നടപടികൾക്കു ശേഷം റിയാദിലെ ലൈലഅഭിലാജിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണു മൃതദേഹം. ഇന്നു കബറടക്കം നടത്താനാകുമെന്നാണു വിവരം. ഇതിനായുളള രേഖകൾ ശനിയാഴ്ച നാട്ടിൽ നിന്ന് ഇ–മെയിൽ ചെയ്തിരുന്നു.

അതേസമയം, സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വാട്സ് ആപ്പിലൂടെ പുറത്തിറങ്ങിയിരുന്നു. സൗദി വംശജൻ ഭക്ഷണശാലയിൽ നസീറിനെ വെടിവയ്ക്കുന്നതും വയറിൽ വെടിയേറ്റ് നസീർ തറയിൽ വീഴുന്നതുമാണ് വീഡിയോയിൽ.