ഹില്ലരിക്ക് ജർമനിയിൽ വൻ പിന്തുണ
Friday, July 15, 2016 8:21 AM IST
ബെർലിൻ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത് ജർമൻകാർ മാത്രമാണെങ്കിൽ ഹില്ലരി ക്ലിന്റൻ അനായാസം ജയിക്കുമെന്ന് ഉറപ്പിക്കാം. അത്രയ്ക്കാണു മറ്റൊരു രാജ്യത്തെ പ്രസിഡന്റ് സ്‌ഥാനാർഥിക്കു ജർമനിയിൽ കിട്ടുന്ന സ്വീകാര്യത.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരിയുടെ എതിരാളിയായ ഡോണാൾഡ് ട്രംപിനോടാകട്ടെ, ജർമൻകാർക്ക് തീരെ താത്പര്യമില്ല. ട്രംപ് പ്രസിഡന്റായാൽ അമേരിക്കയ്ക്കും ലോകത്തിനും അതു ദുരന്തമായിരിക്കുമെന്നാണ് ഇതു സംബന്ധിച്ച സർവേകളിൽ ജർമൻകാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സർവേകളിൽ മാത്രമല്ല, പത്രമാധ്യമങ്ങളിൽ വരുന്ന ലേഖനങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ബ്ലോഗുകളിലുമെല്ലാം ഹില്ലരിക്കു തന്നെയാണു പിന്തുണ.

അതേസമയം, തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അമേരിക്കൻ മോഡലിനോട് ജർമൻകാർക്ക് തീരെ യോജിപ്പില്ല. 15 ശതമാനം പേർ മാത്രമേ ഇത് ഇഷ്‌ടപ്പെടുന്നുള്ളൂ. ജർമൻ രീതിതന്നെയാണ് നല്ലതെന്നാണ് 62 ശതമാനം പേരും അഭിപ്രായപ്പെടുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ