കുവൈത്തില്‍ വന്‍ അഗ്നിബാധ; ഒരു കുടുംബത്തിലെ ഒമ്പതു പേര്‍ മരിച്ചു
Friday, July 1, 2016 12:48 AM IST
കുവൈത്ത്: കുവൈത്തില്‍ വ്യാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം ഒരു കുടുംബത്തിലെ ഒമ്പതു പേര്‍ മരിച്ചു. സംഭവത്തില്‍ 12 പേര്‍ക്ക് പൊള്ളലേറ്റു. കുവൈത്ത് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആറു പേര്‍ സംഭവ സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് മരിച്ചത്. ഫര്‍വാനിയയിലെ ബ്ളോക്ക് 2 ല്‍ താമസിക്കുന്ന പാക്കിസ്ഥാനി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കച്ചവടത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. റംസാന്‍ വൃതത്തിലായതിനാല്‍ ഉറക്കത്തിലായിരുന്നു എല്ലാവരും. ഇതാണ് മരണ സംഖ്യ ഉയരാന്‍ ഇടയാക്കിയത്.

അഗ്നിശമന സേനയുടെയും ദുരന്ത നിവാരണ വിഭാഗത്തിന്റെയും വിവിധ യൂണിറ്റുകളുടെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണു തീയണക്കാനും അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കാനുമായത്. പരിക്കേറ്റവരെ ഫര്‍വാനിയ, സബാ ആശുപത്രികളിലേക്ക് മാറ്റി. സുരക്ഷാ ക്രമീകരണമില്ലാതെ നിയമവിരുദ്ധമായി താല്‍ക്കാലികമായി ഉണ്ടാക്കുന്ന ഷെഡുകളാണ് ഇത്തരം അപകടങ്ങള്‍ക്കു വഴിവെക്കുന്നതെന്ന് ഫയര്‍ ഫോഴ്സ് ആക്ടിംഗ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഖാലിദ് അല്‍ മെക്രാഡ് പറഞ്ഞു. അപകടം സംബധിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍