പി.വി. അന്‍വര്‍ എംഎല്‍എക്ക് പോത്തുകല്ല് കൂട്ടായ്മ സ്വീകരണം നല്‍കി
Monday, June 27, 2016 7:33 AM IST
ജിദ്ദ: നിലമ്പൂര്‍ നിയോജക മണ്ഡലം എംഎല്‍എ പി.വി. അന്‍വറിനു പോപ്പി ജിദ്ദാ (പോത്തുകല്ല് കൂട്ടായ്മ) എക്സിക്യൂട്ടീവ് ഭാരവാഹികള്‍ സ്വീകരണം നല്‍കി.

യോഗം പ്രവാസി രത്ന പുരസ്കാര ജേതാവും ജിദ്ദാ നവോദയ രക്ഷാധികാരിയുമായ വി.കെ. റൌഫ് ഉദ്ഘാടനം ചെയ്തു. പോപ്പി ജിദ്ദാ രക്ഷാധികാരി സുള്‍ഫിക്കര്‍ അലിയുടെ അധ്യക്ഷത വഹിച്ചു.

നിലമ്പൂര്‍ മണ്ഡലത്തിലും പോത്തുകല്ല് പഞ്ചായത്ത് പ്രദേശങ്ങളിലും ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട 12 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിവേദനം ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അബൂട്ടി പള്ളത്ത് കൈമാറി. നിലബൂരിലെ കുടിവെള്ള പ്രശ്നത്തിനു മുഖ്യ പ്രാധാന്യത്തോടെ പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു.

എംഎഎസ് ജിദ്ദാ ചാപ്റ്റര്‍ പ്രസിഡന്റ് പി.വി. അഷറഫ്, നാസര്‍ സ്രാമ്പിക്കല്‍, ജലീല്‍, അന്‍സാര്‍, ഷൌക്കത്ത്, റഹ്മത്ത്, അക്ബര്‍, കെ ടി ജുനൈസ്, എ.പി. നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

പോപ്പി ജിദ്ദയുടെ ഈ വര്‍ഷത്തെ ഇഫ്താര്‍ സംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും ജൂലൈ ഒന്നിനു (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെ ഷറഫിയ ഇംപാല ഹോട്ടലില്‍ നടക്കും. 'പ്രവാസി നീ ഒരുങ്ങുന്നില്ലേ?' എന്ന വിഷയത്തില്‍ ജിദ്ദയിലെ പ്രമുഖ പരിശീലകനായ എന്‍ജി. കുഞ്ഞി മുഹമ്മദ് പട്ടാമ്പി സംവദിക്കും. തുടര്‍ന്നു ഇഫ്താര്‍ സംഗമം, വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ തുടങ്ങിയവ നടക്കും. ജിദ്ദയിലെയും മക്ക റാഗിബ് പ്രദേശങ്ങളിലേയും മുഴുവന്‍ പ്രവാസികളും ഇഫ്താര്‍ സംഗമത്തിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍