ഓസ്ട്രിയക്കാരി സില്‍വിയ 38 വര്‍ഷമായി കാത്തിരിക്കുന്നു, ഇനിയും വരാത്ത സ്നേഹിതനുവേണ്ടി
Friday, June 24, 2016 6:27 AM IST
വിയന്ന: പ്രണയങ്ങള്‍ക്കും വിവാഹ ബന്ധങ്ങള്‍ക്കും വലിയ ആയുസില്ലാത്ത ഓസ്ട്രിയന്‍ ആധുനിക സമൂഹത്തില്‍ കഴിഞ്ഞ 38 വര്‍ഷമായി താന്‍ ഏറ്റവും സ്നേഹിക്കുന്ന തന്റെ പ്രിയതമനായി ജീവിതം മുഴുവന്‍ കാത്തിരിക്കുന്ന ഒരാളുണ്ട്. സില്‍വിയ എന്ന അന്‍പത്തിനാലുകാരി.

ഇവരുടെ കാമുകന്‍ യുവാന്‍ (67) ഇരുമ്പഴിക്കുള്ളിലാണ്. കഴിഞ്ഞ 38 വര്‍ഷമായി ഭവനഭേദനം, കൊലപാതകം, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ക്ക് കഠിനതടവ് അനുഭവിക്കുകയാണ് ഇയാള്‍.

ഇവരുടെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളുടെ തുടക്കം 1978 ലാണ്. അന്ന് സില്‍വിയയ്ക്ക് പ്രായം 16. ശരത്കാലത്തിലെ ഒരു സായാഹ്നത്തില്‍ വിയന്നയിലെ ഡിസ്കേയില്‍ നൃത്ത ചുവടുകള്‍ വയ്ക്കുമ്പോള്‍ സില്‍വിയയുടെ കണ്ണുകള്‍ അവിടെ നൃത്തം ചെയ്യുന്ന മറ്റൊരു ചെറുപ്പക്കാരനില്‍ ഉടക്കി. ഒരു വലിയ പ്രണയം അവിടെ ആരംഭിക്കുകയായി. സില്‍വിയ അറിഞ്ഞില്ല, ഒറ്റ നോട്ടത്തില്‍ തന്നെ വീഴ്ത്തിയ യുവാവുമൊത്തുള്ള പ്രണയം തന്റെ ജീവിതത്തെ ഇരുട്ടിലേക്കെറിയുമെന്ന്. യുവാനും ആദ്യ നോട്ടത്തില്‍ തന്നെ സില്‍വിയയെ ഇഷ്ടപ്പെട്ടു പോയിരുന്നു.

എന്നാല്‍ 10 ആഴ്ച കഴിഞ്ഞപ്പോള്‍ കവര്‍ച്ചയ്ക്കും കൊലപാതകത്തിനുമായി യുവാവിനെ ജയിലിലടച്ചു. പോസ്റ് ജീവനക്കാരനെ കൊന്ന കേസിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ജയിലില്‍ യുവാന്‍ കാര്‍ലോസിനെ സ്ഥിരം സന്ദര്‍ശിക്കുന്ന സില്‍വിയ പറയുന്നു, യുവാനെപ്പോലെ മറ്റൊരാളെ ഇതേവരെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.

യുവാന്‍ ജയിലിലായതിനു ശേഷം സില്‍വിയയ്ക്ക് രണ്േടാ മൂന്നോ സുഹൃത്തുക്കള്‍ ഉണ്ടായെങ്കിലും അവരാരും തന്നെ യുവാനു തുല്യമായില്ല. തന്നെയുമല്ല ആഴ്ചകള്‍ മാത്രമേ ആ ബന്ധങ്ങള്‍ തുടര്‍ന്നുള്ളൂ.

ജോലി സ്ഥലത്തുനിന്നു വളരെയകലെ അല്ലാതിരുന്നതിനാല്‍ സില്‍വിയ ജയിലിലെ ഒരു നിത്യ സന്ദര്‍ശകകൂടിയായിരുന്നു. ആദ്യമായി കാണുമ്പോള്‍ സില്‍വിയ മനസിലാക്കിയിരുന്നില്ല യുവാന്റെ അമിത സൌന്ദര്യത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം.

പതിമൂന്നാം വയസില്‍ ഉറുഗ്വേയില്‍നിന്നു കുടിയേറിയ യുവാന്‍ കാര്‍ലോസ് ക്രിമിനലും വിമതനുമൊക്കെയായിരുന്നു. സില്‍വിയ പറയുന്നു ലോകത്തിനു നിങ്ങള്‍ ആരെങ്കിലുമായിരിക്കാം, എന്നാല്‍ ആര്‍ക്കോ നിങ്ങള്‍ എല്ലാമെല്ലാമാണ്.

ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം, കവര്‍ച്ച തുടങ്ങിയ കേസുകളിലൊക്കെ പ്രതിയായിരുന്ന യുവാനിപ്പോള്‍ 67 വയസായി.

ഈ പ്രായത്തില്‍ യുവാന്‍ അപകടകാരി അല്ലെന്നാണു സില്‍വിയയുടെ അഭിപ്രായം. സില്‍വിയ കാത്തിരിക്കുന്നു; യുവാനെ ജയിലില്‍നിന്നു വിടുമെന്നും തന്നോടൊപ്പം വരുമെന്നും കരുതി.

ഷിജി ചീരംവേലില്‍