യുക്മ സ്റേജ് ഷോയ്ക്കു വിജയകരമായ പരിസമാപ്തി
Wednesday, June 22, 2016 6:14 AM IST
ലണ്ടന്‍: യുക്മ സ്റേജ് ഷോ നാദ വിനീത ഹാസ്യം കേരളത്തില്‍നിന്നുള്ള പ്രഗല്ഭ പ്രതിഭകളെ അണി നിരത്തിക്കൊണ്ടു അദ്ഭുതകരമായ പ്രകടനകളാല്‍ യുകെ മലയാളികളുടെ മനം കവര്‍ന്നു.

ലണ്ടന്‍, ലെസ്റര്‍, മാഞ്ചസ്റര്‍ എന്നീ മൂന്നു സ്ഥലങ്ങളിലാണു ഷോ അരങ്ങേറിയത്. വിനീത് ശ്രീനിവാസന്‍, നാദിര്‍ഷ, വൈക്കം വിജയലക്ഷ്മി, പാഷാണം ഷാജി, കാഞ്ഞിരമറ്റം പ്രശാന്ത്, വീണ നായര്‍, രഞ്ജിനി ജോസ്, ജുഗ്ലെര്‍ വിനോദ്, നാട്ടില്‍ നിന്നുള്ള പ്രശസ്തനായ കീ ബോര്‍ഡ് പ്ളെയര്‍, ബിജു പൌലോസ് എന്നിവരെ കൂടാതെ യുകെയില്‍ നിന്നുള്ള തബലിസ്റ് വിനോദ് നവധാര എന്നിവരായിരുന്നു ടീം അംഗങ്ങള്‍.

പാട്ടും സ്കിറ്റും ആവേശം ഉതിര്‍ത്ത ജുഗ്ലീങ്ങും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ വിസ്മയ കാഴ്ച തീര്‍ത്തു യുകെ മലയാളികളെ കൈയില്‍ എടുക്കുകയായിരുന്നു. ലണ്ടനില്‍ ജയ്സണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് ലണ്ടനും സ്വയം ഒരുമിച്ചു ചേര്‍ന്ന നടത്തിയ പരിപാടിയില്‍ വന്‍ ജനത്തിരക്കായിരുന്നു. ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ വേദിയില്‍ ആവേശത്തിമിര്‍പ്പായി മാറി ആദ്യ ഷോ.

ലെസ്ററില്‍ ലെസ്റര്‍ കേരള കമ്യൂണിട്ടിയുടെയും ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ് യുക്മ റീജണിന്റേയും സംയുക്ത നേതൃത്വത്തില്‍ നടന്ന ഷോ, യുക്മയുടെ സ്റാര്‍ സിംഗര്‍ സീസണ്‍ രണ്ടിന്റെ ഗ്രാന്‍ഡ് ഫൈനലായും ലെസ്ററില്‍ മെഹര്‍ സെന്ററില്‍ അരങ്ങേറി.

ആയിരത്തി അറുനൂറോളം കാണികളുടെ സാന്നിധ്യത്തില്‍ നടന്ന മത്സരം നാദിര്‍ഷ, വിനീത് ശ്രീനിവാസന്‍, രഞ്ജിനി ജോസ് എന്നിവര്‍ ജഡ്ജ് ചെയ്ത പരിപാടിയില്‍ അനു ചന്ദ്ര ഒന്നാം സ്ഥാനം നേടി. അലീന സജീഷ് രണ്ടാം സ്ഥാനവും ഡോ. വിപിന്‍ മൂന്നാം സ്ഥാനവും സത്യനാരായണന്‍, സന്ദീപ് കുമാര്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളും നേടി. ജേതാക്കള്‍ക്ക് പ്രശസ്തി പത്രവും കാഷ് അവാര്‍ഡുകളും സമ്മാനിച്ചു. ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത ഷോയും ജനശ്രദ്ധ ആകര്‍ഷിച്ചതും ലെസ്ററില്‍ മെഹര്‍ സെന്ററില്‍ നടന്ന പരിപാടി ആയിരുന്നു. രണ്ടായിരത്തിലധികം ആളുകള്‍ തിങ്ങി നിറഞ്ഞ വേദി ലെസ്റര്‍ കേരള കമ്യൂണിറ്റിക്ക് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചു. മാഞ്ചസ്ററില്‍ എത്തിയപ്പോള്‍ ഏറ്റവും മുന്തിയ സൌകര്യങ്ങളോടു കൂടിയ വേദി എന്ന നിലയില്‍ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടു. യുക്മ നോര്‍ത്ത് വെസ്റ് റീജണിന്റെ ആഭിമുഖ്യത്തില്‍ ആയിരുന്നു മാഞ്ചസ്ററിലെ സ്റോക്പോര്‍ട്ടില്‍ പരിപാടി സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍