തിരക്കില്‍ വീര്‍പ്പുമുട്ടി കുവൈത്ത് വിമാനത്താവളം
Friday, June 17, 2016 6:22 AM IST
കുവൈത്ത്: റംസാനും സ്കൂള്‍ അവധിയും കാരണം വിമാനത്താവളത്തില്‍ തിരക്കേറുന്നു. ഇമിഗ്രേഷന്‍ കൌണ്ടറിലെ അനിയന്ത്രിതമായ തിരക്കു കാരണം കഴിഞ്ഞ ദിവസം പുറപ്പെട്ട എല്ലാ വിമാനങ്ങളും മണിക്കൂറുകള്‍ വൈകിയാണ് യാത്ര തുടങ്ങിയത്. നാലും അഞ്ചും മണിക്കൂറുകള്‍ മുമ്പേ വരുന്ന യാത്രക്കാര്‍ക്കു പോലും കൃത്യ സമയത്ത് ബോര്‍ഡിംഗ് പാസും ഇമിഗ്രേഷനും ലഭ്യമാകുന്നില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ മേയില്‍ ഏഴുശതമാനം വര്‍ധനയുണ്ടായതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ സ്ഥിതിവിവരക്കണക്കു വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം മേയില്‍ 93,7070 യാത്രക്കാരാണു കുവൈത്ത് വിമാനത്താവളം ഉപയോഗിച്ചത്. ഈ വര്‍ഷമത് ഒരു ദശലക്ഷമായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം കുവൈത്തില്‍ ഇറങ്ങിയതു 4,49,250 പേരും ഈവര്‍ഷം അത് 4,87,220 പേരുമാണ്. കുവൈത്തില്‍ നിന്നും കഴിഞ്ഞവര്‍ഷം മേയില്‍ യാത്ര ചെയ്തതു 4,87,820 പേരാണ്. ഈവര്‍ഷം അത് 5,16,250 ആയി. ചരക്ക് നീക്കത്തിലും വിമാനങ്ങളുടെ എണ്ണത്തിലും നേരിയ വര്‍ധന രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍