ഇടാത്തി വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു
Friday, May 27, 2016 8:06 AM IST
ബെര്‍ലിന്‍: ബാലലൈംഗിക ചിത്രങ്ങളും വീഡിയോകളും കൈവശം വച്ചുവെന്നതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടു ജര്‍മനിയിലെ എംപിസ്ഥാനവും മറ്റു പദവികളും നഷ്ടപ്പെട്ട പാതി മലയാളി സെബാസ്റ്യന്‍ ഇടാത്തി (46) വീണ്ടും മാധ്യമശ്രദ്ധ പിടിച്ചു പറ്റുന്നു. ഇത്തവണ ഇടാത്തിയുടെ ജര്‍മനിയില്‍നിന്നുള്ള പലായനത്തെക്കുറിച്ചും പുതിയ താവളത്തെക്കുറിച്ചുമുള്ള സംഭവങ്ങളാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്.

ഇടാത്തിയെ നോര്‍ത്ത് ആഫ്രിക്കയിലെ ഒരു രാജ്യത്തു കണ്ടെത്തിയതായിട്ടാണ് ജര്‍മന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. എന്നാല്‍ സുരക്ഷയുടെ അടിസ്ഥാനത്തില്‍ ഏതു രാജ്യമാണെന്നു കൃത്യമായി വെളിപ്പെടുത്താതെയാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ഇടാത്തി ജര്‍മനിയില്‍ കുറഞ്ഞകാലംകൊണ്ട് ഉദിച്ചുയര്‍ന്ന ഒരു രാഷ്ട്രീയ താരമായിരുന്നു. എന്നാല്‍ കേസിലും വിവാദങ്ങളിലുംപെട്ട് രാഷ്ട്രീയ വനവാസത്തില്‍ കഴിയേണ്ടിവന്ന അവസ്ഥയിലാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വീണ്ടും നിറയുന്നത്.

പോര്‍ണോ കേസില്‍ 5000 യൂറോ പിഴശിക്ഷയാണ് ഇടാത്തിക്ക് ലഭിച്ചത്. അതിനു മുന്‍പുതന്നെ എംപി സ്ഥാനവും രാജിവച്ചിരുന്നു. 2013 നവംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പിന്നീട് ജര്‍മനിയെ തന്നെ സംഭവം പിടിച്ചുകുലുക്കി. മന്ത്രിമാര്‍ക്ക് തല്‍സ്ഥാനങ്ങള്‍ രാജിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ ജനുവരിയില്‍ ഇടാത്തി വിവാഹിതനാകുമെന്നും വെളിപ്പെടുത്തലുണ്ടായി. കൂട്ടുകാരിയെ വിവാഹം ചെയ്യുമെന്ന് ഇദ്ദേഹംതന്നെ വെളിപ്പെടുത്തിയിരുന്നു.

ഇടാത്തി സംഭവത്തില്‍ ജര്‍മന്‍ രാഷ്ട്രീയത്തിലെ വമ്പന്‍ സ്രാവുകള്‍ ഉള്‍പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാവരുംതന്നെ നല്ലനിലയില്‍ രാഷ്ട്രീയ വിഹായസില്‍ വിലസുകയും ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍