ഒമാനി ഗായകനെ ആദരിച്ചു
Wednesday, May 25, 2016 5:57 AM IST
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് പ്രവാസികള്‍ നടത്തിയ ചെമ്മീന്‍ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ 'മാനസമൈനേ വരൂ' എന്ന മലയാളികളുടെ എക്കാലത്തെയും പ്രിയഗാനം ആലപിച്ച ഒമാനി ഗായകന്‍ മുഹമ്മദ് റാഫിയെ ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.റ്റി. റബിയുള്ള ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മസ്കറ്റ് സിഇഒ സിദ്ദിഖ് വലിയകത്തും സന്നിഹിതനായിരുന്നു.

ഒ.കെ. മുഹമ്മദാലി ആശയവും സംവിധാനവും നിര്‍വഹിച്ച ചെമ്മീന്‍ സുവര്‍ണ ജുബിലി ആഘോഷം മസ്കറ്റിലെ അല്‍ബുസ്താന്‍ പാലസിലാണ് സംഘടിപ്പിച്ചത്. ഷിഫ അല്‍ജസീറ ഗ്രൂപ്പായിരുന്നു പരിപാടികളുടെ പ്രായോജകര്‍. മുഹമ്മദ് റാഫിയെ ആ ഗാനം പഠിപ്പിച്ചതും ഒമാനിലെ ഇംഗ്ളീഷ് പത്രത്തില്‍ ന്യൂസ് ഫോട്ടോഗ്രാഫറായ മുഹമ്മദാലി തന്നെയായിരുന്നു. ആ ഗാനത്തിന്റെ തനിമ ചോരാതെ മലയാളത്തിന്റെ നിത്യ വസന്തങ്ങളായ മധുവിന്റെയും ഷീലയുടെയും സാന്നിധ്യത്തില്‍ റാഫി തന്റെ ശബ്ദത്തില്‍ ആലപിച്ചപ്പോള്‍ കാണികള്‍ എഴുന്നേറ്റു നിന്നു കൈ അടിച്ചാണ് അദ്ദേഹത്തെ ആദരിച്ചത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം