വ്യവസ്ഥകള്‍ പാലിക്കാതെ തുര്‍ക്കിക്കാര്‍ക്കു വീസ രഹിത യാത്ര അനുവദിക്കില്ല: യൂറോപ്യന്‍ കമ്മീഷന്‍
Monday, May 16, 2016 8:25 AM IST
ബ്രസല്‍സ്: അഭയാര്‍ഥി പ്രശ്നം പരിഹരിക്കുന്നതു സംബന്ധിച്ച് ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ എല്ലാം തുര്‍ക്കി പാലിക്കണമെന്നു യൂറോപ്യന്‍ കമ്മീഷന്‍. ഇതു മുഴുവന്‍ പാലിക്കാതെ തുര്‍ക്കിക്കാര്‍ക്ക് യൂറോപ്പിനുള്ളില്‍ വീസ രഹിത യാത്ര അനുവദിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കര്‍ വ്യക്തമാക്കി.

ഗ്രീസില്‍നിന്നു തിരിച്ചയയ്ക്കുന്ന സിറിയന്‍ അഭയാര്‍ഥികളെ തുര്‍ക്കി സ്വീകരിക്കുക എന്നതാണ് കരാറിന്റെ പ്രധാന വ്യവസ്ഥ. എന്നാല്‍, ഇതിന്റെ ഭാഗമായി പല ഉപാധികളും പാലിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ വിസമ്മതിക്കുന്നു എന്നാണ് യൂറോപ്യന്‍ കമ്മീഷന്റെ വിലയിരുത്തല്‍.

തുര്‍ക്കിക്കാര്‍ക്ക് യൂറോപ്പില്‍ വീസ രഹിത യാത്രയ്ക്ക് അവകാശം നിഷേധിക്കപ്പെട്ടാല്‍ എര്‍ദോഗനു മാത്രമായിരിക്കും അതിന്റെ ഉത്തരവാദിത്വം. സ്വന്തം ജനതയോട് അതിന് അദ്ദേഹം മറുപടി പറയേണ്ടി വരുമെന്നും ജങ്കര്‍ മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍