മീഡിയ ഫോറം 'ജനവിധി 2016' തെരഞ്ഞെടുപ്പു സംവാദം സംഘടിപ്പിച്ചു
Thursday, May 12, 2016 7:06 AM IST
ദമാം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദമാമിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമാം മീഡിയ ഫോറം 'ജനവിധി 2016' എന്ന പേരില്‍ തെരഞ്ഞെടുപ്പു സംവാദം സംഘടിപ്പിച്ചു.
ദമാം ദാര്‍അസിഹ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദം ഇറാം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സിദ്ദീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രവിശ്യയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികളും പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ സംവാദത്തില്‍ പങ്കെടുത്തു.

മുഖ്യധാരാ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിക്കുന്ന നാല് പാനലുകളില്‍ കെഎംസിസിയെ പ്രതിനിധീകരിച്ച് നാഷണല്‍ കമ്മിറ്റി ട്രഷറര്‍ സി. ഹാഷിം, ഒഐസിസിക്കുവേണ്ടി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. സുധീന്ദ്രന്‍, നവോദയ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, നവയുഗം സാംസ്കാരിക വേദിക്കുവേണ്ടി പ്രസിഡന്റ് കെ.ആര്‍. അജിത്ത് എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്നത്. സദസില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി തുടങ്ങി ചെറുതും വലുതുമായ ഒട്ടുമിക്ക രാഷ്ട്രീയ സാമൂഹ്യ സംഘനാ പ്രവര്‍ത്തകരും വിവിധ പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികളും വിവിധ വിഷയങ്ങളില്‍ കൃത്യമായ കണക്കുളും വസ്തുതകളും നിരത്തി പാനലുകളിലേക്ക് ചോദ്യങ്ങളറിഞ്ഞു.

നിതാഖാത്തു മൂലം ജോലി നഷ്ടപ്പെടുന്നവര്‍, അവരുടെ പുനരധിവാസം, ക്ഷേമ പെന്‍ഷനുകള്‍, ഇവിടെ മരണപ്പെടുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനും അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന തരത്തിലുള്ള ഇടപെടലുകള്‍ തുടങ്ങി പ്രവാസികള്‍ അഭിമുഖീകരിക്കുന്ന ഒട്ടു മിക്ക പ്രശ്നങ്ങളും സംഘടനാ നേതാക്കള്‍ക്ക് മുന്നില്‍ ചോദിച്ച് നേതാക്കളെ മുട്ടുകുത്തിക്കാന്‍ സദസില്‍ നിന്ന് ആവേശത്തോടെയാണ് പലരും എഴുന്നേറ്റത്. ആരോപണ പ്രത്യാരോപണങ്ങളും വാദ പ്രതിവാദങ്ങളും കൊണ്ട് സംവാദം കത്തിക്കയറിയപ്പോള്‍ പലപ്പോഴും മീഡിയ ഫോറം പ്രവര്‍ത്തകര്‍ക്ക് അണികളെയും നേതാക്കളെയും ശാന്തരാക്കാന്‍ ഇടപെടേണ്ടി വന്നു.

മീഡിയ ഫോറം ജോ. സെക്രട്ടറി അനില്‍കുറിച്ചിമുട്ടം മോഡറേറ്ററായിരുന്നു. മീഡിയ ഫോറം പ്രസിഡന്റ് പി.ടി. അലവി (ജീവന്‍), മുഹമ്മദ് ശരീഫ് (മീഡിയ വണ്‍), മീഡിയ ഫോറം ട്രഷറര്‍ സുബൈര്‍ ഉദിനൂര്‍ (ഏഷ്യനെറ്റ് റേഡിയോ), മുജീബ് കളത്തില്‍ (ജയ് ഹിന്ദ്), എം.എം. നയിം (കൈരളി), ഹബീബ് ഏലം കുളം (മലയാളം ന്യൂസ്), അഹ്മദ് യൂസുഫ് (ഗള്‍ഫ് തേജസ്), അഷ്റഫ് ആളത്ത് (ചന്ദ്രിക), ചെറിയാന്‍ കിടങ്ങന്നൂര്‍ (മംഗളം) എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.