ജിഷയുടെ കൊലപാതകം; അധികൃതരുടെ അനാസ്ഥയില്‍ വനിതാവേദി കുവൈറ്റ് പ്രതിഷേധിച്ചു
Thursday, May 5, 2016 8:14 AM IST
കുവൈത്ത് സിറ്റി: ജിഷ എന്ന നിയമ വിദ്യാര്‍ഥിനിയുടെ ക്രൂരമായ കൊലപാതകത്തിലും തുടര്‍ന്നു അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള അനാസ്ഥയിലും വനിതാവേദി കുവൈറ്റ് പ്രതിഷേധിച്ചു.

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതില്‍ രാജ്യത്തെ നിയമ വ്യവസ്ഥയും അതു നടപ്പാക്കേണ്ട ഭരണ വര്‍ഗവും നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഈ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കപട സദാചാര വാദികളുടേയും അരാജചകവാദികളുടേയും നാടായി സാക്ഷരകേരളം മാറിയിരിക്കുന്നു. മാധ്യമങ്ങളും കുറ്റകരമായ നിസംഗത പാലിച്ചു.

ഗ്രാമീണ ജീവിതത്തിന്റെ നൈര്‍മല്യവും സാമൂഹ്യ ജീവിതവും വികലമായ വികസന കാഴ്ചപ്പാടുകളുടെ ഫലമായി പുറമ്പോക്കുകളിലേക്ക് തള്ളപ്പെടുന്നു. സ്ത്രീകളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടരുത്. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഭരണാധികാരികള്‍ തയാറാകണം. ശാസ്ത്രീയമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും ജിഷക്ക് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും വനിതാവേദി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ഷെറിന്‍ ഷാജുവും ജനറല്‍ സെക്രട്ടറി ടോളി പ്രകാശും പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍