ചില്ല സര്‍ഗവേദി സര്‍ഗസംവാദം സംഘടിപ്പിച്ചു
Monday, May 2, 2016 8:19 AM IST
റിയാദ്: സാമൂഹിക അവസ്ഥകളോടു സര്‍ഗാത്മകമായി പ്രതികരിക്കുന്ന കൃതികളുടെ വായനാനുഭവം പങ്കുവച്ചും സര്‍ഗസംവാദവുമായി ചില്ല സര്‍ഗവേദി സംഘടിപ്പിച്ച പ്രതിമാസ ഒത്തുചേരല്‍ ശ്രദ്ധേയമായി. ഇന്ത്യന്‍ അവസ്ഥയില്‍ ജാതി ചെലുത്തുന്ന സ്വാധീനം മുഖ്യവിഷയമായ വായനയില്‍ സവര്‍ണ മേധാവിത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ കൃതികളും വായനയും സംവാദത്തില്‍ സജീവമായി. സമാനതകളില്ലാത്ത തരത്തിലുള്ള അടിച്ചമര്‍ത്തലുകളും ലിംഗസാമൂഹ്യവിവേചനവും ജാതിമതങ്ങളുടെ പേരില്‍ ഒരു വിഭാഗം ജനങ്ങളനുഭവിക്കുമ്പോള്‍ മറ്റുചിലര്‍ സമ്പത്തും അധികാരവും എല്ലാം കൈയടക്കാന്‍ ശ്രമിക്കുന്നതും ചര്‍ച്ചയുടെ ഭാഗമായി.

സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ യുക്തിചിന്തയേയും ആത്മബോധത്തെയും വീണ്െടടുക്കുന്ന എഴുത്തിനും വായനക്കും ഏറെ പ്രസക്തിയുണ്െടന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വി.ആര്‍. സുധീഷിന്റെ 'എഴുതിയ കാലം' എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ച് ടി. ജാബിറലി 'എന്റെ വായന' എന്ന ശീര്‍ഷകത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു.

അരുന്ധതി റോയിയുടെ വിശദ പഠനത്തോടുകൂടിയുള്ള ഡോ. ബി.ആര്‍.അംബേദ്കറുടെ ആനിഹിലേഷന്‍ ഓഫ് കാസ്റ് 'ജാതി ഉന്മൂലനം വ്യാഖ്യാന വിമര്‍ശനങ്ങള്‍ സഹിതം' എന്ന പുസ്തകത്തിന്റെ വായന നിജാസ് നടത്തി.

ഇന്ത്യയിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെയും ജാതിവ്യവസ്ഥയെയും പിന്തുണയ്ക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകള്‍ വ്യക്തമാക്കുന്ന ഗോള്‍വാള്‍ക്കരുടെ 'ബെഞ്ച് ഓഫ് തോട്സ്' എന്ന പുസ്തകത്തിന്റെ വായന ഷമീം താളാപ്രത്ത് നടത്തി.

അധഃകൃതവര്‍ഗത്തിന്റെ കഥ പറയുന്ന എം.മുകുന്ദന്റെ നോവല്‍ 'പുലയപ്പാട്ട്' ഷംല ചീനിക്കല്‍ അവതരിപ്പിച്ചു. തമസ്കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണ് നോവലിസ്റ് കഥയായി വായനക്കാരന് നല്‍കുന്നതെന്നു ഷംല പറഞ്ഞു.

കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ ആഴത്തില്‍ ചോദ്യം ചെയ്ത കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' സുരേഷ് അവതരിപ്പിച്ചു.

സമൂഹത്തിലെ ഉച്ചനീചത്വത്തിനെതിരെ ആഞ്ഞടിച്ചതും കാവ്യമനോഹാരിത കൊണ്ട് അതിശ്രേഷ്ഠമയതുമായ ഖണ്ഡകാവ്യം ജാത്യാചാരങ്ങളുടെ അര്‍ഥശൂന്യത വെളിവാക്കാനാണു ശ്രമിക്കുന്നതെന്നു സുരേഷ് പറഞ്ഞു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി. സായ്നാഥിന്റെ 'നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു' എന്ന കൃതിയുടെ വായന നൌഷാദ് കോര്‍മത്ത് നടത്തി. ഇന്ത്യന്‍ സമൂഹത്തില്‍ ഫ്യൂഡല്‍ സ്വഭാവം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ജാതി ജനജീവിതത്തെ അസന്തുലിതവും അരക്ഷിതവുമാക്കുന്നതും സായ്നാഥ് തന്റെ കൃതിയില്‍ പറയുന്നു. അത്യന്തം ദയനീയമായ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണു സായ്നാഥ് പകര്‍ന്നുതരുന്നതെന്നു നൌഷാദ് വായനാനുഭവം പങ്കുവച്ചുകൊണ്ട് പറഞ്ഞു.

രവിചന്ദ്രന്‍.സിയുടെ 'വാസ്തു ലഹരി'യുടെ വായാനാനുഭവം വിജയകുമാര്‍ പങ്കുവച്ചു. നവോഥാന പ്രസ്ഥാനങ്ങളിലൂടെ നാമാര്‍ജിച്ച യുക്തിബോധവും പുരോഗമനചിന്തയും വ്യക്തിതലത്തിലും സമൂഹതലത്തിലും നഷ്ടപ്പെടുന്ന കാലത്ത് കൊതിപ്പിച്ചും പേടിപ്പിച്ചും നമ്മെ ഭരിക്കുന്ന അന്ധവിശ്വാസങ്ങളുടെ അടിത്തറയെക്കുറിച്ചും വാസ്തുശാസ്ത്രത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചുമാണ് പറയുന്നതെന്ന് വിജയകുമാര്‍ പറഞ്ഞു.

ഒ.ചന്തുമേനോന്റെ 'ഇന്ദുലേഖ' പി.കെ. രാജശേഖരന്റെ പുനര്‍വായനയുമായി നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. കേരളത്തിന്റെ സമസ്തമേഖലയിലും വിമോചനത്തിനാവശ്യമായ സാംസ്കാരികസാഹചര്യമാണ് മലയാളത്തിലെ ആദ്യനോവലായ 'ഇന്ദുലേഖ' യിലൂടെ ചന്തുമേനോന്‍ സൃഷ്ടിച്ചതെന്നും മലയാളത്തിലെ ആദ്യനോവലിനെ കാലാകാലങ്ങളായി മിക്ക പ്രസാധകരും മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും പി.കെ. രാജശേഖരനെ ഉദ്ധരിച്ചുകൊണ്ട് നജിം പറഞ്ഞു.

പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ ശങ്കര്‍ രചിച്ച 'ദ ഗ്രേറ്റ് അണ്‍നോണ്‍' എന്ന കൃതിയുടെ വായനാനുഭവം ആര്‍.മുരളീധരന്‍ പങ്കുവച്ചു. അമേരിക്കന്‍ എഴുത്തുകാരന്‍ ആര്‍തര്‍ ഗോള്‍ഡന്റെ വിഖ്യാതമായ നോവല്‍ 'ഒരു ഗയിഷയുടെ ഓര്‍മക്കുറിപ്പുകള്‍' സിയാദ് മണ്ണഞ്ചേരി അവതരിപ്പിച്ചു. പ്രവാസത്തിന്റെ കണ്ണീരും വേദനയും നിറഞ്ഞ ഓര്‍മപുസ്തകം പി.ടി. മുഹമ്മദ് സാദിഖിന്റെ 'യത്തീമിന്റെ നാരങ്ങാ മിഠായി'യുടെ വായനാനുഭവം റഫീഖ് പന്നിയങ്കര പങ്കുവച്ചു. തുടര്‍ന്നു നടന്ന സര്‍ഗ സംവാദത്തില്‍ എം.ഫൈസല്‍, ജയചന്ദ്രന്‍ നെരുവമ്പ്രം, മന്‍മോഹന്‍, യൂസഫ്, പ്രിയ സന്തോഷ്, ഷീബ രാജുഫിലിപ്പ്, അമല്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.