തകാഫുല്‍ എമിറാത്ത് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്: ദുബായി കെഎംസിസി മാതൃക
Wednesday, April 20, 2016 9:01 AM IST
ദുബായി: ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സ എന്ന ആശയവുമായി ദുബായി കെഎംസിസി മൂന്നു വര്‍ഷമായി നടത്തിവരുന്ന മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി മാറുന്നു.

യുഎഇയിലും നാട്ടിലും ചികിത്സാ സൌകര്യവും ആനുകൂല്യവും ലഭ്യമാക്കുന്ന വിധത്തിലാണിത്. തുംബൈ ഗ്രൂപ്പ് ആഫി നെറ്റ്വര്‍ക്ക് സഹകരണത്തോടെ തകാഫുല്‍ എമിറാത്ത് ഇന്‍ഷ്വറന്‍സിന്റെ ഒന്നര ലക്ഷം ദിര്‍ഹമിന്റെ വാര്‍ഷിക പരിധിയില്‍ മുന്‍കാല രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സയാണ് ലഭ്യമാക്കുന്നത്. ഡോക്ടറുടെ പരിശോധന ഇനത്തില്‍ 20 ശതമാനം (പരമാവധി 25 ദിര്‍ഹം നല്‍കിയാല്‍ മതിയാവും.

ദുബായി ആരോഗ്യ മന്ത്രാലയം ജൂണ്‍ മുതല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വീസ പുതുക്കാനും മറ്റു ചികിത്സാ സൌകര്യങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനകരമാകും. ദുബായി ഹെല്‍ത്ത് അഥോറിറ്റിയുടെ അംഗീകൃത ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും നിയമപരമായ ബെനിഫിറ്റോട് കൂടിയ പ്ളാനാണ് നല്‍കുന്നത്. ദുബായി കെഎംസിസി അംഗങ്ങളെയും അനുഭാവികളെയും അവരുടെ കുടുംബങ്ങളെയുമാണ് പ്രാഥമികമായി ലക്ഷ്യമിടുന്നതെങ്കിലും 60 വയസിനു താഴെയുള്ള അബുദാബി വീസ ഒഴികെയുള്ള ആര്‍ക്കും ഈ ഇന്‍ഷ്വറന്‍സില്‍ ചേരാവുന്നതാണ്. ഇതില്‍ അംഗമാവുന്നവര്‍ക്ക് 650ല്‍പരം മെഡിക്കല്‍ സ്ഥാപനങ്ങളില്‍ (ആശുപത്രികള്‍, ക്ളിനിക്കുകള്‍, ഡയഗ്നോസ്റിക് സെന്ററുകള്‍, ഫാര്‍മസികള്‍) സേവനം ലഭ്യമായിരിക്കും.

ദുബായി കെഎംസിസിയുടെ മൈ ഹെല്‍ത്ത് നടപ്പാക്കുന്ന ഇതിന്റെ കാലയളവ് 2016 മേയ് മുതല്‍ 2017 മേയ് വരെയാണ്.

വിവരങ്ങള്‍ക്ക്: 04 2727773.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍