ശരീഅത്ത് അനുസരിച്ചുള്ള മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തില്‍ കോടതി ഇടപെടണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍
Tuesday, April 19, 2016 8:37 AM IST
കുവൈത്ത്: രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നീതിന്യായ സംവിധാനങ്ങള്‍ നടത്തിവരുന്ന ഇടപെടലുകള്‍ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വെളിച്ചം നേതൃ സംഗമം അഭിപ്രായപ്പെട്ടു.

മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികള്‍ വിലക്കരുതെന്ന് പ്രവാചക നിര്‍ദേശങ്ങളുണ്ട്. പ്രവാചകന്റെ കാലത്തും അതിനുശേഷവും മുസ്ലിം സ്ത്രീകള്‍ പള്ളികളില്‍ ആരാധനക്കായി എത്താറുണ്ടായിരുന്നു. ലോക മുസ്ലിംകളുടെ തീര്‍ഥാടന കേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും ഖുദ്സിലെയും പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥിക്കാന്‍ അനുമതിയുണ്ട്. കൂടാതെ അറബ്, യൂറോപ്പ് രാജ്യങ്ങളിലെ എല്ലാ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് നമസ്കരിക്കാന്‍ പുരുഷന്മാരെപോലെ സൌകര്യം ചെയ്തിരിക്കെ കേരളത്തിലെ ചില സംഘടനകളുടെ പള്ളികളില്‍ മാത്രം സ്ത്രീകള്‍ക്ക് പള്ളി വിലക്കുന്നത് മത വിരുദ്ധമായ നിലപാടാണ്.

മുസ്ലിം സ്ത്രീകള്‍ക്ക് പൌരോഹിത്യം നിഷേധിച്ച പള്ളി പ്രവേശനവും ആരാധന സൌകര്യവും സാമൂഹ്യവും പൊതുതാത്പര്യ വിഷയവുമായി പരിഗണിച്ചുകൊണ്ട് കോടതികള്‍ ഇടപെടണമെന്നും അതിനായി പൊതുസമൂഹവും തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും വെളിച്ചം സംഗമം ആവശ്യപ്പെട്ടു.

സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, അബ്ദുല്‍ അസീസ് സലഫി, വി.എ. മൊയ്തുണ്ണി, പി.വി. അബ്ദുല്‍ വഹാബ്, അബ്ദുറസാഖ് ചെമ്മണൂര്‍, അബ്ദുല്ലത്തീഫ് പേക്കാടന്‍, സഅദ് കടലൂര്‍, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍