കെഫാക് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി
Wednesday, April 13, 2016 4:37 AM IST
കുവൈത്ത്: കാല്‍ പന്തുകളിയിലെ വിസ്മയങ്ങള്‍ പ്രവാസികള്‍ക്കു സമ്മാനിച്ചുകൊണ്ട് എട്ടാഴ്ച നീണ്ടുനില്‍ക്കുന്ന കെഫാക് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി.

കുവൈത്തിലെ വിവിധ ജില്ലാ അസോസിയേഷന്‍ ഭാരവാഹികളുടെയും കലാസാംസ്കാരിക കായിക മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം മിശ്രിഫിലെ കുവൈത്ത് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ളഡ്ലിറ്റ് സ്റേഡിയത്തിലാണു കിക്കോഫ് നിര്‍വഹിച്ചത്.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് കണ്ണൂര്‍ പരാജയപ്പെടുത്തി. ശിവപ്രസാദ്, മിജിത്ത് എന്നിവരാണ് കണ്ണൂരിനുവേണ്ടി ഗോളുകള്‍ നേടിയത്.

രണ്ടാം മത്സരത്തില്‍ ശക്തരായ കോഴിക്കോട് എയും വയനാടും ഓരോഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. വയനാടിനുവേണ്ടി അഭിലാഷും കോഴിക്കോടിനു വേണ്ടി സഹീറും ലക്ഷ്യം കണ്ടു. തുടര്‍ന്നു നടന്ന മത്സരത്തില്‍ വമ്പന്‍ താരനിരയുമായി മത്സരത്തിനിറങ്ങിയ കോഴിക്കോടിനെ ഒരു ഗോളിന് അട്ടിമറിച്ചു എറണാകുളം ജില്ലാ ടീം ആദ്യ ജയം സ്വന്തമാക്കി. വിജയികള്‍ക്കുവേണ്ടി മുന്നേറ്റ താരം അഭിനാണു ഗോള്‍ സ്കോര്‍ ചെയ്തത്.

അവസാന മത്സരത്തില്‍ ശക്തരായ തിരുവനന്തപുരത്തെ പാലക്കാട് സമനിലയില്‍ തളച്ചു. ജിനീഷ് കുട്ടാപ്പുവിലോടെ ഒരു ഗോള്‍ ലീഡ് നേടിയ പാലക്കാടിനെതിരേ രണ്ടാം പകുതിയില്‍ ബെന്‍ നേടിയ ഗോളിലൂടെ തിരുവനന്തപുരം സമനില പിടിക്കുകയായിരുന്നു.

കുവൈത്തിലെ മുഴുവന്‍ ജില്ല അസോസിയേഷനുകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മേളയില്‍ കെഫാകില്‍ അണിനിരന്നിട്ടുള്ള അഞ്ഞൂറില്‍ പരം മലയാളി താരങ്ങള്‍ 12 ജില്ലകള്‍ക്കായി കളിക്കും. എല്ലാ വെള്ളിയാഴ്ചകളിലും നാലു മത്സരങ്ങള്‍ വീതം നടക്കും. കുവൈത്തിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരിക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66619649, 99534500, 99288672.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍