ലുലുവില്‍ സൌദി അഗ്രോ ഫെസ്റ് ആരംഭിച്ചു
Friday, February 5, 2016 7:59 AM IST
റിയാദ്: സൌദി അറേബ്യയില്‍ ഉത്പാദിപ്പിച്ച കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും വില്പനയും 'ഫ്രം ഔര്‍ ലാന്‍ഡ്' എന്ന പേരില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു. മേളയുടെ റിയാദിലെ ഔദ്യോഗിക ഉദ്ഘാടനം സൌദി കാര്‍ഷിക മന്ത്രാലയത്തിലെ ഓര്‍ഗാനിക് വിഭാഗത്തിന്റെ തലവന്‍ ഡോ. ഇബ്രാഹിം എം. അല്‍ ഷഹ്വാന്‍ ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി മൂന്നു മുതല്‍ ഒമ്പതു വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സൌദി അഗ്രോ ഫെസ്റില്‍ ഓര്‍ഗാനിക് ഫാമുകളില്‍നിന്നുള്ള വിവിധയിനം പച്ചക്കറി പഴവര്‍ഗങ്ങളോടൊപ്പം എല്ലായിനം ഉത്പന്നങ്ങളുമുണ്ട്.

അല്‍ ഖര്‍ജ്, അല്‍ ഖസീം, ഹായില്‍, ജിസാന്‍, ഖതീഫ്, അല്‍ ഹസ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണു ലുലുവില്‍ പ്രധാനമായും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും വരുന്നത്. ഓര്‍ഗാനിക് പച്ചക്കറികളും പഴവര്‍ഗങ്ങളും വളരെ വിലക്കുറവില്‍ ലഭ്യമാകുന്നു എന്ന പ്രത്യേകതയും ലുലുവിലെ ഈ സെക്ഷനുണ്ട്. ഫാമുകളില്‍ നിന്നും നേരിട്ട് എടുക്കുന്നതുകൊണ്ട് വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നതായി മാനേജ്മെന്റ് വ്യക്തമാക്കി.

അടുക്കളത്തോട്ടങ്ങളെക്കുറിച്ചും ഓര്‍ഗാനിക് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും സ്വദേശികളും വിദേശികളുമായ കുടുംബങ്ങളെ ബോധവത്കരിക്കുന്നതിനായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഫോക്കസ് സൌദി എന്ന സംഘടനയുമായി ചേര്‍ന്ന് കാമ്പയിനും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. സൌദികള്‍ക്കിടയില്‍ ഹരിത പരിസ്ഥിതി ബോധം വളര്‍ത്തുന്നതിനും സ്വന്തമായി പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനുമുള്ള ശ്രമങ്ങളാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു റീജണല്‍ ഡയറക്ടര്‍ ഷഹീം പറഞ്ഞു.

പത്തു വര്‍ഷം മുമ്പ് പത്തോളം ഓര്‍ഗാനിക് ഫാമുകള്‍ മാത്രമാണു സൌദി അറേബ്യയില്‍ ഉണ്ടായിരുന്നതെന്നും ഇന്നത് 145 ല്‍ എത്തി നില്‍ക്കുന്നതായും ജനങ്ങളുടെ ആരോഗ്യത്തിന് അത്രമേല്‍ പ്രാധാന്യം നല്‍കിയാണ് ഓര്‍ഗാനിക് ഫാമിംഗ് എന്ന ആശയത്തിനു സൌദി സര്‍ക്കാര്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നതെന്നും ഉദ്ഘാടനച്ചടങ്ങിനുശേഷം ഡോ. ഷഹ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദായകരമായ ഒരു കൃഷി എന്നതിലുപരി ആരോഗ്യകരമായ ഒരു തലമുറ എന്നതിനാണ് ഓര്‍ഗാനിക് കൃഷിയില്‍ പ്രാധാന്യം.

ഉദ്ഘാടനചടങ്ങില്‍ ലുലു അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ബഷര്‍ നാസര്‍ അല്‍ ബഷര്‍, പബ്ളിക് റിലേഷന്‍സ് മാനേജര്‍ അബ്ദുള്ള സയാര്‍ അല്‍ അനൈസി, എച്ച്ആര്‍ മാനേജര്‍ യാസര്‍ അല്‍ ഖഹ്താനി, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ മുഹമ്മദ് അല്‍ അനൈസി തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍