മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സണ്‍ഡേ സ്കൂളിന്റെ പ്രസക്തി വലുത്: ഡോ. ഏബ്രഹാം മാര്‍ പൌലോസ്
Saturday, January 30, 2016 10:57 AM IST
അബുദാബി: മൂല്യബോധവും ദൈവാശ്രയവുമുള്ള തലമുറയെ സൃഷ്ടിക്കുന്നതില്‍ മാര്‍ത്തോമ സണ്‍ഡേ സ്കൂള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് മാര്‍ത്തോമ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ പൌലോസ്. യുഎഇ മേഖല മാര്‍ത്തോമ സണ്‍ഡേസ്കൂള്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് അബുദാബി മാര്‍ത്തോമ ദേവാലയത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ത്തോമ സണ്‍ഡേ സ്കൂള്‍ മേഖല പ്രസിഡന്റും അബുദാബി മാര്‍ത്തോമ ഇടവക വികാരിയുമായ റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു. ജൂബിലിയോടനുബന്ധിച്ച് 25 നിര്‍ധനരായ കുട്ടികള്‍ക്ക് പഠന സഹായം നല്‍കും. ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍, ഓഡിയോ സോംഗ് ബുക്ക്, വീഡിയോ ഡോക്യുമെന്ററി എന്നിവ പ്രകാശനം ചെയ്തു. തുടര്‍ന്നു സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

ജനറല്‍ കണ്‍വീനര്‍ ഡോ. ഷിബു വര്‍ഗീസ്, മേഖല സെക്രട്ടറി കോശി മത്തായി, ട്രഷറര്‍ എബി ഏബ്രഹാം, മേഖല ഇന്‍സ്പെട്കടര്‍ എന്‍.എ. ഏബ്രഹാം, അലക്സ് ഏബ്രഹാം, സാം മൈക്കിള്‍, സജി തോമസ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള