'സര്‍ഗോത്സവം 2016' ജനുവരി 28, 29 തീയതികളില്‍
Wednesday, January 27, 2016 8:32 AM IST
കുവൈത്ത്: കുവൈറ്റിലെ കുട്ടികളുടെ ഏറ്റവും വലിയ കലാമേളയായ സര്‍ഗോത്സവ് 2016 ജനുവരി 28, 29 (വ്യാഴം, വെള്ളി) തീയതികളില്‍ ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ അരങ്ങേറും.

കുവൈത്ത് എന്‍ജിനിയേഴ്സ് ഫോറം (കെഇഎഫ്) ലെ നാനൂറിലേറെ കുട്ടികള്‍ 17 ഇനങ്ങളിലായി വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.

കിന്റര്‍ ഗാര്‍ട്ടന്‍, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിലായാണു മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ചിത്രരചന, പ്രബന്ധരചന, കഥാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ 28നു വൈകുന്നേരവും സംഗീതം, വിവിധ നൃത്ത ഇനങ്ങള്‍, ഗ്രൂപ്പ് ഇനങ്ങള്‍ എന്നിവ 29നും അരങ്ങേറും. ഗ്രൂപ്പ് ഇനങ്ങളായ സംഘനൃത്തം, സംഘഗാനം, അലൂംനി ഷോ എന്നീ ഇനങ്ങളില്‍ ഒരു ടീം എന്ന രീതിയിലാണു മത്സരം.

29നു രാവിലെ മത്സരങ്ങളുടെ ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കു സമ്മാനദാനവും നടക്കും. കൂടുതല്‍ പോയിന്റ് നേടുന്ന അലുംനി അസോസിയേഷന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി സമ്മാനിക്കും.

സര്‍ഗോത്സവത്തിന്റെ വിജയത്തിനായി സംഘാടകരായ കോതമംഗലം എം.എ. എന്‍ജിനിയേഴ്സ് കോളജ് അലുംനി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതം സംഘം രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി സെക്രട്ടറി ജോജന്‍ കെ. ജേക്കബും ചെയര്‍മാന്‍ സജി ജോസും അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍