ലിംഗ സമത്വം; പുരോഗമന രാഷ്ട്രീയക്കാരുടെ അരാജകവാദം തിരിച്ചറിയുക
Monday, November 23, 2015 8:55 AM IST
കുവൈത്ത്: കോഴിക്കോട് ഫാറൂഖ് കോളജ് കാമ്പസിലെ ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ പ്രേരിതവും അപലപനീയവുമാണെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

70 വര്‍ഷത്തെ അക്കഡേമിക് പാരമ്പര്യമുള്ള ഒരുയര്‍ന്ന സ്ഥാപനം അക്കഡേമിക പ്രാധാന്യമില്ലാത്ത ഒരു വിഷയത്തിന്മേല്‍ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ദുരുദ്ദേശ്യങ്ങളുണ്ട്. ക്ളാസ് റൂം മാനേജ്മെന്റുമായി ബന്ധപ്പെട്ട് ഒരധ്യാപകന്റെ നിലപാടിനെ ചോദ്യംചെയ്തുകൊണ്ട് ഏതാനും വിദ്യാര്‍ഥികള്‍ നടത്തിയ മാധ്യമ ഇടപെടലുകളും അത് ആഘോഷമാക്കാന്‍ മീഡിയ കാണിക്കുന്ന അത്യുത്സാഹവും മലയെ എലി പ്രസവിച്ചതിനു തുല്യമായിപ്പോയെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

പ്രമുഖ പണ്ഡിതനും മുസ്ലിം നവോത്ഥാന നായകരില്‍ പ്രധാനിയുമായ അബു സ്വബാഹ് മൌലവിയുടെ സ്വപ്നമാണുഫാറൂഖ് കോളജ്. ആത്മീയ ഭൌതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ചുകൊണ്ടുള്ള കലാലയ പശ്ചാത്തലമെന്ന മൌലവിയുടെ ആഗ്രഹ പൂര്‍ത്തീകരണമാണു ഫാറൂഖാബാദിലെ കലാലയങ്ങള്‍.

സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എം.ടി മുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, ട്രഷറര്‍ മുഹമ്മദ് ബേബി, അബൂബക്കര്‍ സിദ്ധീഖ് മദനി, സയിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, യൂനുസ് സലീം, നജീബ് സ്വലാഹി, ഫിറോസ് ചുങ്കത്തറ, ടി.എം. അബ്ദുറഷീദ്, മനാഫ് മാത്തോട്ടം, ഹാരിസ് മങ്കട എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍