ഹാനോവര്‍ ആക്രമണം ആസൂത്രണം ചെയ്ത ആള്‍ ജര്‍മന്‍ പാസ്പോര്‍ട്ടുധാരി
Friday, November 20, 2015 10:21 AM IST
ഹാനോവര്‍: ജര്‍മനിയിലെ ഹാനോവറില്‍ ജര്‍മനിയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തിന്റെ തലവന് ജര്‍മന്‍ പാസ്പോര്‍ട്ട് ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഭീകരരുടെ പദ്ധതി മനസിലാക്കിയ അധികൃതര്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ വിസമ്മതിക്കുന്നത് കടുത്ത വിമര്‍ശനത്തിനു കാരണമാകുന്നതിനിടെയാണ് ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചത്. അഞ്ചംഗം സംഘമാണ് ഹാനോവര്‍ ആക്രമണത്തിനു പദ്ധതി തയാറാക്കിയതെന്നും വ്യക്തമാകുന്നു.

അഞ്ച് ബോംബ് സ്ഫോടനങ്ങളാണ് ഇവര്‍ ഉദ്ദേശിച്ചിരുന്നത്. സ്റേഡിയത്തിനുള്ളില്‍ കടക്കാന്‍ ഓതറൈസേഷനുള്ള മൂന്നു വാഹനങ്ങളില്‍ ബോംബ് വയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നു. കളി കാണാന്‍ ടിക്കറ്റെടുത്ത ഒരാള്‍ ഒരു ബോംബ് ഉള്ളില്‍ കൊണ്ടു പോകാനും മറ്റൊന്ന് ബസ് സ്റോപ്പില്‍ സ്ഥാപിക്കാനുമായിരുന്നു പദ്ധതി.

എന്നാല്‍, മത്സരം തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മാത്രം മുമ്പ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനാല്‍ വന്‍ ദുരന്തത്തില്‍നിന്ന് രാജ്യം രക്ഷപെടുകയായിരുന്നു.

ഇതിനിടെ, പാരീസ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ അബ്ദല്‍ ഹമീദ് അബു ഔദ് ഇടയ്ക്കിടെ ജര്‍മനിയില്‍ തങ്ങുകയും അതുവഴി പതിവായി യാത്ര ചെയ്യുകയും ചെയ്തിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. കൊളോണ്‍-ബോണ്‍ വിമാനത്താവളം വഴി ഇസ്റ്റാംബുളിലേക്കു പോയപ്പോള്‍ ഇയാളുടെ യാത്രാ രേഖകള്‍ ഫെഡറല്‍ പോലീസ് പരിശോധിച്ചിട്ടുണ്ട്. അവിടെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാന്‍ എന്നു പറഞ്ഞായിരുന്നു അന്നത്തെ യാത്ര.

2007ല്‍ കൊളോണില്‍ നിന്ന് ഇയാള്‍ എക്സ്പോര്‍ട്ട് ലൈസന്‍സിനും ശ്രമിച്ചിരുന്നു. വലിയ വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റുകള്‍ കയറ്റുമതി ചെയ്യാനായിരുന്നു ഇത്. ജര്‍മനിയെ കൂടാതെ, ബെല്‍ജിയത്തിലും ഗ്രീസിലും ഇയാള്‍ പതിവായി യാത്ര ചെയ്തിരുന്നു എന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍