റിയാസ് പറളിക്ക് കായികപ്രേമികളുടെ ആദരം
Sunday, November 15, 2015 6:29 AM IST
ദമാം: കായികമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍ നിര്‍ത്തി ദമാമിലെ പ്രമുഖ ഫുട്ബോള്‍ ക്ളബായ ബദര്‍ മക്ക എഫ്സി ഏര്‍പ്പെടുത്തിയ എക്സലന്‍സി അവാര്‍ഡ് പ്രമുഖ ഫുട്ബോള്‍ സംഘാടകന്‍ റിയാസ് പറളിക്കു സമ്മാനിച്ചു.

ദമാമില്‍ നടന്ന ചടങ്ങില്‍ എക്സ്പ്രസ് മണി കണ്‍ട്രി മാനേജര്‍ ആല്‍ബിന്‍ ജോസഫില്‍നിന്നു റിയാസ് പറളി അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുസലാം ഡിഫ ഭാരവാഹികളായ റഫീഖ് കൂട്ടിലങ്ങാടി, മുജീബ് കളത്തില്‍, സമീര്‍ സാം എന്നിവരും അബ്ദുള്‍ ജബാര്‍ കോഴിക്കോട്, ഷെമീര്‍ കൊടിയത്തൂര്‍, സിദ്ദീക് കണ്ണൂര്‍, സമ്മദ് കണ്ണൂര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

15 വര്‍ഷത്തോളമായി ദമാമിലുള്ള റിയാസ് പറളി ദമാം ടൊയോട്ട മേഖലയിലെ കാല്‍പന്ത് പ്രേമികളുടെ കൂട്ടായ്മയായ യംഗ് സ്റാര്‍ ക്ളബിന്റെ ശില്‍പ്പികളിലൊരാളാണ്. സ്വദേശമായ പറളിയിലെ ക്ളവര്‍മാസ് എന്ന ക്ളബിലൂടെയാണ് റിയാസ് കായികമേഖലയില്‍ സജീവമാകുന്നത്. ദമാമിലെ ഫുട്ബോള്‍ ക്ളബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പ്രമുഖ സാരഥികളിലൊരാളായ റിയാസ് ഇപ്പോള്‍ ട്രഷറര്‍ സ്ഥാനമാണു വഹിക്കുന്നത്. ക്ളബുകള്‍ മുഖേന ഡിഫയില്‍ രജിസ്റര്‍ ചെയ്ത കളിക്കാരുടെ മുഴുവന്‍ രേഖകളും വര്‍ഷങ്ങളായി കുറ്റമറ്റ രീതിയില്‍ കൈകാര്യം ചെയ്യുന്ന റിയാസ് നല്ലൊരു കളിക്കാരന്‍ കൂടിയാണ്.

സ്കൂള്‍ പഠന കാലത്ത് പാലക്കാട് ജില്ലാ സബ് ജൂണിയര്‍ ടീമിലേക്കു തെരഞ്ഞെടുത്തെങ്കിലും ചില സര്‍ട്ടിഫിക്കറ്റുകളില്‍ വന്ന പാകപിഴവുകള്‍ അവസരം നഷ്ടപ്പെടുത്തിയതായി റിയാസ് പറയുന്നു. എല്ലാ ദിവസവും ഫുട്ബോളിനുവേണ്ടി സമയം നീക്കിവയ്ക്കുന്ന റിയാസ്, പ്രമുഖ ലോക ഫുട്ബോളര്‍ സൈനുദ്ദീന്‍ സിദാന്റെ കടുത്ത ആരാധകനും ജീവകാരുണ്യ പ്രവര്‍ത്തകനും കൂടിയാണ്.

ഭാര്യ: മെഹ്ജൂബി. ഫിദ, ഫാരിസ് റഹ്ാന്‍ എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം