ജര്‍മന്‍ ഗ്രാമത്തിലെ ഫ്ളാറ്റില്‍ എട്ടു കുട്ടികളുടെ മൃതദേഹം കണ്ടെത്തി
Saturday, November 14, 2015 6:04 AM IST
ബര്‍ലിന്‍: തെക്കന്‍ ജര്‍മനിയിലെ ചെറുഗ്രാമം ആയ വോളന്‍ഫെല്‍സില്‍ എട്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു വീട്ടില്‍നിന്നു തന്നെയാണ് എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തത്.തുണിയില്‍ പൊതിഞ്ഞ ശരീരങ്ങള്‍ പ്ളാസ്റിക് ചാക്കിലാക്കിയ നിലയിലാണ് കാണപ്പെട്ടത്.

മൃതദേഹങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പലതും അഴുകിത്തുടങ്ങിയതിനാല്‍ പരിശോധനാ ഫലം കിട്ടാന്‍ വൈകുമെന്നാണ് പോലീസ് ഭാഷ്യം. ഫ്ളാറ്റിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിയ്ക്കുതിന്റെ വെളിച്ചത്തില്‍ ഫ്ളാറ്റിലെ തൂപ്പുകാരിയാണ് സംഭവം പോലീസില്‍ അറിയിച്ചത്.

കുട്ടികള്‍ എങ്ങനെ മരിച്ചെന്നോ, മൃതദേഹങ്ങള്‍ക്ക് എത്ര നാള്‍ പഴക്കമുണ്ടെന്നോ വ്യക്തമായിട്ടില്ല.ഒരു കുട്ടിയുടെ മൃതദേഹം ഒഴിച്ച് ബാക്കിയെല്ലാം ഒരു മുറിയില്‍ തന്നെയാണ് കാണപ്പെട്ടത്.

ഈ വീട്ടില്‍ പതിനെട്ട് വര്‍ഷമായി താമസിച്ചിരുന്ന അന്ത്രയാ ജി എന്ന നാല്‍പ്പത്തഞ്ചുകാരിയെ ഇപ്പോള്‍ കാണാനില്ലന്നുള്ള വാര്‍ത്ത പരന്നതോടെ പോലീസ് അന്വേഷണം നടത്തി വെള്ളിയാഴ്ച വൈകിട്ടോടെ ഇവരെ പിടികൂടി. കൂടെ സഹായിയെന്നു തോന്നിയ്ക്കുന്ന 55 കാരനെയും ഇവരുടെ കൂട്ടത്തില്‍ അറസ്റു ചെയ്തിട്ടുണ്ട്.. ഇവര്‍ക്കായി പോലീസ് അന്വേഷണം തുടരുന്നു. കുട്ടികള്‍ ഇവരുടേതായിരിക്കാമെന്നാണ് പോലീസിന്റെ സംശയം. 2800 പേരാണ് ഈ ഗ്രാമത്തില്‍ അധിവസിയ്ക്കുന്നത്.

സമാനമായ സംഭവങ്ങള്‍ ജര്‍മനിയില്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടു കുട്ടികളെ കൊന്നു ഫ്രീസറില്‍ ഒളിപ്പിച്ച സംഭവവും, 2005 ല്‍ ഒന്‍പതു ചോരക്കുഞ്ഞുങ്ങളെ കൊന്നു പൂച്ചെട്ടിയില്‍ ഒളിപ്പിച്ച സംഭവവും ജര്‍മനിയെ നടുക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍