കിഴക്കന്‍ പ്രവിശ്യയില്‍ റോഡപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍
Wednesday, November 11, 2015 1:40 PM IST
ദമാം: കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ റോഡപകടങ്ങളുടെ റിപ്പോര്‍ട്ട് പ്രവിശ്യാ ഗവര്‍ണര്‍ സൌദ് ബിന്‍ നായിഫ് രാജകുമാരനു സമര്‍പ്പിച്ചു.

പ്രവിശ്യയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഈ വര്‍ഷം റോഡപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷം 4,165 റോഡപകടങ്ങളാണ് സംഭവിച്ചതെങ്കില്‍ ഇക്കഴിഞ്ഞ വര്‍ഷം 3,983 അപകടങ്ങളാണ് സംഭവിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് റോഡപകടങ്ങളില്‍ 4.4 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 1225 പേര്‍ റോഡപകടത്തില്‍ മരിച്ചു. 5686 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച മരിച്ചവരുടെ എണ്ണത്തില്‍ ഒരു ശതമാനം കുറവുണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കു പറ്റുന്നവരുടെ എണ്ണത്തില്‍ 7.8 ശതമാനവും കുറവുണ്ടായി.

പട്ടണങ്ങള്‍ക്കുള്ളില്‍ സംഭവിച്ച റോഡപകടങ്ങളില്‍ 13 ശതമാനത്തിന്റെ കുറവുണ്ടായി. ഈ അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണത്തില്‍ 18 ശതമാനം കുറവു രേഖപ്പെടുത്തി. മരണങ്ങളില്‍ 18 ശതമാനവും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ പട്ടണങ്ങള്‍ക്കു പുറത്തുണ്ടായ അപകടങ്ങളില്‍ ആറു ശതമാനത്തിന്റെ വര്‍ധനുവുണ്ടായിട്ടുണ്ട്. പട്ടങ്ങള്‍ക്കു പുറത്തുള്ള റോഡപകട മരണങ്ങളില്‍ 1.6 ശത മാനവും ഗുരുതരമായി പരിക്കു സംഭവിക്കുന്നവരുടെ എണ്ണത്തില്‍ 2.7 ശതമാനവും വര്‍ധനവുണ്ടായി. കിഴക്കന്‍ പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ അപകടം അല്‍ ഹസ, ഹഫര്‍ ബാതിന്‍, ദമാം തുടങ്ങിയ സ്ഥലങ്ങളാണ്.

കിഴക്കന്‍ പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കാറുള്ള അബ്ഖൈഖ് റിയാദ് ഹൈവേയില്‍ റോഡപടങ്ങള്‍ കുറച്ചു കൊണ്ടു വരുന്നതിനു റോഡു സുരക്ഷാ വകുപ്പിനു കഴിഞ്ഞു. കിഴക്കന്‍ പ്രവിശിയില്‍ 2,000 കിലോമീറ്ററേളം ഭാഗത്ത് അംനു തുര്‍ക്കിന്റെ നിരീക്ഷണമില്ല. പ്രവിശ്യയുടെ വലുപ്പംമൂലമാണിത്.

റോഡപകടങ്ങള്‍ കുറച്ചു കൊണ്ടു വരുന്നതിനു ശക്തമായ നടപടികളാണ് കിഴക്കന്‍ പ്രവിശ്യാ ട്രാഫിക് വിഭാഗം കൈക്കൊണ്ടതെന്ന് റിപ്പോര്‍ട്ടില്‍ സുചിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം