കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫാമിലി പിക്നിക് ശ്രദ്ധേയമായി. കബദ് ഫാം ഹൌെസില്‍ സംഘടിപ്പിച്ച പിക്നിക്കില്‍ കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പേര് പങ്കെടുത്തു. കമ്പവലി, ഉറിയടി, ചാക്കിലോട്ടം, പോഗോ ഗെയിം, ഹാറ്റ് ചേഞ്ചിംഗ്, ഡാംഷിയാല് ആര്‍ട്ട്, പിക്ക് ആന്‍ഡ് ടോക്ക്, സ്വീറ്റ് ഗാതറിംഗ് തുടങ്ങിയ നിരവധി കലാ-കായിക മത്സരങ്ങള്‍ അരങ്ങേറി. സാജിദ് എ.സി അവതരിപ്പിച്ച മള്‍ട്ടീമീടിയ ക്വിസ് വിജ്ഞാനവും വിനോദവും പകര്‍ന്നു നല്‍കുന്നതായി. മജീഷ്യന്‍ സലിം അവതരിപ്പിച്ച മാജിക് ഷോ ഹൃദ്യമായി. ഹസനുല്‍ ബന്ന, മുഹമ്മദ് സലിം, നൈസാം, ഷാഫി പി.ടി, നിസാര്‍ കെ റഷീദ് എന്നിവര്‍ വിവിധ മത്സരങ്ങള്‍ നിയന്ത്രിച്ചു. അബ്ദുല്‍ ബാസിത്, ഷാഫി എന്‍.കെ, ഹശീബ്, ഷാജഹാന്, ഫഹീം എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്കി. നേരത്തെ യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീഖ് ബാബു പിക്നിക് ഉദ്ഘാടനം ചെയ്തു. മത്സരങ്ങളില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍