മതനിരപേക്ഷ മനസുകളുടെ ശക്തമായ സാന്നിധ്യം കേരളത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കും: പിണറായി വിജയന്‍
Saturday, October 3, 2015 6:10 AM IST
കുവൈത്ത്: ആര്‍എസ്എസ് നേതൃത്വത്തിലുള്ള വര്‍ഗീയത ഭീകരമായി വര്‍ധിക്കുകയാണെങ്കിലും മതനിരപേക്ഷ മനസുകളുടെ ശക്തമായ സാന്നിധ്യം കേരളത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കല കുവൈത്ത് സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമ്പത്തിന്റെയും അധികാരത്തിന്റെയും മോഹന വലയത്തില്‍ വീണുപോകുന്ന സമുദായ നേതൃത്വങ്ങള്‍ മുന്‍കാല രാഷ്ട്രീയ അനുഭവങ്ങള്‍ മറക്കരുത്. ചാതുര്‍വര്‍ണ്യം അടിസ്ഥാനമാക്കിയ സംഘ പരിവാറിനും നാരായണ ദര്‍ശനം പിന്‍പറ്റുന്ന എസ്എന്‍ഡിപിക്കും ഒരുനിലയിലും ഒരുമിക്കുവാന്‍ സാധിക്കുകയില്ലന്നും യഥാര്‍ഥ നാരായണീയര്‍ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിനെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതക്കെതിരെ പോരാടുവാന്‍ എന്നും ഇടതുപക്ഷം മുന്നിലുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും തപാല്‍ സ്റാമ്പുകള്‍ പിന്‍വലിക്കുകയും അയോധ്യ പ്രക്ഷോഭ നേതാക്കളില്‍ പ്രമുഖനായിരുന്ന സ്വാമി അവൈദ്യനാഥിന്റെ സ്മരണക്ക് കേന്ദ്രസര്‍ക്കാര്‍ തപാല്‍ സ്റാമ്പ് ഇറക്കുകയും ചെയ്തപ്പോള്‍ ഒന്ന് എതിര്‍ക്കുവാന്‍ പോലും കോണ്‍ഗ്രസിനു സാധിച്ചില്ല. ഭരണതുടര്‍ച്ച ലക്ഷ്യം വയ്ക്കുന്ന കേരളത്തിലെ ഭരണനേതൃത്വവും അക്കൌണ്ട് തുറക്കുവാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന ആര്‍എസ്എസ് നേതൃത്വവുമായി നടക്കുന്ന അവിശുദ്ധ നാടകങ്ങള്‍ കേരളീയ സമൂഹത്തില്‍ വിലപോവില്ലന്നും വടകരയിലേയും ബേപ്പൂരിലേയും കോലിബി സഖ്യത്തിനു മതനിരപേക്ഷ വോട്ടുകള്‍ നല്‍കിയ മറുപടി മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അച്ഛാ ദിനുമായി കേന്ദ്രത്തില്‍ വന്ന സര്‍ക്കാര്‍ ജനങ്ങളുടെ സ്വത്തിനും സമ്പത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനുപകരം ആര്‍എസ്എസിന്റെ അജണ്ടകള്‍ക്ക് അരു നില്‍ക്കുകയാണ്. രാജ്യത്തെ ന്യൂന പക്ഷങ്ങള്‍ ഭീതിയോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. ഗോമാംസം തിന്നുവെന്ന് ആരോപിച്ചുകൊണ്ട് സഘ് പരിവാര്‍ പ്രവര്‍ത്തകര്‍ തന്നെയാണ് യുപിയില്‍ കൊല നടത്തിയത്. ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന നയങ്ങള്‍ക്കൊപ്പം ഭിന്നിപ്പിലൂടെ എതിര്‍പ്പുകള്‍ ഇല്ലാതാക്കാനാണ് ആര്‍എസ്എസും മോദി സര്‍ക്കാറും ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

കല കുവൈത്ത് പ്രസിഡന്റ്് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. മനോജ് ഉദയപുരം, സത്താര്‍ കുന്നില്‍, ജോണ്‍ മാത്യു, ശുഭ ഷൈന്‍, എന്‍. അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: പി.പി. സലിം