ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഫിലിപ്പിനോ ഫുഡ് ഫെസ്റ്റിവല്‍ ആരംഭിച്ചു
Friday, October 2, 2015 5:00 AM IST
റിയാദ്: സൌദി അറേബ്യയിലെ ഫിലിപ്പൈന്‍സ് എംബസിയുമായി സഹകരിച്ച് ലുലു സൌദി ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയ പത്തു ദിവസത്തെ ഫിലിപ്പിനോ ഭക്ഷ്യമേളയ്ക്ക് വ്യാഴാഴ്ച രാവിലെ പതിനൊന്നിനു തുടക്കമായി. റിയാദിലെ ഭക്ഷ്യമേളയുടെ ഉദ്ഘാടനം ഫിലിപ്പൈന്‍സ് എംബസിയിലെ കോണ്‍സുല്‍ ജനറല്‍ ഇറിക് സി. അറിബാസ് നിര്‍വ്വഹിച്ചു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ ഷഹീം മുഹമ്മദുണ്ണിയുടെ നേതൃത്വത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും ഉദ്യോഗസ്ഥരും റിയാദിലെ ഫിലിപ്പിനോ കമ്യൂണിറ്റിയിലെ പ്രമുഖരും ചടങ്ങിനെത്തി.

ഫിലിപ്പൈന്‍സിലെ വിവിധ പ്രവിശ്യകളില്‍നിന്നു ശേഖരിച്ച ലോകോത്തര ഭക്ഷ്യവിഭവങ്ങളുടെ വിപുലമായ ഒരു പ്രദര്‍ശനവും വില്‍പ്പനയുമാണു ഒക്ടോബര്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ സൌദി അറേബ്യയിലെ വിവിധ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ നടക്കുകയെന്നു ഉദ്ഘാടനച്ചടങ്ങില്‍ റീജീയണല്‍ ഡയറക്ടര്‍ ഷഹീം പറഞ്ഞു. ഫിലിപ്പിനോ ഭക്ഷ്യവിഭവങ്ങളുടെ ഇത്രയും മാനോഹരമായ ഒരു പ്രദര്‍ശനം സ്വന്തം രാജ്യത്തിനു പുറത്ത് ആദ്യമായാണു കാണുന്നതെന്നും സൌദി അറേബ്യയിലെ ജനങ്ങള്‍ക്ക് ഫിലിപ്പിനോ ഭക്ഷ്യവിഭവങ്ങളെ അടുത്തറിയാനും രുചിച്ചറിയാനുമുള്ള അസുലഭ അവസരമാണിതെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. സൌദിയിലെ ഫിലിപ്പിനോ സമൂഹത്തിനു ഏറെ ഫലപ്രദമാകുന്ന ഈ ഭക്ഷ്യമേള സംഘടിപ്പിച്ച ലുലു മാനേജ്മെന്റിനു അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ചടങ്ങില്‍ ലുലു പബ്ളിക് റിലേഷന്‍സ് മാനേജര്‍ അബ്ദുള്ള അല്‍ ഉനൈസി, കൊമേഴ്സ്യല്‍ മാനേജര്‍ ഷഫീഖ് റഹ്മാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

പൈനാപ്പിളും വാഴപ്പഴവും അടക്കമുള്ള പഴവര്‍ഗങ്ങളും ഫിലിപ്പൈന്‍സില്‍നിന്നു വരുന്ന റെഡി ടു ഈറ്റ് ഭക്ഷ്യവിഭവങ്ങളും ഉണക്ക മത്സ്യങ്ങളും കൂടാതെ ലുലു ഫുഡ് കോര്‍ട്ടിലെ പ്രത്യേക പരിശീലനം ലഭിച്ച പാചകക്കാര്‍ തയാറാക്കിയ വിവിധയിനം ഫിലിപ്പിനോ ഭക്ഷണസാധനങ്ങളും ചൂടോടെ മേളയില്‍ വില്‍പ്പനയ്ക്കുണ്ടായിരിക്കും. ഫിലിപ്പിനോ ഭക്ഷ്യവിഭവങ്ങളില്‍ പ്രസിദ്ധമായ കരേ കരേ, അബോഡോ, പിനാക്ബെറ്റ്, ബുലാലോ, സിനിഗാംഗ്, കള്‍ഡ്രേറ്റ തുടങ്ങിയവയും രുചികരമായ മധുരപലഹാരങ്ങളായ പിച്ചി പിച്ചി, പുട്ടോ പാവോ, ബുക്കോ പീ, കസാവാ കേക്ക്, സാപിന്‍ സാപിന്‍, ഗിനാടാംഗ് മായിസ് എന്നിവയെല്ലാം പരമ്പരാഗത രീതിയില്‍ പാകം ചെയ്താണു ലുലുവില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അതോടൊപ്പം പ്രമുഖ ഫിലിപ്പിനോ ഭക്ഷ്യവിഭവ ബ്രാന്‍ഡായ മാമ സിതയുടെ നേതൃത്വത്തില്‍ ലൈവ് കുക്കിംഗ് ഷോയും ഉണ്ടായിരിക്കുമെന്നു മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

മേളയോടനുബന്ധിച്ചു നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ വിജയികളാകുന്ന 20 പേര്‍ക്ക് ഫിലിപ്പൈന്‍സിലേക്കുള്ള റൌണ്ട് ട്രിപ്പ് എയര്‍ ടിക്കറ്റ് സമ്മാനമായി നല്‍കും. കൂടാതെ റിയാദിലെ ഫിലിപ്പൈന്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തില്‍ വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍