നരേന്ദ്രമോദിക്കുള്ളത് പബ്ളിസിറ്റി മാനിയ മാത്രം: കെ.സി. ജോസഫ്
Monday, September 21, 2015 2:28 AM IST
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബാധിച്ചിരിക്കുന്നത് പബ്ളിസിറ്റി മാനിയ മാത്രമാണെന്നും നയങ്ങളും പരിപാടികളും തീരുമാനിക്കുന്നത് ഗാന്ധിജിയുടെ ഘാതകരായ ആര്‍എസ്എസ് ആണെന്നും സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. അബുദാബിയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി) സ്വീകരണ യോഗത്തില്‍ സംസരിക്കുകയാരുന്നു അദ്ദേഹം.

കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടുകയും കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിവ യാഥാര്‍ഥ്യമാവുന്നതോടെ കൂടുതല്‍ വികസന കുതിപ്പുണ്ടാകും. 2020 വരെ കേരളത്തിന്റെ സമഗ്ര വികസനത്തിനു മാസ്റര്‍ പ്ളാന്‍ തയാറാക്കിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളം ഭരിക്കുന്നത്.

ചടങ്ങില്‍ ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ഇടവ സെയ്ഫ് അധ്യക്ഷത വഹിച്ചു. ടി.എ. നാസര്‍, ബി. യേശുശീലന്‍, അഹ്മദ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള