അഭയാര്‍ഥികളില്‍ സിറിയക്കാര്‍ അഞ്ചിലൊന്നു മാത്രം
Saturday, September 19, 2015 8:59 AM IST
ബ്രസല്‍സ്: യൂറോപ്പിലേക്കു പ്രവഹിക്കുന്ന അഭയാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും സിറിയക്കാരാണെന്ന അവകാശവാദം പൊളിയുന്നു. ആകെ അഭയാര്‍ഥികളില്‍ സിറിയയില്‍നിന്നുള്ളവര്‍ അഞ്ചിലൊന്നു മാത്രമെന്നു യൂറോപ്യന്‍ യൂണിയന്റെ കണക്കുകളില്‍ വ്യക്തമാകുന്നു.

യൂറോപ്പിലെത്തിയ 213,000 അഭയാര്‍ഥികളുടെ കണക്കെടുക്കുമ്പോള്‍ അവരില്‍ 44,000 പേര്‍ മാത്രമാണു സിറിയയില്‍നിന്നു വന്നിട്ടുള്ളത്. 27,000 പേര്‍ അഫ്ഗാനിസ്ഥാന്‍കാരാണ്.

ആകെ അഭയാര്‍ഥിത്വ അപേക്ഷകളില്‍ മുപ്പതിലൊന്നു മാത്രമാണു ബ്രിട്ടനു കിട്ടിയിരിക്കുന്നതെന്നും കണക്കുകളില്‍ കാണാം. 20,000 അഭയാര്‍ഥികളെ സ്വീകരിക്കാമെന്നാണു രാജ്യം നല്‍കിയിരിക്കുന്ന ഉറപ്പ്. എന്നാല്‍ താത്കാലികമായി ജര്‍മനി, ഓസ്ട്രിയ, ഹംഗറി, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.

മൂന്നിലൊന്ന് അഭയാര്‍ഥികളെയും സ്വീകരിക്കുന്നതു ജര്‍മനി

യൂറോപ്യന്‍ യൂണിയനിലെത്തുന്ന ആകെ അഭയാര്‍ഥികളില്‍ മൂന്നിലൊന്ന് ആളുകളെയും സ്വീകരിക്കുന്നതു ജര്‍മനിയാണെന്നു കണക്കുകളില്‍ വ്യക്തമാകുന്നു. 2015ന്റെ രണ്ടാം പാദത്തിലെ മാത്രം കണക്കാണിത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 213,000 പേരാണു വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥിത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ 80,900 എണ്ണമാണു ജര്‍മനിയില്‍ കിട്ടിയത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെ 73,120 അപേക്ഷകള്‍ ജര്‍മനിക്കു കിട്ടിയിരുന്നു. തൊട്ടടുത്ത പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പതിനൊന്ന് ശതമാനം വര്‍ധന.

ഇതിനിടെ, അഭയാര്‍ഥിപ്രവാഹം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ സ്വീകരിച്ചു തുടങ്ങി. യൂറോപ്പില്‍ ആദ്യം പ്രവേശിച്ച രാജ്യത്തേക്ക് അഭയാര്‍ഥികളെ തിരിച്ചയയ്ക്കുകയാണ് ഇതിലൊന്ന്. ഇവര്‍ക്കു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്താനും ആലോചിക്കുന്നു. ഇതിനായി നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍