യൂത്ത് ഇന്ത്യ സിമ്പോസിയം: പൌരവാകാശ ലംഘനങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടണം
Monday, August 3, 2015 7:32 AM IST
അബാസിയ: ഇന്ത്യയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പൌരാവകാശ ലംഘനങ്ങള്‍ക്കെതിരേയും മൌലികാവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കണമെന്നു 'പൌരാവകാശവും ജനാതിപത്യവും' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച സിമ്പോസിയം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ദളിത്, ആദിവാസി, ന്യൂനപക്ഷങ്ങളുടെ പൌരാവകാശങ്ങള്‍ നിരന്തരമായി ഹനിക്കപ്പെടുകയാണെന്നും അവകാശ ലംഘനങ്ങള്‍ക്കെതിരെ ജനകീയസമരം നയിക്കുന്ന ആക്ടിവിസ്റുകളെ കള്ളക്കേസില്‍ കുടുക്കി ഭീകര പ്രവര്‍ത്തമകരായി ചിത്രീകരിക്കാനുമുള്ള ശ്രമമാണു ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും സിമ്പോസിയത്തില്‍ വിഷയമവതരിപ്പിച്ചു സംസാരിച്ച യൂത്ത് ഇന്ത്യ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഹസനുല്‍ ബന്ന ചൂണ്ടിക്കാട്ടി. മുതിര്‍ന്ന സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മനുഷ്യസ്നേഹികളുടെ ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ചും യാഖൂബ് മേമന്റെ വധശിക്ഷ ധൃതി പിടിച്ചു നടപ്പാക്കിയത് ഇന്ത്യയില്‍ ഇരട്ടനീതി ആവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണെന്നും ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ രാജ്യത്തിനു ആപത്താണെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച യൂത്ത് ഇന്ത്യ കുവൈറ്റ് പ്രസിഡന്റ് റഫീഖ് ബാബു പറഞ്ഞു.

ഫാസിസ്റ് ശക്തികള്‍ അവരുടെ അജന്‍ഡകള്‍ ക്രമേണ നടപ്പിലാക്കുന്നതിന്റെ സൂചനയാണു ശിരോവസ്ത്രം പോലെയുള്ള വിശ്വാസകാര്യങ്ങളില്‍ അവര്‍ ഇടപെടുന്നതെന്നും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ വൈവിധ്യം നിലനിര്‍ത്തുന്നതിനും നിരന്തരമായി ശബ്ദിച്ചുകൊണ്േടയിരിക്കണമെന്നും സുജിരിയ മീത്തല്‍ അഭിപ്രായപ്പെട്ടു.

ജാതിമത ചിന്തകള്‍ക്കതീതമായി മാനവിക മൂല്യങ്ങള്‍ക്കുവേണ്ടി ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിലകൊണ്ടാല്‍ രാജ്യത്ത് സമാധാനം സാധ്യമാകൂ എന്നു ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച തോമസ് മാത്യു കടവില്‍ സൂചിപ്പിച്ചു.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതും നമ്മുടെ പാരമ്പര്യവും മത സമന്വയത്തിന്റേതാണെന്നും മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കൃഷ്ണന്‍ കടലുണ്ടി ചൂണ്ടികാട്ടി.

മത ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന പൌരാവകാശ ലംഘനങ്ങള്‍ ഇന്ത്യയുടെ ഭരണഘടനാ ലംഘനമാണെന്ന് സത്താര്‍ കുന്നില്‍ സൂചിപ്പിച്ചു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സക്കീര്‍ ഹുസൈന്‍ തുവൂര്‍ മോഡറേറ്റര്‍ ആയിരുന്നു. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി പി.ടി. ഷാഫി പരിപാടികള്‍ നിയന്ത്രിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നൈസാം സ്വാഗതം പറഞ്ഞു. മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. യൂത്ത് ഇന്ത്യ സെക്രട്ടറി ബാസിത് പാലാറ അനുശോചന സന്ദേശം വായിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍