തിരുവനന്തപുരം: നിലവിളക്ക് തെളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഫോമ കണ്‍വന്‍ഷനിലെ നിലവിളക്ക് കൊളുത്തല്‍ വ്യത്യസ്തമായി. പൊതു സമ്മേളനവേദിയിലെ വലിയ തട്ടുവിളക്കിലേക്ക് സംസ്ഥാനത്തെ മൂന്നു ദേശീയ പാര്‍ട്ടികളിടെ ഉന്നത നേതാക്കളാണ് ദീപം പകര്‍ന്നത്. ഫോമയ്ക്ക് രാഷ്ട്രീയ, മത, പ്രത്യയശാസ്ത്ര വ്യത്യാസമില്ലെന്നു തെളിയിക്കുന്നതായിരുന്നു പൊതുസമ്മേളന ഉദ്ഘാടനം. കോണ്‍ഗ്രസ് നേതാവും രാജ്യസഭ ഉപാധ്യക്ഷനുമായ പ്രഫ. പി.ജെ. കുര്യന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു തെളിച്ചാണു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്.
അമേരിക്കയിലെ പ്രവാസിമലയാളികള്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ഇറക്കണമെന്നു പി.ജെ. കുര്യന് ആവശ്യപ്പെട്ടു. നിക്ഷേപം ഇറക്കുന്നതില്‍ ഗള്‍ഫ് മലയാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലുള്ളവര്‍ പിന്നിലാണ്. ഇതു മാറണം. ഫോമ കണ്‍വെന്‍ഷന്റെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുര്യന്. ശാശ്വത മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭാരതീയ സംസ്കാരം ലോകത്തെവിടെ ചെന്നാലും കൈവിടുന്നില്ല എന്നതാണു പ്രവാസികളുടെ ഏറ്റവും വലിയ സവിശേഷത. ആധ്യാത്മിക മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്കാരമായതിനാല്‍ അതൊരിക്കലും തകര്‍ന്നുപോകില്ല. അതു നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ പ്രവാസികള്‍ക്കു കഴിയുന്നുണ്ട്. ഭാവിയിലും കഴിയണം. കുര്യന് പറഞ്ഞു.
എല്ലാ പോലീസ് സ്റേഷനിലും തദ്ദേശസ്ഥാപനങ്ങളിലും എന്‍ആര്‍ഐ സെല്‍ ആരംഭിക്കേണ്ട കാലം അതിക്രമിച്ചതായി കോടിയേരി പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള പാലമാണ് ഫോമ. കേരളത്തിന്റെ വികസനത്തിനു ഫോമയുടെ പങ്ക് വലുതാണ്. അമേരിക്കന്‍ മലയാളികളുടെ പ്രതീക്ഷക്കനുസരിച്ചു ഉയരാന്‍ കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കണം. പ്രവാസി വോട്ടവകാശം കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം- കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പ്രവാസി ഭാരതീയ ദിവസില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്രപ്രവാസികാര്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അറിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ആഘോഷം എന്നതിനപ്പുറം പ്രവാസികളുടെ പ്രശ്നപരിഹാര സാധ്യത തേടുകയാണ് ഇനി ചെയ്യുക. കേരളം കേരളമായിത്തന്നെ നിലനിര്‍ത്തണം. അത് ഉറപ്പു വരുത്തേണ്ടത് പ്രവാസികളുടെകൂടി ബാധ്യതയാണ്. ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു
ഫോമയുടെ മുന്‍ പ്രസിഡഡും സ്ഥാപക നേതാവുമായ ശശിധരന് നായര്‍, പി വിജയന്, നടന് മധു, സംവിധായകന് ബ്ളസി, നടന് നരേന്, റോയി ജോയ് മാത്യു, പോള്‍ കൊട്ടംചേരില് എന്നിവരെ ഫോമ ആദരിച്ചു. പ്രഫ. പി.ജെ. കുര്യന് പൊന്നാടയണിയിച്ചു. ഫോമ പ്രസിഡന്റ് ആനന്ദന് നിരമേല്‍ അധ്യക്ഷത വഹിച്ചു.
സാംസ്കാരിക സമ്മേളനത്തില്‍ എം.ജി. ശ്രീകുമാര്‍, ജോണ്‍ ബ്രിട്ടാസ്, രാജു ഏബ്രഹാം എംഎല്‍എ, ഏബ്രഹാം മാത്യു, ചെറിയാന് ഫിലിപ്പ്, നടന് കൃഷ്ണപ്രസാദ് എന്നിവര്‍ പങ്കെടുത്തു. പ്രമുഖ ഗസല്‍ ഗായകനായ രഘുറാം കൃഷ്ണന്റെ ഗസല്‍ സന്ധ്യയോടെയാണ് കണ്വന്ഷന് തിരശീലവീണത്.