റിയാദ് നവോദയ പ്രസിഡന്റ് രതീശനു യാത്രയപ്പ് ജൂലൈ 31ന്
Thursday, July 30, 2015 5:41 AM IST
റിയാദ്: പ്രവാസജീവിതത്തിന് വിരാമമിട്ട് ശനിയാഴ്ച നാട്ടിലേക്കു മടങ്ങുന്ന നവോദയയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്ന രതീശന്‍ തച്ചാറമ്പത്തി(63) നെ യാത്രയപ്പു നല്‍കുന്നു. ജൂലൈ 31നു(വെള്ളി) വൈകുന്നേരം ഷിഫ അല്‍ ജസീറ ഹാളിലാണു യാത്രയപ്പു സമ്മേളനം.

നവോദയ ഏറ്റെടുത്ത് വിജയപ്പിച്ച ഒട്ടനവധി കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് രതീശന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സംഘടനയുടെ നേതൃത്വത്തില്‍ സഫാ-മക്ക പോളിക്ളിനിക്കിന്റെ സഹകരണത്തോടെ നടന്നുവരുന്ന ആര്‍ട്സ്-അക്കാദമി ഉള്‍പ്പെടെ നിരവധി സംഘടന സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ രതീശന്‍ നവോദയയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കാണു വഹിച്ചിട്ടുള്ളത്. എ.എം. ആരിഫ് എംഎല്‍എ പങ്കെടുത്ത നവോദയയുടെ മൂന്നാം സമ്മേളനമാണു രതീശനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

ട്രാഫിക് സിഗ്നലുകളില്‍ സഹീര്‍ കാമറകള്‍ സ്ഥാപിക്കുന്നതിനും ഓപ്പറേറ്റിംഗ് ചെയ്യുന്നതിനുമുള്ള കണ്‍സള്‍ട്ടിംഗ് കമ്പനിയായി നിലവില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയായ സിറോക്സില്‍ (തലൃീഃ) പ്രോജക്ട് കണ്‍ട്രോള്‍ മാനേജരായി പ്രവര്‍ത്തിച്ചുവരുകയാണ്. ഇലക്ട്രോണികസ് എന്‍ജിനിയറിംഗ് ബിരുദദാരിയായ രതീശന്‍ 2006 ലാണ് ഒരു കംപ്യൂട്ടര്‍ കമ്പനിയില്‍ ജോലിക്കെത്തുന്നത്. തുടര്‍ന്ന് 2008ലാണ് അമേരിക്കന്‍ കമ്പനിയിലേക്കു മാറുന്നത്. ഇനി നാട്ടില്‍ സ്ഥിരതമാസമാക്കണമെന്നും ആയുര്‍വേദ നിര്‍മാണവും വിതരണവും ലക്ഷ്യമിട്ട് സ്വന്തം ഇഷ്ടപ്രകാരമാണു നാട്ടിലേക്കു മടങ്ങുന്നതെന്നും രതീശന്‍ പറഞ്ഞു.

കോഴിക്കോട് മൂടാടി സ്വദേശിയാണു രതീശന്‍. ഭാര്യ: ബീന. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയായ ജീനിയ, പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ അനന്യ എന്നിവരാണു മക്കള്‍.