'കലാമിന്റെ സ്വപ്നങ്ങള്‍ക്കു കാവലാളാകുകയാണ് ഓരോ ഭാരതീയന്റെയും ബാധ്യത'
Wednesday, July 29, 2015 8:20 AM IST
ജിദ്ദ: ഓരോ ഭാരതീയനെയും ആത്മാഭിമാനത്തിന്റെ സ്വപ്നം കാണാന്‍ പഠിപ്പിച്ച എ.പി.ജെ. അബ്ദുള്‍ കലാമിനു മലയാളി ജിദ്ദ യാത്രാമൊഴി എന്ന പരിപാടി സംഘടിപ്പിച്ചു. അബ്ദുല്‍ കലാം ജീവിതകാലത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്ന വിദ്യാര്‍ഥിസമൂഹത്തില്‍നിന്നും ഒരു പ്രതിനിധിയെ ചടങ്ങിന്റെ ഉദ്ഘാടനത്തിനു കണ്െടത്തിയതും മലയാളി ജിദ്ദയുടെ പരിപാടി ഏറെ ശ്രദ്ധ നേടി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ജിദ്ദയിലെ പത്താം ക്ളാസ് വിദ്യാര്‍ഥി ആഷിക് ഹൈദര്‍ ആണു പരിപാടി ഉദ്ഘാടനം ചെയ്തത്.

അബ്ദുള്‍ കലാം നമ്മളെ സ്വപ്നം കാണാന്‍ മാത്രമല്ല ആ സ്വപ്നം പ്രായോഗിക ജീവിതത്തില്‍ കൊണ്ടുവരാനും കൂടി പരിശീലിപ്പിച്ച മഹാനാണെന്നും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ഇനി കരുപിടിപ്പിക്കുകയാണ് നമ്മുടെയൊക്കെ ബാധ്യതയെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ആഷിക് പറഞ്ഞു. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ഏറ്റെടുക്കുന്നതോടെ നമ്മുടെ രാജ്യം 2020 ഓടെ വികസിത രാജ്യങ്ങളുടെ മുന്‍പന്തിയിലേക്കു മുന്നേറുമെന്നും ആഷിക് കൂട്ടിച്ചേര്‍ത്തു.

ഏതൊരു സാധാരക്കാരനും പ്രാപ്യമായ തലത്തിലേക്ക് ഇറങ്ങിവന്ന രാഷ്ട്രപതിയും വലിയ നേതാവുമായിരുന്നു കലാം എന്ന് അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു. നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോഴും ആരുടെ മുന്നിലും വിധേയത്വം കാണിക്കാതെ ധീരമായി മുന്നോട്ടു പോയ വ്യക്തിത്വമായിരുന്നുവെന്നു അബ്ദുള്‍ കലാമിന്റേതെന്നു വി.കെ. റഹൂഫ് അഭിപ്രായപ്പെട്ടു.

ജീവിതത്തിലെന്ന പോലെ മരണത്തില്‍ പോലും സമൂഹത്തിനു സന്ദേശങ്ങള്‍ നല്‍കിയ വ്യക്തിത്വത്തിനു ഉടമയായ അദ്ദേഹം സമൂഹത്തില്‍ നില നിന്നിരുന്ന അനാവശ്യ പ്രോട്ടോകോള്‍ ഉടച്ചുവാര്‍ത്ത വ്യക്തി കൂടിയായിരുന്നുവെന്നു വി.എം. ഇബ്രാഹിം പറഞ്ഞു.

ഭാരതീയ സംസ്കൃതിയും പാരമ്പര്യവും സഞ്ചിതമായി ആര്‍ജിച്ചെടുത്ത് സനാതന മൂല്യങ്ങള്‍ സമൂഹത്തിനു സമ്മാനിച്ച സന്യാസിവര്യനായിരുന്നു അബ്ദുള്‍ കലാം എന്നു ഗോപി നടുങ്ങാടി പറഞ്ഞു.

പരാജയങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും വിജയങ്ങളുടെ പൊന്‍ തൂവലുകള്‍ തന്റെ അനുയായികള്‍ക്കു നല്‍കുകയും ചെയ്യുന്ന നേതാക്കളാവാന്‍ നമുക്ക് സാധ്യമാകണം എന്ന സന്ദേശമാണ് കലാമിന്റെ മാനേജ്മെന്റ് ലെസന്‍ എന്ന ജീവിത അനുഭവം വിശദീകരിച്ച് ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു.

നസീര്‍ ബാവക്കുഞ്ഞ്, കലാമിന്റെ മഹല്‍ വചനങ്ങള്‍ അവതരിപ്പിച്ചു. അരുവി മോങ്ങം 'സ്വപ്ന ചിറക്' എന്ന കലാം അനുസ്മരണ കവിത ആലപിച്ചു. ഷറഫുദ്ദീന്‍ കായംകുളം, മജീദ് നഹ, എ.പി. കുഞ്ഞാലി ഹാജി, എ.എം. അബ്ദുള്ള കുട്ടി, ഹക്കീം പാറക്കല്‍, ജാഫറലി പാലക്കോട്, ലത്തീഫ് നെല്ലിചോട്, അബ്ദുള്ള മുക്കണ്ണി, അനസ് പരപ്പില്‍, അഡ്വ. ഷംസുദ്ദീന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. മലയാളി ജിദ്ദയുടെ സംഘാടകന്‍ ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും സി.എം. അഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍